48,350 കോടി ആസ്തി, ഇന്ത്യയിലെ അതിസമ്പന്ന; ആരാണ് ഫാൽഗുനി നയാർ?
ഓഹരി വിപണിയിലേക്കുള്ള നൈകയുടെ ചുവടുവയ്പ്പാണ് ഫാൽഗുനിയുടെ ജീവിതം മാറ്റിയെഴുതിയത്
മുംബൈ: സൗന്ദര്യവർധക നിർമാണ ബ്രാന്‍ഡ് നൈകയുടെ ചീഫ് ഓപറേറ്റിങ് ഓഫീസർ ഫാൽഗുനി നയാർ ഇന്ത്യയിലെ അതിസമ്പന്നപ്പട്ടികയില്‍. ബ്ലൂംബർഗ് ശതകോടീശ്വര സൂചികയിൽ സ്വപ്രയത്‌നത്താൽ ഏറ്റവും സമ്പന്നയായ ഇന്ത്യക്കാരിയാണ് ഇപ്പോൾ ഫാൽഗുനി. ഓഹരി വിപണിയിലേക്കുള്ള നൈകയുടെ ചുവടുവയ്പ്പാണ് ഫാൽഗുനിയുടെ ജീവിതം മാറ്റിയെഴുതിയത്.
വിപണിയുടെ ആദ്യദിനം തന്നെ 89 ശതമാനം ഓഹരി മൂല്യമാണ് സ്റ്റോക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത നൈകയുടെ മാതൃകമ്പനി എഫ്‌സിഎൻ ഇ-കൊമേഴ്‌സ് വെഞ്ച്വറിന് നേടിയത്. ഓഹരിയൊന്നിന് 1125 രൂപയ്ക്കാണ് കമ്പനി ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ രണ്ട് മണിക്കൂറിനകം തന്നെ മൂല്യം 2050ലേക്ക് കുതിച്ചു. 2,208ലാണ് ക്ലോസ് ചെയ്തത്. കമ്പനിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ പിന്നിടുകയും ചെയ്തു.
നൈകയുടെ 51 ശതമാനം ഓഹരികളാണ് ഫാൽഗുനി നയാർക്ക് സ്വന്തമായുള്ളത്. ആസ്തി 6.5 ബില്യൺ ഡോളർ (ഏകദേശം 48,350 കോടി രൂപ). 20 വർഷം ഇൻവസ്റ്റ്‌മെന്റ് ബാങ്കറായിരുന്ന നയാർ അമ്പത് വയസ്സ് തികയുന്നതിന് മാസങ്ങൾക്ക് മുമ്പ് 2012ലാണ് നൈക ആരംഭിക്കുന്നത്. എട്ടു വർഷത്തിനിപ്പുറം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന വനിതകളിൽ ഒരാളുമായി. ലോകവിപണിയിലെ സൗന്ദര്യവർധക വസ്തുക്കളിൽ 1500ലധികം ആഡംബര ബ്രാന്റുകളാണ് നൈകയുടേതായി ഉള്ളത്.
''ഞാൻ അൻപതാം വയസിൽ യാതൊരു പരിചയവുമില്ലാതെയാണ് നൈക ആരംഭിച്ചത്, ഞങ്ങളുടെ യാത്ര നിങ്ങളോരോരുത്തരേയും പ്രചോദിപ്പിക്കാൻ കഴിഞ്ഞു എന്നാണ് പ്രതീക്ഷിക്കുന്നത്.''- ബിസിനസിനെ കുറിച്ച് ഫാൽഗുനി പറയുന്നു. ശരിയായ വിദ്യാഭ്യാസവും പിന്തുണയുമുണ്ടെങ്കിൽ ഏതൊരു സ്ത്രീയും ഉയരങ്ങളിൽ എത്തുമെന്നും നിശ്ചയ ദാർഢ്യത്തോടെ അവർ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചാൽ തീർച്ചയായും അത് നേടുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ബിസിനസിന്റെ ഗുജറാത്തി ടച്ച്
അനേകം വൻകിട വ്യവസായികൾ ജന്മമെടുത്ത ഗുജറാത്താണ് ഫാൽഗുനിയുടെ സ്വദേശം. അഹമ്മദാബാദ് ഐഎഎമ്മിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫൽഗുനി കൊട്ടക് മഹീന്ദ്ര കാപിറ്റൽ കമ്പനിയിലും മറ്റൊരു സ്വകാര്യ ബാങ്കിലും ജോലി ചെയ്തു. അൻപതാം വയസിലാണ് ഒരു സംരംഭയാവുക എന്ന ലക്ഷ്യത്തിലേക്ക് കാലെടുത്തുവച്ചത്.
2012 ഏപ്രിലിൽ നൈക തുടങ്ങുകയും തുടക്കം മുതൽ രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സ്റ്റാർട്ടപായി നൈക മാറുകയും ചെയ്തു. രാജ്യത്തുടനീളം എൺപത് റീട്ടെയിൽ സ്‌റ്റോറുകളാണ് കമ്പനിക്കുള്ളത്. ആയിരത്തി അഞ്ഞൂറിലേറെ ജോലിക്കാരുമുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് ലാഭമുണ്ടാക്കിയ അപൂർവ്വം ബ്രാൻഡുകളിൽ ഒന്നാണ് നൈക. മൊത്തം വരുമാനം 2453 കോടി രൂപ.
ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, അവിവ ലൈഫ് ഇൻഷുറൻസ് കമ്പനി ഇന്ത്യ ലിമിറ്റഡ്, എസിസി ലിമിറ്റഡ്, ഡാബർ ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം കൂടിയാണ് ഫാൽഗുനി. വിവിധ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.