ബിടിഎസ് താരങ്ങള്‍ സൈനിക സേവനത്തിന്; തിരിച്ചെത്തുക 2025ല്‍
ദക്ഷിണ കൊറിയന്‍ നിയമ പ്രകാരമുള്ള നിര്‍ബന്ധിത മിലിട്ടറി സേവനത്തിന് താരങ്ങള്‍ തയ്യാറെടുക്കുകയാണ്.
പ്രശസ്തമായ ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ ഏഴ് അംഗങ്ങളും സൈനിക സേവനം ചെയ്യുമെന്ന് സ്ഥിരീകരിച്ചു. ഈ മാസം അവസാനത്തോടെ നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് ബിടിഎസിലെ മുതിർന്ന അംഗമായ ജിന്നും മാനേജ്‌മെന്റ് ഏജൻസിയും മാധ്യമങ്ങളെ അറിയിച്ചു.
ദക്ഷിണ കൊറിയന്‍ നിയമ പ്രകാരമുള്ള നിര്‍ബന്ധിത മിലിട്ടറി സേവനത്തിന് താരങ്ങള്‍ തയ്യാറെടുക്കുകയാണ്. ബിടിഎസിന്റെ മറ്റൊരു ഹിറ്റിനായി 2025 വരെ കാത്തിരിക്കേണ്ടിവരും. 2023ലെ ലോക എക്സ്പോയ്ക്ക് വേദിയാകാനുള്ള ദക്ഷിണ കൊറിയയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ യെറ്റ് റ്റു കമ്മുമായി തരംഗം തീര്‍ത്തത് കഴിഞ്ഞ ദിവസമാണ്. അതിന് ശേഷമാണ് ഇപ്പോള്‍ ആരാധകരെ സങ്കടത്തിലാക്കുന്ന പ്രഖ്യാപനവുമായി ബിടിഎസ് രംഗത്തെത്തുന്നത്.
ദക്ഷിണ കൊറിയയിൽ എല്ലാ പുരുഷന്മാരും ഏകദേശം രണ്ട് വർഷത്തേക്കാണ് സൈന്യത്തിൽ സേവനം അനുഷ്ഠിക്കേണ്ടത്. ബിടിഎസിന്റെ ലോകജനപ്രീതി കാരണം ഇവരുടെ നിർബന്ധിത സൈനിക സേവനം ദക്ഷിണ കൊറിയയിൽ വളരെക്കാലമായി ഒരു പ്രധാന ചർച്ചയായിരുന്നു.ബിടിഎസ് താരങ്ങള്‍ക്ക് നല്‍കിയ ഇളവ് പ്രകാരം 30 വയസിനുള്ളില്‍ സേവനത്തിന് എത്തണം. 29 വയസായ ജിന്നാകും ആദ്യം രാജ്യസേവനത്തിനായി പോകുക. 2020ലാണ് താരങ്ങള്‍ക്ക് സൈനിക സേവനം വൈകിപ്പിച്ച് കൊണ്ട് ഇളവ് നല്‍കിയത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ലോകത്തെ ബെസ്റ്റ് സെല്ലിങ് ബ്രാന്‍ഡായി ബിടിഎസ് വളർന്നു. ശബ്ദത്തിലും ചുവടുകളിലും വേഷത്തിലുമെല്ലാം അതുവരെ ഉണ്ടായിരുന്ന സങ്കല്‍പ്പങ്ങളെയെല്ലാം ആ ചെറുപ്പക്കാർ തകർത്തു. ഡൈനമൈറ്റും ബട്ടറും ഫയറും ഫെയ്ക്ക് ലവുമെല്ലാം യുവതലമുറയുടെ ഹരമായി. 2025ല്‍ സൈനിക സേവനം പൂര്‍ത്തിയാക്കി മറ്റൊരു തകര്‍പ്പന്‍ ഹിറ്റുമായി അവരെത്തും.