മരുമകൾ വിളമ്പിയ കാട്ടുകൂൺ കഴിച്ച് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു; യുവതിക്കെതിരെ അന്വേഷണം
ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
സിഡ്‌നി: മരുമകൾ വിളമ്പിയ കാട്ടുകൂൺ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.ആസ്‌ത്രേലിയയിലാണ് സംഭവം. ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ കാട്ടുകൂൺ കഴിച്ചാണ് മരണം. സംഭവത്തിൽ എറിൻ പാറ്റേഴ്‌സൺ എന്ന യുവതിക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഹെതർ (66), ഗെയിൽ (70), ഡോൺ(70) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇയാൻ (68) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു,
ജൂലൈ 29 നാണ് സംഭവം നടന്നത്. നാലുപേരടങ്ങുന്ന സംഘം ഉച്ച ഭക്ഷണത്തിനായി മരുമകളുടെ വീട്ടിൽ ഒത്തുകൂടിയിരുന്നു. മെൽബണിൽ നിന്ന് തെക്കുകിഴക്കുള്ള ലിയോംഗാത്തയിലെ മരുമകൾ എറിൻ പാറ്റേഴ്‌സന്റെ വീട്ടിൽ ഗെയിലും ഡോൺ പാറ്റേഴ്സണും ഉച്ചഭക്ഷണത്തിനായി എത്തി. ഗെയിലിന്റെ സഹോദരി ഹെതറും ഇവർക്കൊപ്പമുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം, നാലുപേർക്കും കടുത്ത വയറുവേദന അുഭവപ്പെട്ടു. ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേർ മരിച്ചു. നാലാമത്തെയാൾ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ഉച്ചഭക്ഷണത്തിന് രണ്ട് കുട്ടികളും ഉണ്ടായിരുന്നു. എന്നാൽ അവർക്ക് അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്ന് വിക്ടോറിയ പോലീസ് ഹോമിസൈഡ് സ്‌ക്വാഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ മരിച്ചവർക്ക് വിളമ്പിയതിൽ നിന്ന് വ്യത്യസ്തമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകിയതെന്നാണ് കരുതുന്നതെന്ന് ഇൻസ്‌പെക്ടർ ഡീൻ തോമസ് പറഞ്ഞു. ഭക്ഷണം പാകം ചെയ്ത മരുമകൾക്കും ഒരു അസുഖമുണ്ടായിരുന്നില്ല. ഇതേതുടർന്നാണ് 48 കാരിയായ മരുമകളെ പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും താൻ ആരെയും കൊലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.
അതിഥികൾക്ക് എന്ത് ഭക്ഷണമാണ് നൽകിയതെന്നോ കൂൺ എവിടെ നിന്ന് ലഭിച്ചതെന്നോ വെളിപ്പെടുത്താനും യുവതി തയ്യാറായിട്ടില്ല. തുടർന്ന് കുറ്റമൊന്നും ചുമത്താതെ പൊലീസ് അവളെ വിട്ടയച്ചു.എങ്കിലും അവർ സംശയനിഴലിലാണെന്നും കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മുൻകരുതലെന്ന നിലയിൽ കുട്ടികളെ 'താത്കാലികമായി' വീട്ടിൽ നിന്ന് മാറ്റിയതായി പൊലീസ് അറിയിച്ചു.