ലോകത്തിലാദ്യമായി മാജിക്ക് മഷ്‌റൂമും എം.ഡി.എം.എയും നിയമവിധേയമാക്കി ഓസ്‌ട്രേലിയ
ഈ ലഹരി മരുന്നുകളുടെ ഉപയോഗം രോഗികളിൽ മാറ്റം വരുത്തിയതായി പരീക്ഷണങ്ങളിൽ തെളിഞ്ഞതോടെയാണ് അംഗീകാരം
കാൻബെറ: ഓസ്‌ട്രേലിയയിൽ ഇനി മാനസിക രോഗ ചികിത്സക്കായി മാജിക്ക് മഷ്‌റൂമും എം.ഡി.എം.എയും ഉപയോഗിക്കാം. ഈ ലഹരി മരുന്നുകൾ ചികിത്സക്കായി നിയമവിധേയമാക്കുന്ന ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ. ഇന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇതോടെഅംഗീകൃത സൈക്യാട്രിസ്റ്റുകൾക്ക് പോസ്റ്റ് ട്രൊമാറ്റിക്ക് സ്ട്രസ്സ് ഡിസോഡറിന് (പി.ടി.എസ്.ഡി) എം.ഡി.എം.എയും മറ്റുചില വിഷാദ രോഗങ്ങൾക്ക് മാജിക് മഷ്‌റൂമും നിർദേശിക്കാനാകും.
ഈ ലഹരി മരുന്നുകളുടെ ഉപയോഗം രോഗികളിൽ മാറ്റം വരുത്തിയതായി പരീക്ഷണങ്ങളിൽ തെളിഞ്ഞതോടെയാണ് അംഗീകാരം. ലഹരി മരുന്നെന്ന നിലയിലുള്ള ഇവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും മെഡിക്കൽ ഉപയോഗത്തിന് മാത്രമാണ് അനുമതിയെന്നും ഓസ്‌ട്രേലിയിലെ തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ (ടി.ജി.എ) പ്രസ്താവനയിൽ അറിയിച്ചു.
വിദഗ്ധരായ വൈദ്യസംഘത്തിന്റെ നിർദേശപ്രകാരം നിയന്ത്രിതമായ അളവിൽ ഈ മരുന്നുകൾ ഉപയോഗിക്കുന്നത് അപകടരഹിതമാണെന്ന് ഡോക്ടമാർ ചൂണ്ടികാട്ടുന്നു. എന്നാൽ എം.ഡി.എം.എയുടെ ഉപയോഗം ഹൃദ്രോഗം, ഓർമക്കുറവ്, പരിഭ്രാന്തി, വിഷാദം എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
മാജിക് മഷ്‌റൂമിൽ അടങ്ങിയ സൈലോസിബിനാണ് പി.ടി.എസ്.ഡിയുടെ ചികിത്സക്കായി ഉപയോഗിക്കുന്നത്. ഇത് തലച്ചോറിലെ നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ ക്രമപ്പെടുത്തുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.