സ്കൂട്ടർ മുതൽ റോഡ് റോളർ വരെ; നേടിയത് 11 തരം ഡ്രൈവിംഗ് ലൈസൻസ്: 71 ലും മാസാണ് മണിയമ്മ

ഈ പ്രായത്തിൽ ഏറ്റവുമധികം ലൈസൻസുള്ള ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോർഡ്സിന് ഉടമ

Update: 2021-06-22 05:49 GMT
By : Web Desk
Advertising

ടൂവീലര്‍, ത്രീ വീലര്‍, ഫോര്‍ വീലര്‍, റോഡ് റോളര്‍, ട്രെയ്‍ലര്‍, ക്രെയിന്‍, എസ്കവേറ്റര്‍.. താന്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയത് എന്തിലെല്ലാമെന്ന് എണ്ണിപ്പറയുകയാണ് മണിയമ്മ. ഓട്ടോയും ബസും ഓടിക്കുന്ന സ്ത്രീകളെ ഇപ്പോഴും കൗതുകത്തോടെ നോക്കി കാണുന്ന നാട്ടിൽ ജെസിബിയും ക്രയിനും റോഡ് റോളറുമൊക്കെ അനായാസം ഓടിക്കാൻ മണിയമ്മക്ക് അറിയാം. ഈ പ്രായത്തിൽ ഏറ്റവുമധികം ലൈസൻസുള്ള ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോർഡ്സിന് ഉടമ കൂടിയാണ് മണിയമ്മ.

എറണാകുളം തോപ്പുംപടി സ്വദേശിയായ എഴുപത്തിയൊന്നുകാരി സ്വന്തമാക്കിയത് പതിനൊന്ന് വാഹനങ്ങളുടെ ലൈസന്‍സുകളാണ്. സ്കൂട്ടര്‍ മുതല്‍ ക്രെയിനും റോഡ് റോളറുമടക്കം 71 വയസ്സുള്ള മണിയമ്മയുടെ കൈയ്യില്‍ വഴങ്ങാത്ത വളയങ്ങളില്ല. ഭര്‍ത്താവ് തുടങ്ങിയ എ ടു സെഡ് എന്ന ഡ്രൈവിങ് സ്കൂളിന്‍റെ ഉടമ കൂടിയാണ് മണിയമ്മ.

''ആദ്യം ഫോര്‍വീലറിന്‍റെ ലൈസന്‍സ് ആണ് എടുത്തത്. അന്നൊക്കെ ഫോര്‍വീലര്‍ എടുത്ത് മൂന്ന് വര്‍ഷം കഴിഞ്ഞാലേ ഹെവിയുടെ ലൈസന്‍സ് കിട്ടുകയുള്ളൂ. അങ്ങനെ മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ഹെവി ലൈസന്‍സും എടുത്തു. ൯൩ ലാണ് ടൂവീലര്‍ ഓടിക്കാന്‍ തുടങ്ങിയത്. തനിയെ എവിടെയെങ്കിലും പോകേണ്ടി വരികയാണെങ്കില്‍ ടൂവീലര്‍ മതിയല്ലോ എന്ന് തോന്നിയപ്പോഴാണ് അത്. പിന്നെ ത്രീ വീലര്‍ പഠിച്ചു. 2014 ആയപ്പോള്‍ ക്രെയിന്‍, ജെസിബി, എസ്കവേറ്റര്‍, റോഡ് റോളര്‍ അങ്ങനെയുള്ള എല്ലാ ലൈസന്‍സുകളും എടുത്തു. 2021 ആയപ്പോഴാണ് ഹസാര്‍ഡസിന്‍റെ ലൈസന്‍സ് എടുക്കുന്നത്.'''- മണിയമ്മ പറയുന്നു.

''ആദ്യം ഹെവി ലൈസന്‍സ് കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഇവിടെ പഠിപ്പിച്ച് മംഗലാപുരത്ത് പോയിട്ടാണ് ലൈസന്‍സ് എടുത്തിരുന്നത്. പിന്നെ കേസ് ഒക്കെ കൊടുത്താണ് ഹെവി ലൈസന്‍സ് കേരളത്തില്‍ അനുവദിപ്പിച്ചത്. എന്‍റെ പേരിലാണ് ആദ്യത്തെ ഹൈവി ഡ്രൈവിംഗ് സ്കൂള്‍ കേരളത്തില്‍ തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ഒരു സ്ത്രീ എന്നുള്ള ഒരു മുന്‍ഗണന ഒക്കെ വെച്ചിട്ടാണ് ഹെവി ലൈസന്‍സ് ആദ്യമായി എനിക്ക് അനുവദിച്ച് കിട്ടിയത്.

ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങിയപ്പോഴും ആദ്യം ഹെവിയാണ് പഠിപ്പിക്കാന്‍ തുടങ്ങിയത്. അതിന് ശേഷമാണ് ഫോര്‍വീലര്‍ പഠിപ്പിക്കാന്‍ തുടങ്ങിയത്. ത്രീ വീലര്‍ പഠിക്കാനൊന്നും സ്ത്രീകള്‍ വരൂല. അപ്പോള്‍ പത്തുപന്ത്രണ്ട് പേര്‍ക്ക് ഫ്രീ ആയി പഠിപ്പിച്ച് ലൈസന്‍സ് എടുത്തു കൊടുക്കാന്‍ മുന്‍കൈ എടുത്ത് ഭര്‍ത്താവ് തന്നെ ഇറങ്ങുകയായിരുന്നു. അന്നൊന്നും പെണ്ണുങ്ങള്‍ ഇവിടെയൊന്നും ഓട്ടോറിക്ഷ ഓടിക്കാറില്ലായിരുന്നു''വെന്നും മണിയമ്മ കൂട്ടിച്ചേര്‍ക്കുന്നു.

മൂന്നുമക്കളാണ് മണിയമ്മയ്ക്ക്. മൂത്തയാള്‍ മിലന്‍. രണ്ടാമത്തെയാണ് മിനി ലാല്‍. അവളുടെ വിവാഹം കഴിഞ്ഞു. അവളും ഡ്രൈവിംഗ് സ്കൂള്‍ നടത്തുന്നുണ്ട്. ഇളയ ആള്‍ മിജു. മിജു കോണ്‍ട്രാക്ടറും കൂടിയാണ്. എല്ലാവര്‍ക്കും ഡ്രൈവിംഗ് സ്കൂള്‍ ഉണ്ട്. മരുമക്കളും ഡ്രൈവിംഗ് സ്കൂള്‍ നടത്തുന്നുണ്ട്. ഓരോ ബ്രാഞ്ചും ഓരോരുത്തരാണ് തുടങ്ങുന്നതെന്നും മണിയമ്മ കൂട്ടിച്ചേര്‍ത്തു.

Full View
Tags:    

By - Web Desk

contributor

Similar News