ഫെയ്‌സ്ബുക്കിനും വാട്‌സ്ആപ്പിനും വിലക്ക്?
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയില്‍ നിന്ന് കംപ്ലയിന്‍സ് ഓഫീസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശം.
സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പൂട്ടുവീഴുമെന്ന് റിപ്പോര്‍ട്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിന് കേന്ദ്രം അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച ആശങ്ക ഉയരുന്നത്.
ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളൊന്നും കേന്ദ്രത്തിന്റെ മാനദണ്ഡം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ട്വിറ്ററിന്റെ ഇന്ത്യന്‍ വകഭേദമായ ക്ലൂ മാത്രമാണ് നിലവില്‍ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുള്ള ഏക ആപ്ലിക്കേഷന്‍.
പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് ഫെയ്‌സ്ബുക്ക് പ്രതികരിച്ചു. തങ്ങളുടെ ഉപയോക്താക്കളുടെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പ് ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്നും കമ്പനി ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയില്‍ നിന്ന് കംപ്ലയിന്‍സ് ഓഫീസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശം. ഈ ഉദ്യോഗസ്ഥന്‍മാര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുന്നതിനും വേണ്ടിവന്നാല്‍ നീക്കം ചെയ്യുന്നതിനും അധികാരം നല്‍കിയിരുന്നു.