പാകിസ്താനിൽ ശ്രീലങ്കൻ സ്വദേശിയുടെ കൊല: 120 പേർ അറസ്റ്റിൽ; അന്വേഷണ മേല്‍നോട്ടം ഏറ്റെടുത്ത് ഇമ്രാന്‍ ഖാന്‍

ഉത്തരവാദികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും കേസന്വേഷണത്തിന് സ്വന്തം നിലയിൽ മേൽനോട്ടം വഹിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയിട്ടുണ്ട്

Update: 2021-12-04 16:55 GMT
Editor : Shaheer | By : Web Desk
Advertising

ആൾക്കൂട്ട ആക്രമണത്തിൽ ശ്രീലങ്കൻ സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത നടപടിയുമായി പാകിസ്താൻ. മതനിന്ദ ആരോപിച്ച് ഫാക്ടറി മാനേജറായിരുന്ന പ്രിയന്ത കുമരയെ മർദിച്ചുകൊന്ന കേസിൽ 120 പേർ അറസ്റ്റിലായി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

രാജ്യത്തിന് നാണക്കേടിന്റെ ദിനമാണിതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രതികരിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. എല്ലാവർക്കും കടുത്ത ശിക്ഷയും ഉറപ്പാക്കുമെന്നും കേസന്വേഷണത്തിന് സ്വന്തം നിലയിൽ മേൽനോട്ടം വഹിക്കുമെന്നും ഇമ്രാൻ ഖാൻ അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിലായിരുന്നു ദാരുണമായ സംഭവം. ഖുർആന്റെ വരികളടങ്ങിയ തഹ്രീകെ ലബ്ബൈക് പാകിസ്താന്റെ പോസ്റ്റർ നശിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ട ആക്രമണം. ഫാക്ടറിക്കു സമീപത്തെ പോസ്റ്റർ നശിപ്പിക്കുന്നത് കണ്ട തൊഴിലാളികൾ ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് ആളെക്കൂട്ടിയത്. ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുമര സംഭവസ്ഥലത്ത് പൊലീസെത്തുന്നതിനുമുൻപ് തന്നെ മരിച്ചിരുന്നു.

സംഭവത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ശ്രീലങ്കൻ പാർലമെന്റും പ്രധാനമന്ത്രി രാജപക്ഷെയും ശക്തമായി അപലപിച്ചിട്ടുണ്ട്.

Summary: Up to 120 people have been arrested in Pakistan after a Sri Lankan factory manager was beaten to death and set ablaze by a mob who accused him of blasphemy. Pak Prime Minister Imran Khan calls it a "day of shame for Pakistan".

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News