''ഞാനവന് അമ്മയല്ല, അവന്‍ എന്നെ അപ്പ എന്നാണ് വിളിക്കുന്നത്'': ആനി ശിവ ജീവിതം പറയുന്നു
പരാജയങ്ങളില്‍ നിന്ന് തന്നെയാണ് ഞാനിപ്പോള്‍ ഈ നില്‍ക്കുന്നത്. പരാജയപ്പെട്ട ആത്മഹത്യയാണ് എന്നെ ഞാനാക്കിയത്.
കയ്പേറിയ ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് പൊലീസ് കുപ്പായമണിഞ്ഞ ആനി ശിവയുടെ പോരാട്ട കഥയാണ് സോഷ്യല്‍ മീഡിയ നിറയെ. ആനി ശിവ ഇനി കൊച്ചിയിലുണ്ടാകും. വർക്കല എസ് ഐ ആയി ചുമതല ഏറ്റ ആനിക്ക് അവരുടെ ആഗ്രഹപ്രകാരം സർക്കാർ എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം നൽകിയിരിക്കുകയാണിപ്പോൾ.
താന്‍ കടന്നുവന്ന വഴികള്‍, ജീവിതത്തില്‍ താന്‍ നേരിട്ട പരീക്ഷണങ്ങള്‍, അവയെ എല്ലാം അതിജീവിച്ചതെങ്ങനെ എന്ന് ആനി ശിവ മീഡിയ വണിനോട് തുറന്ന് പറയുകയാണ്..
വര്‍ക്കല എസ് ഐ ആനി ശിവ
ആദ്യം എഴുതിയ എക്സാം ആണ് ഇത്. അത് കഴിഞ്ഞ് ഒരു 16 ദിവസം കഴിഞ്ഞാണ് കോണ്‍സ്റ്റബിള്‍ പരീക്ഷ വന്നത്. ആദ്യം വിളിക്കുന്നത് കോണ്‍സ്റ്റബിള്‍ ലിസ്റ്റാണ്. അതില്‍ 22 ാമത്തെ റാങ്കായിരുന്നു. 2016ല്‍ കോണ്‍സ്റ്റബിള്‍ ആയി കേറി. 2019 ലാണ് Zസ് ഐ ലിസ്റ്റ് വിളിക്കുന്നത്. ആ പോസ്റ്റില്‍ നിന്ന് മാറി എസ് ഐയിലേക്ക് പോയി. പ്രൊബോഷന്‍ എനിക്ക് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലായിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കോട്ടയം വൈക്കം സ്റ്റേഷനിലും. അതിന് ശേഷമാണ് പോസ്റ്റിംഗ് ആയി വര്‍ക്കല കിട്ടുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് എനിക്ക് വര്‍ക്കലയിലാണ് പോസ്റ്റിംഗ് എന്ന് അറിയുന്നത്. തിരുവനന്തപുരത്ത് നിന്ന് ഒന്നര മണിക്കൂര്‍ ഉണ്ട്, വര്‍ക്കലയ്ക്ക്. ഞാന്‍ ടൂവീലറിലാണ് അങ്ങോട്ടേക്ക് പോയത്.
അന്ന് ആ യാത്ര മുഴുവന്‍ കഴിഞ്ഞ 10 വര്‍ഷത്തെ ജീവിതം മുഴുവന്‍ മനസ്സിലൂടെ കടന്നുപോയി.. ആദ്യ ദിവസം തന്നെ സിഐ സാറ് എന്നെയും കൊണ്ട് പട്രോളിംഗിന് പോയി.. ഇവിടെയൊക്കെ നല്ല ശാന്ത സുന്ദരമായ സ്ഥലമാണ്, അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ അതിനിടയില്‍ സാറ് എന്നോട് പറഞ്ഞു.. അപ്പോ അറിയാതെ എന്‍റെ വായില്‍ നിന്ന് വീണു പോയതാണ്, പത്തുകൊല്ലം മുമ്പ് ഞാനിവിടെ നാരങ്ങാ വെള്ളം അടിച്ചുവിറ്റിട്ടുണ്ട്, ഞാനിവിടെ ഐസ്ക്രീം വിറ്റിട്ടുണ്ട്.. എനിക്കിവിടെ എല്ലാം അറിയാം എന്നൊക്കെ.. അപ്പോ സാറിനാകെ അതിശയമായി.. എന്ത് എങ്ങനെ.. ആരായിരുന്നു കൂടെ എന്നിങ്ങനെ നൂറു ചോദ്യങ്ങളായിരുന്നു... ഞാനും മോനുമായിരുന്നു എന്ന് സാറിനോട് മറുപടി പറഞ്ഞു.
ഐപിഎസുകാരിയാകണമെന്ന് അച്ഛന്‍ ആഗ്രഹിച്ച പെണ്‍കുട്ടി
2007 ല്‍ വിവാഹം കഴിഞ്ഞു... അന്ന് ഞാന്‍ ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുകയായിരുന്നു. വീട്ടുകാരുടെ ഇഷ്ടത്തോടെയായിരുന്നില്ല വിവാഹം. 2009 ആയപ്പോഴേക്കും മോന്‍ ജനിച്ചു. മോന് എട്ടുമാസം ആയപ്പോഴേക്കും വേര്‍പിരിയാം എന്ന് തീരുമാനിക്കേണ്ട നിരവധി സംഭവങ്ങള്‍ ജീവിതത്തിലുണ്ടായി. അവിടുന്ന് ഇറങ്ങിപ്പോന്നു. വീട്ടില്‍ പോയി.. വീട്ടുകാര്‍ കയറ്റിയില്ല.. അത് സ്വാഭാവികമാണല്ലോ...
എന്നെ ഒരു ഐപിഎസ് ആക്കണമെന്ന ആഗ്രഹത്തോടെയാണ് അച്ഛന്‍ പഠിപ്പിച്ചത്.അതിനിടയ്ക്കാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്... അതുകൊണ്ട് തന്നെ അച്ഛന്‍ വീട്ടില്‍ കയറ്റിയില്ല. പൊലീസ് വന്നാണ് ഇറക്കിവിട്ടത്.. അച്ഛന്‍ പറയുന്ന ഒരു വാക്കുണ്ട്, അവള്‍ ജീവിച്ച് കാണിക്കട്ടെ എന്ന്. ശരിക്കും പിന്നെ അതിനുള്ള ശ്രമമായിരുന്നു പിന്നെ.
അവിടുന്ന് അമ്മൂമ്മയുടെ വീട്ടില്‍പോയി. അത് ഒരു കുടിലാണ്... അവിടെ നിന്നാണ് ഡിഗ്രി പൂര്‍ത്തിയാക്കുന്നത്. മൂന്നാംവര്‍ഷം പൂര്‍ത്തിയാകാന്‍ രണ്ട് മൂന്ന് മാസം മാത്രമാണ് അപ്പോള്‍ ഉണ്ടായിരുന്നത്. ആ സമയം തന്നെ ഡോര്‍ റ്റു ഡോര്‍ ഡെലിവെറി സര്‍വീസ് നടത്തുന്നുണ്ടായിരുന്നു. പിന്നെ ചില ഓണ്‍ലൈന്‍ ബിസിനസ്സ്.. പലതും കയ്യിലുള്ള കാശ് പോയി എന്നത് തന്നെ മിച്ചം.. പിന്നെ ചില ടൈപ്പിംഗ് വര്‍ക്കുകള്‍.. അങ്ങനെ അങ്ങനെ എങ്ങനെയോ തട്ടിമുട്ടി മുന്നോട്ടുപോകുകയായിരുന്നു.
അപ്പോഴാണ് ഒരു ബന്ധുമായ ചേട്ടന്‍ വന്ന് പറയുന്നത് കേരളത്തില്‍ ആദ്യമായി വനിതാ എസ്ഐ മാരെ വിളിക്കുന്നു.. നിനക്ക് 24വയസ്സ്. ഇപ്പോള്‍ നീ കയറുകയാണെങ്കില്‍ റിട്ടയേര്‍ഡ് ആകുമ്പോള്‍ കണ്‍ഫേഡ് ഐപിഎസ് ആകാം.. നിന്‍റെ അച്ഛന്‍റെ ആഗ്രഹം നിനക്ക് അവസാനകാലമെങ്കിലും സാധിച്ചുകൊടുക്കാം.. സത്യത്തില്‍ ചേട്ടന്‍റെ ആ ഒരു വാക്കിന്‍റെ പുറത്താണ് ഞാന്‍ കുത്തിയിരുന്ന് പഠിച്ചത്.
ആത്മഹത്യ ചെയ്യുമോ എന്ന പേടിയിലാണ് ചേര്‍ത്തു നിര്‍ത്താന്‍ പലരും പേടിച്ചത്
സത്യത്തില്‍ ഞാനും മോനും ഒറ്റയ്ക്ക്, വീടുപോലും ഇല്ല... പലയിടത്തും താമസിക്കാന്‍ പോകും.. എന്‍റെ പ്രശ്നങ്ങളൊക്കെ അറിയുമ്പോള്‍ എല്ലാര്‍ക്കും പേടിയാകും... ഞാന്‍ ആത്മഹത്യ ചെയ്യുമോ എന്നതായിരുന്നു അതില്‍ പ്രധാന പേടി. പെണ്ണുങ്ങള്‍ വീണ്ടും വീണ്ടും അത് തെളിയിക്കുകയല്ലേ.. അവരെ കുറ്റം പറയാന്‍ പറ്റില്ലല്ലോ.. ഒരു ചെറിയ പ്രശ്നം വരുമ്പോഴേക്ക് ആത്മഹത്യ ചെയ്ത് അവര് തെളിയിച്ചോണ്ടിരിക്കുകയല്ലേ.. അപ്പോ പിന്നെ എങ്ങനെ വീട് തരും.
നമ്മള് ജീവിക്കാനാണ് വീട് അന്വേഷിക്കുന്നത് എന്ന് തെളിയിച്ചു കൊടുക്കണം .. പലരും തെളിയിക്കുന്നില്ല.. പലരും ചെറിയൊരു പ്രതിസന്ധി വരുമ്പോഴേക്ക് ആത്മഹത്യ ചെയ്യുകയാണ്.. ഞാനും ശ്രമിച്ചിട്ടുണ്ട്.. ഇല്ലാ എന്നല്ല... പരാജയങ്ങളില്‍ നിന്ന് തന്നെയാണ് ഞാനിപ്പോള്‍ ഈ നില്‍ക്കുന്നത്. പരാജയപ്പെട്ട ആത്മഹത്യയാണ് എന്നെ ഞാനാക്കിയത്.
അവന് ഞാന്‍ അമ്മയല്ല, അവന്‍ എന്നെ അപ്പ എന്നാണ് വിളിക്കുന്നത്
എന്‍റെ മോന്‍ ഒരുപാട് പട്ടിണി കിടന്ന ആളാണ്... ചെറുപ്പം മുതല്‍ വിശപ്പ് എന്ത് എന്ന് അറിഞ്ഞ് വളര്‍ന്നവനാണ് അവന്‍. ഒരുനേരത്തെ ആഹാരം പോലുമില്ലാതെ ഒത്തിരി പട്ടിണി അവന്‍ കിടന്നിട്ടുണ്ട്. അവന് ആകെ ആഹാരത്തിനോട് മാത്രമേ അന്നൊക്കെആഗ്രഹമുണ്ടായിരുന്നുള്ളൂ.. മറ്റൊരു ആഗ്രഹവും അവന്‍ എന്നോട് പറഞ്ഞിട്ടില്ല... ഒരു കളിപ്പാട്ടം പോലും വേണമെന്ന് അവന്‍ എന്നോട് പറഞ്ഞിട്ടില്ല.. ഏത് കടയിലും ആഹാരം കണ്ടാല്‍ അവന്‍ കൈ നീട്ടുമായിരുന്നു. അതിന് മാത്രമേ അവന്‍ കൈ നീട്ടിയിട്ടുള്ളൂ...
അവന് ഞാന്‍ അമ്മയല്ല, അവന്‍ എന്നെ അപ്പ എന്നാണ് വിളിക്കുന്നത്. അവന്‍ ചെറുപ്പത്തില്‍ സംസാരിക്കില്ലായിരുന്നു. തമിഴ്സിനിമകളൊക്കെ കാണുമായിരുന്നു. അത് അവനെ സ്വാധീനിച്ചു കാണണം... ദൈവത്തിരുമകന്‍ സിനിമ കണ്ടതിന് ശേഷമാണ് അവന്‍ എന്നെ അപ്പാ എന്ന് വിളിച്ചു തുടങ്ങിയത്. ഇപ്പഴും അതു തന്നെ വിളിക്കുന്നു.. അത് മാറ്റാന്‍ ശ്രമിച്ചിട്ടില്ല.. അത് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പറഞ്ഞത്, അപ്പാ എന്ന വിളിയിലാണ് ഒരു സുഖമുള്ളത് എന്നാണ്. ഞാനും അവനും ഇങ്ങനെ പാറിപ്പറന്ന് ജീവിക്കുന്നുണ്ട്.
നമ്മളുടെ ഇഷ്ടങ്ങളെ കൂട്ട് പിടിച്ച്, എത്ര തിരക്കാണെങ്കിലും അവന്‍റെ അടുത്ത് വന്ന് അവന്‍റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ടു പോകുന്നു. അടികൂടും, തല്ല് കൂടും... പിന്നെ ഒരു ലോക്ക് ഒക്കെ ഇട്ടിരിക്കും ഞങ്ങള്‍.. പക്ഷേ അതും ഒരു സന്തോഷത്തിന്‍റെ ഭാഗമാണ്.. അവനാണ് ഞാന്‍.. അവനുവേണ്ടിയുള്ള ജീവിതമാണ് ഇത്...
ആദ്യ ട്രെയിനിംഗിന്‍റെ സമയത്ത് മോനെ ഞാന്‍ പേയിംഗ് ഗസ്റ്റായി നിര്‍ത്തുകയായിരുന്നു.. തൃശൂര്‍ ട്രെയിനിംഗ് നടക്കുമ്പോള്‍ മോനെകൊണ്ടുപോയി.. അന്നവന്‍ കുറച്ചു കൂടി മുതിര്‍ന്നിരുന്നു.. ഞാന്‍ കൂടെ വേണമെന്ന ആഗ്രഹമൊക്കെ അപ്പോഴേക്കും വന്നു തുടങ്ങി.. ഇപ്പോള്‍ എന്‍റെ കൂടെ നില്‍ക്കണമെന്ന് വാശി കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്...
നിനക്കിനി ഉയര്‍ത്തെഴുന്നേല്‍പ്പില്ലെന്ന് പലരും പറഞ്ഞു
നമ്മള് തോല്‍വി സമ്മതിക്കുന്ന കാലം വരണം.. അല്ലാതെ നമ്മളൊരിക്കലും തോല്‍ക്കില്ല. നിനക്കിനി ഉയര്‍ത്തെഴുന്നേല്‍പ്പില്ലെന്നാണ് എന്നോട് പലരും പറഞ്ഞത്... എസ് ഐ ലിസ്റ്റില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ പോലും പലരും പറഞ്ഞത് നിനക്കത് കിട്ടാന്‍ പോകുന്നില്ല, ആ ലിസ്റ്റ് വിളിക്കില്ല എന്നൊക്കെയാണ്... എന്തുകൊണ്ടോ ഒരു ശുഭാപ്തി വിശ്വാസം എന്റെ മനസ്സിലുണ്ടായിരുന്നു.. കിട്ടും കിട്ടും എന്ന വിശ്വാസമുണ്ടായിരുന്നു.
സമൂഹത്തിന്‍റെ ഭാഗമാണ് എന്‍റെ അച്ഛനും അമ്മയും.. സമൂഹത്തിന്‍റെ ചെറിയൊരു കാഴ്ചപ്പാട് മാറിയാല്‍ മതി പല പ്രശ്നങ്ങളും തീരും. അപ്പുറത്തെ വീട്ടില്‍ എന്തോ നടന്നോട്ടെ.. അത് അവരുടെ കാര്യം എന്ന് ചിന്തിച്ചാല്‍ മാത്രം മതി. ഈ അയല്‍ക്കാരും നാട്ടുകാരും എന്ത് പറയും.. കുറ്റപ്പെടുത്തുമോ എന്ന ചിന്തയാണ് ഒരു പരിധി വരെ പ്രശ്നം. ഇറങ്ങി വരുന്ന മകളെ വീട്ടില്‍ നിര്‍ത്താന്‍ തയ്യാറാണെങ്കിലും നാട്ടുകാരോട് എന്ത് പറയും എന്നതാണ് പല അച്ഛനും അമ്മയും ചോദിക്കുന്നത്. എന്തിന് വന്ന് നില്‍ക്കുന്നു എന്ന് ആളുകള്‍ ചോദിക്കില്ലേ എന്നതാണ് അവരുടെ പ്രശ്നം.
ഞാനെപ്പോഴും എന്‍റെ മോനോട് പറയും, നിനക്ക് എവിടെയാണോ കംഫര്‍ട്ടല്ലാ എന്ന് തോന്നുന്നത് അവിടെ നിന്ന് മാറി നില്‍ക്കണം.. അത് നിന്‍റെ ചോയിസ് ആണ് എന്ന്. അതുപോലെ നമുക്ക് മക്കളെ പറഞ്ഞ് പഠിപ്പിക്കാന്‍ പറ്റണം... അത് അംഗീകരിക്കാനും പറ്റണം.