മഹിളാമോർച്ച നേതാവിന്റെ മരണത്തിൽ ദുരൂഹത; ആത്മഹത്യാക്കുറിപ്പിൽ ബിജെപി നേതാവിന്റെ പേര്, പരാതിയുമായി വീട്ടുകാർ
പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്ത അഞ്ച് പേജുളള ആത്മഹത്യാക്കുറിപ്പിലാണ് ബി.ജെ.പി നേതാവിനെതിരെയുളള ആരോപണങ്ങൾ ശരണ്യ അക്കമിട്ട് നിരത്തുന്നത്.
പാലക്കാട്ടെ മഹിളാ മോർച്ച നേതാവ് ശരണ്യയുടെ മരണത്തിൽ ദുരൂഹത. ബി.ജെ.പിയുടെ പ്രാദേശിക നേതാവാണ് മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ബി.ജെ.പി ബൂത്ത് പ്രസിഡൻറ് പ്രജീവിന്റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ആത്മഹത്യയ്ക്ക് പിന്നിൽ പ്രജീവാണെന്നും ബി.ജെ.പി നേതൃത്വത്തിന് പരാതി നൽകിയെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ കുടുംബം പറഞ്ഞു.
മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യയെ ഞായറാഴ്ച വൈകിട്ടാണ് വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്ത അഞ്ച് പേജുളള ആത്മഹത്യാക്കുറിപ്പിലാണ് ബി.ജെ.പി നേതാവിനെതിരെയുളള ആരോപണങ്ങൾ ശരണ്യ അക്കമിട്ട് നിരത്തുന്നത്. ഒരു നോട്ട് പുസ്തകത്തിൽ എഴുതിയ കുറിപ്പിൽ തന്നെ കൗൺസിലറാക്കാം എന്ന് പറഞ്ഞ് പ്രജീവ് വഞ്ചിച്ചുവെന്നും ചില ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി എന്നുമുണ്ട്. കൂടാതെ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ശരണ്യ പ്രജീവിനെ വിളിച്ചിരുന്നു എന്നുമാണ് വിവരം. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.