85 വർഷത്തിന് ശേഷം ബി.ബി.സി അറബിക് റേഡിയോ നിർത്തി

1938 ജനുവരി മൂന്നിനാണ് ഈജിപ്തിൽ ബി.ബി.സി അറബിക് റേഡിയോ സ്‌റ്റേഷൻ ആരംഭിച്ചത്.

Update: 2023-01-29 03:50 GMT

bbc

Advertising

ലണ്ടൻ: 85 വർഷത്തെ പ്രവർത്തനത്തിന് ശേഷം ബി.ബി.സി അറബിക് റേഡിയോ പ്രക്ഷേപണം നിർത്തി. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റൽ പ്രോഗ്രാമുകളിലേക്ക് മാറുന്നതിന്റെയും ഭാഗമായാണ് നടപടി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് അവതാരകരായ നൂറുദ്ദീൻ സൊർഗി, മഹ്മുദ് അൽ മുസല്ലിം എന്നിവരാണ് റേഡിയോ പ്രക്ഷേപണം നിർത്തുന്നതായി പ്രഖ്യാപിച്ചത്.

''ഞങ്ങളുടെ സേവനത്തോടുള്ള നിങ്ങളുടെ വിശ്വസ്തതയ്ക്കും സ്‌നേഹത്തിനും നന്ദി പറയുന്നു. ഈ അഭിമാനകരമായ യാത്രയുടെ ആണിക്കല്ല് നിങ്ങളാണ്. ഇതൊരു വിടവാങ്ങലല്ല''-അവസാന സന്ദേശത്തിൽ മുസല്ലിം പറഞ്ഞു.

2013 വരെ യു.കെ വിദേശകാര്യവകുപ്പ് ധനസഹായം നൽകിയ ബി.ബി.സി അറബിക് റേഡിയോ അറബ് പ്രക്ഷേപണ മാധ്യമങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു. അറബ് ആഫ്രിക്കൻ മേഖലയിൽ ബ്രിട്ടന്റെ സ്വാധീനം വർധിപ്പിക്കുന്നതിലും ബി.ബി.സി റേഡിയോ വലിയ പങ്ക് വഹിച്ചിരുന്നു. കൊളോണിയൽ അധിനിവേശം ചെറുത്തതിന് ഒരു 28 കാരനായ ഫലസ്തീൻ യുവാവിനെ ബ്രിട്ടീഷ് അധികാരികൾ വധിച്ച വാർത്തയാണ് ബി.ബി.സി അറബിക് റേഡിയോ ആദ്യമായി റിപ്പോർട്ട് ചെയ്തത്.

അറബിക്, ചൈനീസ്, ഹിന്ദി, പേർഷ്യൻ ഉൾപ്പെടെ 10 ഭാഷകളിലെ പ്രക്ഷേപണം നിർത്തുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ബി.ബി.സി അറിയിച്ചിരുന്നു. 1938 ജനുവരി മൂന്നിനാണ് ഈജിപ്തിൽ ബി.ബി.സി അറബിക് റേഡിയോ സ്‌റ്റേഷൻ ആരംഭിച്ചത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News