ഒന്നു ശ്രദ്ധിക്കൂ..മിശ്രവിവാഹം ഇവിടെ പാപമാണ്
വിവാഹം കഴിക്കുന്നതിന് മാത്രമല്ല, ജീവിക്കുന്നതിനും മതം ആവശ്യമാണെന്ന് പിന്നീടങ്ങോട്ട് സമൂഹം അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും.
ജാതിക്കും മതത്തിനും പൊന്നിനെക്കാള്‍ വിലയിടുന്ന മറ്റൊരു കമ്പോളം കൂടിയുണ്ട് നമ്മുടെ നാട്ടില്‍ വിവാഹ മാര്‍ക്കറ്റ്. പൊന്നിന്റെ തൂക്കത്തിനൊപ്പം ജാതിയുടെ മേന്‍മയും അളന്നു നോക്കുന്നവരുടെ നാട്ടില്‍ സമൂഹം അയിത്തം കല്‍പിക്കുന്ന ഒന്നാണ് മിശ്രവിവാഹവും മിശ്രവിവാഹിതരും. മിശ്രവിവാഹം കഴിച്ചതിന് അര ലക്ഷം രൂപ പിഴയടക്കണമെന്ന് ദമ്പതികളോട് നാട്ടുകൂട്ടം ആവശ്യപ്പെട്ടത് അങ്ങ് ഉത്തരേന്ത്യന്‍ സംസ്ഥാനമായ ബീഹാറിലായിരുന്നു. അന്യജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ ചൊല്ലി ബന്ധുക്കളുടെയും അയല്‍ക്കാരുടെയും ശല്യം സഹിക്കാനാകാതെ യുവതിയും കുഞ്ഞുങ്ങളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് ഇങ്ങ് മൂന്നാറിലും. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍. നമ്മുടെ രാജ്യത്ത് ആര്‍ക്കും വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്നില്ല. പ്രത്യേക വിവാഹ നിയമം(സ്പെഷ്യല്‍ മാര്യേജ് ആക്ട്) നിലവിലുള്ള രാജ്യമാണ് ഇന്ത്യ. എല്ലാ മത നിയമങ്ങളേക്കാളും മുകളിലാണ് വിവാഹക്കാര്യത്തില്‍ ഇന്ത്യയില്‍ പ്രത്യേക വിവാഹ നിയമത്തിന്റെ സ്ഥാനം. എന്നിട്ടും മിശ്രവിവാഹങ്ങളെ പൊറുക്കാനാവാത്ത തെറ്റായി സമൂഹം കാണുന്നു.
ലിവിംഗ് ടുഗെദര്‍ പോലുള്ള പാശ്ചാത്യ സമ്പ്രദായങ്ങള്‍ക്ക് നാം പച്ചക്കൊടി കാട്ടുമ്പോഴും മതവും ജാതിയും വിട്ടുള്ള ഒരു കളിക്കും പുരോഗമനവാദിയായ മലയാളി തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കുകയാണ് ഈയിടെ കോഴിക്കോട് എംഇഎസ് വിമന്‍സ് കോളേജില്‍ നടന്ന സംഭവം. മാതാപിതാക്കളുടെ സമ്മതമില്ലാതെ മിശ്രവിവാഹം കഴിച്ച വിദ്യാര്‍ഥിനിക്ക് കോളേജില്‍ വിലക്കേര്‍പ്പെടുത്തിയത് കേരളം കുറച്ചു കൌതുകത്തോടെയാണ് കണ്ടത്. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ നീരജക്കാണ് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ പഠനം പോലും പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നത്. ഹിന്ദു സമുദായത്തില്‍ പെട്ട നീരജ കൊയിലാണ്ടി സ്വദേശിയും മുസ്ലിമുമായ മുഹമ്മദ് റമീസിനെയാണ് വിവാഹം കഴിച്ചത്.
വിവാഹശേഷം ഇരുവരും കോളേജിലെത്തിയപ്പോഴാണ് നീരജയെ കോളേജില്‍ നിന്നും പുറത്താക്കിയ വിവരം വൈസ് പ്രിന്‍സിപ്പാള്‍ അറിയിച്ചത്. കോളേജില്‍ നിന്ന് പുറത്താക്കിയെങ്കില്‍ അക്കാര്യം എഴുതി തരണമെന്ന് റമീസും നീരജയും ആവശ്യപ്പെട്ടെങ്കിലും അത്തരം ഒരു കീഴ്വഴക്കം കോളേജിനില്ലെന്ന് വൈസ് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് സര്‍വ്വകലാശാലയില്‍ പോയി വാങ്ങിക്കോളൂ എന്നായിരുന്നു വൈസ് പ്രിന്‍സിപ്പാളുടെ മറുപടി. കോളേജ് പ്രിന്‍സിപ്പലായ സീതാലക്ഷ്മിയോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോളേജ് അധികൃതര്‍ വിസമ്മതിച്ചു.
ഒരു വിദ്യാര്‍ഥിനിയുടെ തികച്ചും വ്യക്തിപരമായ കാര്യത്തില്‍ ഇടപെട്ട് അത് ഏറ്റവും വലിയ ക്രിമിനല്‍ കുറ്റകൃത്യമായി കണ്ട് അവളുടെ വിദ്യാഭ്യാസം നിഷേധിക്കാന്‍ കോളേജിന് എന്താണ് അവകാശം. ജാതിക്കും മതത്തിനുമെതിരെ ശബ്ദമുയര്‍ത്തണമെന്ന് ഉദ്ഘോഷിക്കുന്ന കലാലയങ്ങള്‍ തന്നെയാണ് അതിന്റെ പേരില്‍ വേര്‍തിരിക്കുന്നതും വിദ്യ നിഷേധിക്കുന്നതും. വിവാഹത്തോടെ പഠനം നിര്‍ത്തി അടുക്കളയുടെ നാല് ചുവരുകളില്‍ ഒതുങ്ങിപ്പോകുന്ന എത്രയോ പെണ്‍കുട്ടികളുണ്ട്. ഇവിടെ അവള്‍ വീണ്ടും പഠിക്കാനായി വന്നു. അവള്‍ ചെയ്തതിലെ തെറ്റോ ശരിയോ കീറിമുറിച്ച് വിലയിരുത്തേണ്ട ആവശ്യം നമുക്കും കോളേജ് അധികൃതര്‍ക്കുമില്ല. കലാലയത്തിന്റെ നടത്തിപ്പിനോ യശ്ശസിനോ കോട്ടം തട്ടുന്ന എന്തെങ്കിലും പ്രവര്‍ത്തി അവളുടെ ഭാഗത്തുണ്ടായാല്‍ മാത്രം വിമര്‍ശിക്കാനും നടപടിയെടുക്കാനുമുള്ള അധികാരമുള്ളൂ കോളേജ് മാനേജ്മെന്റിന്. ഇവിടെ അവളുടെ വിവാഹമായിരുന്നില്ല പ്രശ്നം, ജാതിയുടെ പൊള്ളത്തരങ്ങളെ വെല്ലുവിളിച്ചു കൊണ്ട് മിശ്രവിവാഹം കഴിച്ചതായിരുന്നു പ്രശ്നം.
മിശ്രവിവാഹം കേരളത്തെ സംബന്ധിച്ച് ഒരു പുതുമയുള്ള കാര്യമല്ല. പ്രണയ വിവാഹങ്ങളില്‍ ഭൂരിഭാഗവും മിശ്രവിവാഹങ്ങളാണ്. ചിലത് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ മറ്റ് ചിലത് കൂട്ടുകാരുടെ സഹായത്തോടെയും. ഈ രണ്ടു കാര്യങ്ങളിലും പലപ്പോഴും പൊതുവായ സംഭവിക്കുന്ന ഒരു കാര്യമുണ്ട്, മതംമാറ്റം. അത് പലപ്പോഴും പിന്നീടുളള അവരുടെ ജീവിതത്തില്‍ ഒരു അനിവാര്യതയായി മാറുന്നു. പ്രണയത്തെക്കുറിച്ച് വീട്ടില്‍ അവതരിപ്പിച്ചാല്‍ ആദ്യം വരുന്ന ചോദ്യം അവന്‍ അല്ലെങ്കില്‍ അവള്‍ മതം മാറുമോ എന്നായിരിക്കും. ഇനി അഥവാ മാറിയില്ലെങ്കില്‍ ആ വിവാഹം എപ്പോഴും രജിസ്ട്രര്‍ ഓഫീസിന്റെ ചുവരുകള്‍ക്കുള്ളില്‍ വച്ചായിരിക്കും. വിവാഹം കഴിക്കുന്നതിന് മാത്രമല്ല, ജീവിക്കുന്നതിനും മതം ആവശ്യമാണെന്ന് പിന്നീടങ്ങോട്ട് സമൂഹം അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും.
മിശ്രവിവാഹിതരായ രണ്ട് സുഹൃത്തുക്കള്‍ വിവാഹ ശേഷമാണ് അത് ഇരുവരുടെയും വീട്ടില്‍ അറിയുന്നത്. ക്രിസ്ത്യാനി പയ്യനും മുസ്ലീം പെണ്‍കുട്ടിയും. വീട്ടില്‍ അറിഞ്ഞപ്പോള്‍ സിനിമയിലെയും സീരിയലിലെയും ക്ലീഷേ രംഗങ്ങള്‍ ആവര്‍ത്തിച്ചു. ഒടുവില്‍ മതംമാറുകയാണെങ്കില്‍ വീട്ടിലേക്ക് വന്നുകൊള്ളൂ എന്ന് ഇരുവീട്ടുകാരും. ആരുടെ മതത്തിലേക്ക് മാറും, ആരെ പിണക്കും. എന്നാല്‍ പിന്നെ മതം മാറണ്ട, നമുക്ക് ഇങ്ങിനെ തന്നെ ജീവിക്കാം. നമുക്ക് നന്നായി ജീവിച്ചു കാണിച്ചുകൊടുക്കാം എന്ന് തീരുമാനത്തിലെത്തി ഇപ്പോള്‍ അവര്‍ സ്വസ്ഥമായി ജീവിക്കുന്നു . പക്ഷേ ഇങ്ങിനെ തീരുമാനമെടുക്കുന്നവര്‍ എത്രപേരുണ്ടാകും. മിശ്രവിവാഹിതരായ പലരും പറയുന്നത് ഏതായാലും വീട്ടുകാരെ വിഷമിച്ചു,ഇക്കാര്യത്തിലെങ്കിലും അവരുടെ ഇഷ്ടം നോക്കണ്ടേ അതുകൊണ്ട് അവളെ ഞങ്ങളുടെ മതത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. (എല്ലായ്പ്പോഴും ഇതിന് ഇരയാകുന്നത് പെണ്‍കുട്ടികള്‍ ആയിരിക്കും).
അവന്‍ മറ്റേ സംവരണക്കാരനാ എന്നു പറയുന്ന അതേ പുച്ഛത്തോടെയാണ് അവന്റെ അച്ഛന്‍ ക്രിസ്ത്യനും അമ്മ ഹിന്ദുവും ആണെന്ന് പറയുന്നത്. സ്കൂളുകളില്‍ പോലും ഇത്തരത്തിലൊരു കളിയാക്കല്‍ കേള്‍ക്കാത്ത മിശ്രവിവാഹിതരുടെ മക്കള്‍ ഉണ്ടാവില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് സാമ്പത്തിക ഉയര്‍ന്ന നിലയിലുള്ളവര്‍ക്കിടയില്‍ മിശ്രവിവാഹത്തെ ചെറിയ തോതിലെങ്കിലും അംഗീകരിച്ചിട്ടുണ്ട്. മക്കളോടുള്ള ഇഷ്ടം എന്നതിലുപരി അത് വലിയ സേവനം പോലെ വിവാഹം നടത്തിക്കൊടുക്കും.
ലിവിംഗ് ടുഗെദര്‍ പോലുള്ള ബന്ധങ്ങളില്‍ പോലും ജാതിയും മതവും നോക്കിയാണ് ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നത്. പണവും ജോലിയും അതിന് മുകളിലായി വരുന്നുണ്ടെങ്കില്‍ പോലും. ….ഏതു ജാതിയും സ്വീകാര്യം (SC/ST ഒഴികെ).” “ജാതി/മതം പ്രശ്നമല്ല (SC/ST ഒഴികെ).” Caste no bar തുടങ്ങിയ ഉള്ള് പൊള്ളയായ മാട്രിമോണിയല്‍ പരസ്യങ്ങള്‍ പോലെയുള്ള ബന്ധങ്ങള്‍. ഇതിനുമപ്പുറത്തേക്ക് മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ തകര്‍ത്ത് രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ അവിടെ തുടങ്ങുന്നു പ്രശ്നങ്ങള്‍.