'അവകാശങ്ങൾ എല്ലാവർക്കും വേണം, അല്ലെങ്കിൽ ആർക്കുമുണ്ടാകരുത്"; താലിബാന്റെ സർവകലാശാല വിലക്കിനെതിരെ സ്ത്രീകൾ തെരുവിൽ

സർക്കാർ- സ്വകാര്യ സർവകലാശാലകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കണമെന്ന് താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്

Update: 2022-12-22 12:19 GMT
Editor : banuisahak | By : Web Desk
Advertising

കാബൂൾ: സർവകലാശാലകളിൽ പെൺകുട്ടികൾക്ക് പ്രവേശനം വിലക്കിയ താലിബാന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കാബൂളിൽ സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധം നടത്തി. ചിലരെ അറസ്റ്റ് ചെയ്തതായാണ് വിവരം. 

സർക്കാർ- സ്വകാര്യ സർവകലാശാലകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കണമെന്ന് താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് സർവകലാശാല അധികൃതർക്ക് കത്ത് നൽകുകയും ചെയ്തു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പെൺകുട്ടികളെ സർവകലാശാലകളിൽ പ്രവേശിപ്പിക്കരുതെന്നും ഉത്തരവിൽ പറയുന്നു. 

''സർവകലാശാലകളിൽ നിന്ന് അവർ സ്ത്രീകളെ പുറത്താക്കിയിരിക്കുകയാണ്. ബഹുമാനപ്പെട്ട ജനങ്ങളെ...പിന്തുണക്കുവിൻ. അവകാശങ്ങൾ എല്ലാവർക്കുമുള്ളതാണ്, അല്ലെങ്കിൽ ആർക്കും ഉണ്ടാകരുത്"; പ്രതിഷേധകരായ സ്ത്രീകൾ തെരുവിൽ മുദ്രാവാക്യം വിളിച്ചത് ഇങ്ങനെ. 

ചില പെകുട്ടികളെ വനിതാ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ വിട്ടയച്ചു. എന്നാൽ, ചിലരിപ്പോഴും കസ്റ്റഡിയിൽ തുടരുകയാണെന്ന് പ്രതിഷേധകർ പറഞ്ഞു. ഹിജാബ് ധരിച്ച നിരവധി സ്ത്രീകളാണ് കൈ ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊണ്ട് താലിബാനെതിരെ തെരുവിലിറങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത ശേഷം സ്ത്രീകൾ നയിക്കുന്ന സമരങ്ങൾ രാജ്യത്ത് അപൂർവമായിരുന്നു. ഭരണം പിടിച്ചെടുത്തതിന് പിന്നാലെ തന്നെ പ്രധാന വനിതാ നേതാക്കളെയടക്കം താലിബാൻ അറസ്റ്റ് ചെയ്തിരുന്നു. 

അറസ്റ്റും താലിബാന്റെ ക്രൂരമായ ശിക്ഷാവിധികളും ഭയന്നാണ് സ്ത്രീകൾ പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിന്നത്. താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസമടക്കം നിഷേധിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. എങ്കിലും, ഭയന്നത് പോലെ തന്നെ ഇപ്പോൾ സംഭവിച്ചിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് കർശന നിയന്ത്രണങ്ങളാണ് നേരത്തെ തന്നെ താലിബാൻ ഏർപ്പെടുത്തിയിരുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ കർട്ടനിട്ട് മറച്ച ക്ലാസ് മുറികൾ ഏർപ്പെടുത്തി. പെൺകുട്ടികളെ പഠിപ്പിക്കാൻ വനിതാ അധ്യാപകരെയോ അല്ലെങ്കിൽ മുതിർന്ന പുരുഷ അധ്യാപകരെയോ മാത്രം ഏർപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇപ്പോൾ സർവകലാശാലകളിൽ വിദ്യാഭ്യാസം വിലക്കിയിരിക്കുന്നത്.                            

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News