ഗസ്സയില്‍ ആകാശമാര്‍ഗം വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ ദേഹത്ത് വീണു; അഞ്ച് ഫലസ്തീനികള്‍ക്ക് ദാരുണ മരണം

പാരച്യൂട്ടുകള്‍ വിടരാതിരുന്നതാണ് അപകടത്തിന് കാരണമായത്

Update: 2024-03-09 05:53 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഗസ്സ: ഗസ്സയില്‍ മാനുഷിക സഹായവുമായി അവശ്യവസ്തുക്കള്‍ ആകാശമാര്‍ഗം(എയര്‍ഡ്രോപ്) വിതരണം ചെയ്യുന്നതിനിടെ അവ ദേഹത്തു വീണ് അഞ്ച് പേര്‍ക്ക് ദാരുണ മരണം. പത്ത് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ഗസ്സ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീര മേഖലയിലുള്ള അല്‍ ഷാതി അഭയാര്‍ത്ഥി ക്യാമ്പിന് സമീപമാണ് സംഭവം.

ഭക്ഷണ സാധനങ്ങള്‍ക്കായി കാത്തു നിന്നവരാണ് അപകടത്തില്‍പെട്ടത്. പാരച്യൂട്ടുകള്‍ വിടരാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, എയര്‍ഡ്രോപുകളിലെ അപകട സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എയര്‍ഡ്രോപിങ് വഴിയുള്ള ഭക്ഷ്യ വിതരണം ഉപകാരപ്രദമല്ലെന്നും ഒരുമികച്ച മാര്‍ഗമല്ലെന്നും ഗസ്സ മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച നടത്തിയ എയര്‍ഡ്രോപില്‍ ജോര്‍ദാന്‍ സൈന്യത്തിന് പങ്കില്ലെന്ന് സൈന്യം അറിയിച്ചു. പട്ടിണി വ്യാപകമായ ഗസ്സയില്‍ വിവിധ രാജ്യങ്ങള്‍ ഭക്ഷ്യ വസ്തുക്കള്‍ എയര്‍ഡ്രോപ് ചെയ്യുന്നുണ്ട്. ഇത് ശാശ്വത പരിഹാരമല്ലെന്നും റോഡ് വഴി സഹായം എത്തിക്കണമെന്നും ആവശ്യം ശക്തമാണ്. എന്നാല്‍ സഹായവുമായെത്തിയ ട്രക്കുകളെ ഇസ്രായേല്‍ സൈന്യം അതിര്‍ത്തികളില്‍ തടയുകയാണ്.

ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കാന്‍ ഗസ്സയില്‍ തീരത്തോട് ചേര്‍ന്ന് താല്‍കാലിക തുറമുഖം പണിയുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സൈപ്രസില്‍ നിന്ന് ഇവിടേക്ക് നേരിട്ട് സഹായം എത്തിക്കുമെന്നും പ്രവര്‍ത്തനങ്ങളുടെ ഏകോപനം യു.എസ് സൈന്യം നിര്‍വഹിക്കുമെന്നുമാണ് യു.എസ് അറിയിച്ചത്.

എന്നാല്‍ എയര്‍ഡ്രോപ്പ് വഴിയും തുറമുഖം നിര്‍മിച്ചും ഭക്ഷ്യസഹായം എത്തിക്കുന്നത് പ്രായോഗിക പ്രയാസം സൃഷ്ടിക്കുമെന്ന് യു.എന്‍ വ്യക്തമാക്കി. അതിര്‍ത്തിയിലൂടെ കൂടുതല്‍ ട്രക്കുകള്‍ കടത്തി വിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ആയിരങ്ങള്‍ മരണപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News