ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം നീക്കി ഇടക്കാല സർക്കാർ

പ്രധാനമന്ത്രി പ്രഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ് നിരോധനം നീക്കി ഉത്തരവിട്ടത്

Update: 2024-08-29 06:57 GMT
Editor : rishad | By : Web Desk

പ്രധാനമന്ത്രി മുഹമ്മദ് യൂനുസ്- ജമാഅത്തെ ഇസ്‌ലാമി അമീർ ഡോ. ഷഫീഖുർ റഹ്‌മാൻ 

Advertising

ധമാക്ക: ജമാഅത്തെ ഇസ്‌ലാമിയുടെയും വിദ്യാർഥി സംഘടനയായ ഇസ്‌ലാമി ഛാത്ര ശിബിറിന്റെയും നിരോധനം നീക്കി ബംഗ്ലാദേശ് സർക്കാർ. പ്രധാനമന്ത്രി പ്രഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ് നിരോധനം നീക്കി ഉത്തരവിട്ടത്.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ മാസം 1നാണ് തീവ്രവാദ വിരുദ്ധ നിയമപ്രകാരം പാർട്ടിയെ വിലക്കിയത്. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുന്നതിന് നാല് ദിവസം മുമ്പായിരുന്നു നിരോധനം. വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ പേരിൽ രാജ്യത്ത് കലാപം സൃഷ്ടിച്ചത് പാർട്ടിയുടെ നേതൃത്വത്തിലാണെന്ന് ഹസീന ആരോപിച്ചിരുന്നു. എന്നാല്‍ സംഘടനകൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് വിലക്ക് നീക്കിയത്. 

ജമാഅത്ത് ഇസ്‌ലാമിക്ക് ഷെയ്ഖ് ഹസീന സർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ജമാഅത്തെ ഇസ്‍ലാമിക്കോ അതിന്റെ വിദ്യാർഥി വിഭാഗമായ ഇസ്‍ലാമി ഛാത്ര ശിബിറിനോ അനുബന്ധ സംഘടനകൾക്കോ നിരോധനത്തിന് കാരണമായി പറഞ്ഞ തീവ്രവാദ ബന്ധം കണ്ടെത്താനായില്ലെന്ന് ഉത്തരവിൽ പറഞ്ഞു. 

ഇതോടെ ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന് സംഘടനക്ക് ഏർപ്പെടുത്തിയ വിലക്കും നീങ്ങും. രാജ്യത്തുടനീളം സ്വാധീനമുള്ള ജമാഅത്തെ ഇസ്‌ലാമിയെ, 2013ലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നത്. ശേഷം 2014, 2018 തെരഞ്ഞെടുപ്പുകളിലും 2024 ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പിലും പാര്‍ട്ടി മത്സരിച്ചിരുന്നില്ല. 2024ലെ തെരഞ്ഞെടുപ്പ് പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്കരിച്ചിരുന്നു. ഷെയ്ഖ് ഹസീനയുടെ വേട്ടയിൽ പ്രതിഷേധിച്ചും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമല്ലെന്നും ആരോപിച്ചാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്  സുപ്രീംകോടതിയിൽ ഹർജി നൽകുമെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ അഭിഭാഷകൻ ഷിഷിർ മോനിർ പറഞ്ഞു.  

മുസ്‍ലിംകളും ഹിന്ദുക്കളും ബുദ്ധരും ക്രിസ്ത്യാനികളും മറ്റുന്യൂനപക്ഷ മത വിഭാഗങ്ങളി​ലെ സഹോദരീ സഹോദരങ്ങളും ചേർന്നാണ് ബംഗ്ലാദേശ് നിർമ്മിച്ചിരിക്കുന്നതെന്നും നാമെല്ലാവരും ചേർന്നതാണ് ഈ രാഷ്ട്രമെന്നും ജമാഅത്തെ ഇസ്‌ലാമി അമീർ ഡോ. ഷഫീഖുർ റഹ്‌മാൻ പറഞ്ഞു. നിരോധനം നീക്കിയതിനു പിന്നാലെ ധാക്കയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 Summary- Bangladesh’s interim government lifts ban on Jamaat-e-Islami party

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News