ജയിലിൽനിന്ന് ജനക്കൂട്ടത്തിനു നടുവിലേക്ക്; പാകിസ്താനെ അമ്പരപ്പിച്ച് ബുഷ്‌റ ബീബി, പ്രക്ഷോഭത്തിന്റെ മുൻനിരയിൽ
13-ാം നൂറ്റാണ്ടിൽ പഴയ പഞ്ചാബ് പ്രവിശ്യയിൽ ജീവിച്ച സൂഫി ഗുരു ഫരീദുദ്ദീൻ ഗഞ്ച്ഷക്കറിന്റെ ആത്മീയസരണിയിലെ പ്രധാനിയായി മാറിയ ബുഷ്‌റ ബീബി ഒരിക്കലും പൊതുരംഗത്തോ മാധ്യമങ്ങള്‍ക്കു മുന്‍പിലോ പ്രത്യക്ഷപ്പെട്ടിരുന്നില്ല
ഇസ്‌ലാമാബാദ്: 'പ്രിയപ്പെട്ട മക്കളേ, സഹോദരങ്ങളേ.. നിങ്ങൾ എനിക്കൊപ്പം നിൽക്കണം. നിങ്ങൾ ഒപ്പമുണ്ടായില്ലെങ്കിലും ഞാൻ പിന്നോട്ടില്ല; ഉറച്ചുതന്നെ നിൽക്കും. ഇത് എന്റെ ഭർത്താവിന്റെ മാത്രം കാര്യമല്ല. പാകിസ്താനും അതിന്റെ നേതാവിനും വേണ്ടിയുള്ള പോരാട്ടമാണിത്...'
പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ പ്രധാന നിരത്തുകളിൽ ബാരിക്കേഡ് പോലെ നിരത്തിയിട്ട ഷിപ്പിങ് കണ്ടെയ്‌നറിനു മുകളിൽ കയറിനിന്ന് ഉറച്ച ശബ്ദത്തിൽ പ്രഖ്യാപനം നടത്തുന്നത് മുഖപടമണിഞ്ഞൊരു സ്ത്രീ. പേര് ബുഷ്‌റ ബീബി. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ. അതുവരെയും മാധ്യമങ്ങളിലോ പൊതുരംഗങ്ങളിലോ ഒന്നും പ്രത്യക്ഷപ്പെടാത്തൊരാൾ. മാധ്യമങ്ങൾ ദുരൂഹതയും ഗോസിപ്പുകളും കലർത്തി മാത്രം വാർത്തകളിൽ അവതരിപ്പിച്ചൊരു വനിത. പെട്ടെന്നൊരുനാൾ എല്ലാവരെയും ഞെട്ടിച്ച് രാജ്യതലസ്ഥാനത്തെ ജനകീയ പ്രക്ഷോഭത്തിന്റെ മധ്യത്തിലേക്ക് നടന്നുകയറുന്നു. പിന്നോട്ടില്ലെന്നുറച്ച് പോർമുഖത്ത് നിലയുറപ്പിച്ച അവർ പതിയെ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്ത് പതിനായിരങ്ങളെ ഒറ്റയ്ക്കു നിയന്ത്രിക്കുന്നു.
പ്രതിഷേധത്തിനു നടുവിലേക്ക്
പാകിസ്താനെ മാത്രമല്ല, ലോകരാഷ്ട്രീയത്തെ തന്നെയും ഞെട്ടിച്ചിരിക്കുകയാണ് ബുഷ്‌റ ബീബി. കഴിഞ്ഞ നവംബർ 22നാണ് അസാധാരണമായൊരു വിഡിയോ സന്ദേശത്തിലൂടെ, ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീക്കെ ഇൻസാഫ്(പിടിഐ) പ്രവർത്തകരോട് 'ജീവന്മരണ' പോരാട്ടത്തിനിറങ്ങാൻ ബുഷ്‌റ ആഹ്വനം ചെയ്യുന്നത്. ഇത് പാക് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവസാനത്തെ പോരാട്ടമെന്നായിരുന്നു അവർ വിശേഷിപ്പിച്ചത്.
പ്രിയപ്പെട്ട നേതാവിന്റെ പ്രിയപത്‌നിയുടെ അസാധാരണമായ ആഹ്വാനം ശിരസാവഹിച്ച് ദിവസങ്ങൾക്കകം ആയിരങ്ങൾ തെരുവിലേക്കൊഴുകി. ഒരേയൊരു ആവശ്യമായിരുന്നു ആ ജനക്കൂട്ടം ഉയർത്തിയത്; ഇമ്രാൻ ഖാന്റെ മോചനം.
നവംബർ 25, 26 ദിവസങ്ങളിൽ പതിനായിരങ്ങൾ രാജ്യതലസ്ഥാനത്തേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ തടയാൻ നഗരത്തിൽ നേരത്തെ തന്നെ പൊലീസ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും പ്രധാന നിരത്തുകളെല്ലാം ഷിപ്പിങ് കണ്ടെയ്‌നറുകൾ ഉൾപ്പെടെ ഉപയോഗിച്ച് അടച്ചിടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ്, അപ്രതീക്ഷിതമായി ഖൈബർ-പഖ്തുൻഖ്വ മുഖ്യമന്ത്രി അലി അമീൻ ഗന്ദാപൂരിനൊപ്പം ജനക്കൂട്ടത്തിനു നടുവിൽ ബുഷ്‌റ ബീബി പ്രത്യക്ഷപ്പെടുന്നത്. ഇമ്രാൻ ഖാൻ പുറത്തിറങ്ങുംവരെ ഇവിടെനിന്നു പിന്നോട്ടില്ലെന്ന് ഉറപ്പുനൽകണമെന്ന ആവശ്യമാണ് ആദ്യമായി അവർ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടത്.
തിളച്ചുപൊന്തിയ ജനരോഷം നിയന്ത്രിക്കാൻ പൊലീസ് കഷ്ടപ്പെട്ടു. ആദ്യ കണ്ണീർവാതകവും ജലപീരങ്കിയുമെല്ലാം പ്രയോഗിച്ചിട്ടും ജനക്കൂട്ടം പിന്തിരിഞ്ഞില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ നിരവധി പ്രവർത്തകർ കൊല്ലപ്പെട്ടു. നൂറുകണക്കിനുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തമൊഴിഞ്ഞ പൊലീസ് കുറ്റം മുഴുവൻ ബുഷ്‌റയ്ക്കുമേൽ ചാർത്തുകയും ചെയ്തു.
പിടിഐയിലെ 'ചതി'; ജനങ്ങൾക്കും ഇമ്രാനും ഇടയിൽ പാലമായി ബുഷ്‌റ
ഇമ്രാൻ ഖാന്റെ നിർദേശപ്രകാരമാണ് ബുഷ്‌റ ബീബി ജനകീയ പ്രക്ഷോഭത്തിനു മുന്നിലേക്കും അതുവഴി സജീവരാഷ്ട്രീയത്തിലേക്കും ഇറങ്ങുന്നതെന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. 100ലേറെ കുറ്റങ്ങൾ ചാർത്തപ്പെട്ട് ഇമ്രാൻ ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് 500 ദിവസം പിന്നിട്ടു. അധികാരം നഷ്ടപ്പെട്ടെന്നു മാത്രമല്ല, ഇമ്രാന് ഇനിയൊരു തിരിച്ചുവരവില്ലെന്നുവരെ വിലയിരുത്തലുകൾ വരുന്ന ഘട്ടത്തിൽ പിടിഐ നേതൃത്വത്തിൽ ആശയക്കുഴപ്പവും പാളയത്തിൽ പടയും ഉടലെടുത്തുകഴിഞ്ഞെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ സ്വന്തം സ്ഥാനങ്ങൾ ഉറപ്പിക്കാൻ വേണ്ടി മത്സരിക്കുന്ന മുതിർന്ന നേതാക്കളിൽ പലരും ഇമ്രാന്റെ ജയിലിൽനിന്നുള്ള നിർദേശങ്ങൾക്ക് ചെവികൊടുക്കാതായിട്ടുണ്ട്.
ജയിലിൽനിന്ന് പ്രവർത്തകരെയും ജനങ്ങളെയും ലക്ഷ്യമിട്ട് അയയ്ക്കുന്ന സന്ദേശങ്ങളൊന്നും ഉദ്ദേശിച്ച സ്ഥലങ്ങളിൽ എത്തുന്നില്ലെന്ന തോന്നൽ ഇമ്രാൻ ഖാനുണ്ടായിട്ടുണ്ട്. ഇതെല്ലാം പല നേതാക്കളും ഇടപെട്ട് തടയുകയും പാർട്ടി സംവിധാനങ്ങൾ സ്വന്തം കാര്യങ്ങൾക്കു വേണ്ടി ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നതായുള്ള വിവരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടെന്നും ബുഷ്‌റയുമായി അടുത്ത ബന്ധമുള്ള മഷാൽ യൂസുഫ്‌സായ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുഷ്‌റയോട് തന്നെ നേരിട്ട് ജനങ്ങൾക്കിടയിൽ ഇറങ്ങാൻ ഇമ്രാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പരിചയമില്ലാത്ത ബുഷ്‌റയ്ക്ക് ആവശ്യമുള്ള എല്ലാ വിവരങ്ങളും ഇമ്രാൻ കൈമാറിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരോടും നേതാക്കളോടും ഇടപെടേണ്ട രീതികളെല്ലാം അദ്ദേഹം വിവരിച്ചുകൊടുത്തിട്ടുണ്ട്. തന്റെ ജയിൽമോചനത്തിനായി നടത്തേണ്ട ഇടപെടലുകൾ ഉൾപ്പെടെ ബുഷ്‌റയ്ക്കു കൃത്യമായ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മഷാൽ വെളിപ്പെടുത്തി.
ബുഷ്‌റയ്ക്ക് രാഷ്ട്രീയ താൽപര്യങ്ങളൊന്നുമില്ലെന്നും മഷാൽ തുടരുന്നു. സൗമ്യമായ ആത്മീയവ്യക്തിത്വമാണ് അവർ. നിലവിലെ സാഹചര്യത്തിൽ ഇമ്രാനും ജനങ്ങൾക്കും ഇടയിലുള്ള പാലമായാണ് അവർ വർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതേ കാര്യം ബുഷ്‌റയുടെ സഹോദരി മർയം വാട്ടൂവും ആവർത്തിക്കുന്നുണ്ട്. ഇമ്രാൻ ഖാനുമായി അടുത്ത ബന്ധമുള്ള പലരുടെയും പ്രവർത്തനങ്ങൾ ദുരൂഹമാണെന്നാണ് അവർ വെളിപ്പെടുത്തിയത്. തങ്ങളുടെ രാഷ്ട്രീയലാഭങ്ങൾക്കു വേണ്ടി പല തോണികളിൽ കാലിടുന്നവരാണ് അവർ. ഇസ്‌ലാമാബാദിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാതിരിക്കാൻ അവർ ബീബിക്കുമേൽ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതെല്ലാം മറികടന്നാണ് ഇമ്രാന്റെ നിർദേശം അനുസരിച്ച് അവർ മുന്നോട്ടുപോയതെന്നും മർയം പറയുന്നു.
ആത്മീയഗുരുവിൽനിന്ന് ദാമ്പത്യത്തിലേക്ക്
പഞ്ചാബ് സ്വദേശിയായ ബുഷ്‌റ റിയാസ് വാട്ടൂ എന്ന ബുഷ്‌റ ബീബിയെ 2014ലാണ് ഇമ്രാൻ ഖാൻ പരിചയപ്പെടുന്നത്. ആദ്യ വിവാഹങ്ങളുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളും വാർത്തകളും രാഷ്ട്രീയ പ്രശ്‌നങ്ങളുമായി തലപുകഞ്ഞുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ബുഷ്‌റയുടെ സഹോദരി മർയം റിയാസ് വാട്ടൂ തന്നെ ആ കൂടിക്കാഴ്ചയൊരുക്കിയത്. ഇസ്‌ലാമാബാദിൽ നടന്ന പിടിഐയുടെ ഒരു പ്രതിഷേധ ധർണയ്ക്കിടെയായിരുന്നു ഇത്.
13-ാം നൂറ്റാണ്ടിൽ പഴയ പഞ്ചാബ് പ്രവിശ്യയിൽ ജീവിച്ച സൂഫി ഗുരുവും ഇസ്‌ലാമിലെ ചിശ്തി ആത്മീയസരണയിലെ പ്രധാനിയുമായ ഫരീദുദ്ദീൻ ഗഞ്ച്ഷക്കറിന്റെ(ബാബ ഫരീദ്) അനുയായിയാണ് ബുഷ്‌റ ബീബി. ബാബ ഫരീദിന്റെ അധ്യാത്മികസരണിയിലൂടെ വളർന്ന അവർ അപ്പോഴേക്ക് ജനങ്ങൾക്കു മാർഗനിർദേശം നൽകുന്ന ആത്മീയഗുരുവായി മാറിയിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥനായ ഖവാർ മനേകയായിരുന്നു ഭർത്താവ്. സൂഫിസത്തിലുള്ള താൽപര്യം തന്നെയാണ് ഇമ്രാൻ ഖാനെ ബുഷ്‌റയുമായി അടുപ്പിച്ചത്. പതിയെ പാക്പഠാനിലെ ഭർതൃഗൃഹത്തിലെ നിത്യസന്ദർശകനായി മാറി ഇമ്രാൻ. ജീവിതത്തിലെ ഓരോ ചുവടുവയ്പ്പുകളിലും ഉപദേശനിർദേശങ്ങൾ തേടി ബീബിയുടെ അടുത്തെത്തി. ഒടുവിൽ 2017ൽ ആദ്യ വിവാഹത്തിൽനിന്നു വേർപിരിഞ്ഞ ബുഷ്‌റ ബീബി 2018 ഫെബ്രുവരിയിൽ ഇമ്രാൻ ഖാനെ വിവാഹം കഴിക്കുകയും ചെയ്തു.
മുൻ ഭാര്യമാരായ ബ്രിട്ടീഷ് മാധ്യമപ്രവർത്തക ജെമീമ ഗോൾഡ്‌സ്മിത്തിൽനിന്നും പാക് മാധ്യമപ്രവർത്തക റെഹാം ഖാനിൽനിന്നും ഏറെ വ്യത്യസ്തമായിരുന്നു ബുഷ്‌റ. മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ആദ്യ ഭാര്യമാരിൽനിന്ന് ഏറെ മാറി പൊതുരംഗങ്ങളിലൊന്നും അവർ പ്രത്യക്ഷപ്പെട്ടതേയില്ല. മാധ്യമങ്ങൾക്കു മുന്നിൽ മുഖം പോലും വെളിപ്പെടുത്തിയില്ല. 2018ൽ, വിവാഹം കഴിഞ്ഞ് ആറാം മാസമാണ്, 'ആത്മീയാനുഗ്രഹം' പോലെ പിടിഐ പാക് പൊതുതെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടുകയും ഇമ്രാൻ പ്രധാനമന്ത്രിയായി അധികാരമേൽക്കുകയും ചെയ്യുന്നത്. ഇമ്രാൻ രാജ്യഭരണം നയിക്കുമ്പോഴും ബുഷ്‌റ ബീബി എവിടെയുമുണ്ടായിരുന്നില്ല.
എന്നാൽ, ആഭിചാരക്രിയകളും മന്ത്രവാദവുമെല്ലാം നടത്തുന്ന വ്യാജസിദ്ധയാണെന്ന് ശത്രുക്കൾ ബുഷ്‌റയ്‌ക്കെതിരെ ആരോപണങ്ങളുയർത്തി. മുൻ പാക് ഇന്റലിജൻസ് വിഭാഗം മേധാവി ജനറൽ ഫൈസ് ഹമീദ് ഉൾപ്പെടെ നൽകി വിവരങ്ങൾ 'ദിവ്യജ്ഞാനം' പോലെ അവതരിപ്പിച്ച് ഇമ്രാൻ ഖാനെ കബളിപ്പിക്കുകയാണെന്നും ആരോപണമുയർന്നു. ഇതിനിടെ, ബുഷ്‌റയും ഇമ്രാനും തമ്മിലുള്ള വിവാഹം ഇസ്‌ലാമികവിരുദ്ധമാണെന്ന് കാണിച്ച് 2023ൽ മുൻ ഭർത്താവ് ഖവാർ ഇസ്‌ലാമാബാദിലെ കോടതിയിൽ ഹരജി നൽകി. ഇസ്‌ലാമിൽ വിവാഹമോചനശേഷം പുതിയ വിവാഹത്തിനുമുൻപ് നിർബന്ധമായും പാലിക്കേണ്ട 'ഇദ്ദ' കാലയളവ് കഴിയുംമുൻപ് വിവാഹം നടന്നുവെന്നായിരുന്നു ആരോപണം. കേസ് പരിഗണിച്ച കോടതി വിവാഹം അസാധുവാണെന്നു വിധി പ്രഖ്യാപിക്കുകയും ഇരുവരെയും ജയിലിലടക്കുകയും ചെയ്തു.
ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും തോഷഖാന അഴിമതിക്കേസിൽ ഇമ്രാനൊപ്പം വീണ്ടും ബുഷ്‌റ അറസ്റ്റിലായി. റാവൽപിണ്ടിയിലെ അദിയാല സെൻട്രൽ ജയിലിൽ ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് ബുഷ്‌റ ജാമ്യത്തിൽ പുറത്തിറങ്ങുന്നത്. അപ്പോഴും ഒന്നിനു പിറകെ ഒന്നായി നിയമക്കുരുക്കുകളിൽപെട്ട് ഇമ്രാന്റെ ജയിൽവാസം നീളുകയാണ്. രാജ്യദ്രോഹം ഉൾപ്പെടെ അതീവ ഗുരുതര കുറ്റങ്ങളും അഴിമതിക്കേസുകളുമെല്ലാം ചുമത്തിപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ മോചനം അനന്തമായി നീളുകയാണ്.
Summary: Imran Khan's wife Bushra Bibi leads PTI protests, stands at the forefront of the agitations to free the former Pakistan PM