മകൻ്റെ കുറ്റകൃത്യങ്ങൾക്ക് മാപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍

പ്രസിഡൻ്റിൻ്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി

Update: 2024-12-02 12:15 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

വാഷിങ്ടൺ: മകന്‍ ഹണ്ടര്‍ ബൈഡന് ഔദ്യോഗികമായി മാപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. നികുതിവെട്ടിപ്പ്, അനധികൃതമായി തോക്ക് കൈവശപ്പെുത്തൽ തുടങ്ങിയ കേസുകളിലായിരുന്നു ഹണ്ടര്‍ ബൈഡൻ ഉൾപ്പെട്ടിരുന്നത്.

നേരത്തെ മകന് മാപ്പ് നൽകില്ലെന്ന പരസ്യ നിലപാടായിരുന്നു ജോ ബൈഡൻ എടുത്തിരുന്നത്. എന്നാൽ തന്റെ മകനായതുകൊണ്ട് മാത്രം ഹണ്ടര്‍ ബൈഡന്‍ വേട്ടയാടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നല്‍കിയിരിക്കുന്നത്. പ്രസിഡന്റ് കാലാവധി അവസാനിനിരിക്കെയാണ് ജോ ബൈഡന്‍ മുൻ നിലപാട് മാറ്റിയിരിക്കുന്നത്.

'അധികാരത്തില്‍ കയറിയത് മുതല്‍ നീതിന്യായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് കരുതിയിരുന്നു. എന്നാല്‍ ഹണ്ടര്‍ ബൈഡനെ നിയമവിരുദ്ധമായി വേട്ടയാടിയതിനാല്‍ തീരുമാനം മാറ്റേണ്ടി വരികയാണെന്ന്' വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനില്‍ പറഞ്ഞു.'ഹണ്ടറുടെ കേസുകളുടെ വസ്തുതകള്‍ പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും മറ്റൊരു നിഗമനത്തിലെത്താന്‍ കഴിയില്ല. അഞ്ചര വര്‍ഷമായി ഹണ്ടര്‍ ബൈഡൻ നിരന്തരമായ ആക്രമണങ്ങള്‍ക്കും അന്യായമായ നിയമനടപടികള്‍ക്കും വിധേയനായി. ഹണ്ടറിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്' എന്ന് ബൈഡന്‍ പറഞ്ഞു. ഞാന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു എന്നും ഞായറാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയില്‍ ജോ ബൈഡന്‍ കൂട്ടിച്ചേർത്തു.

2014 ജനുവരി 1 മുതല്‍ ഡിസംബര്‍ 1 വരെയുള്ള കാലയളവില്‍ ഹണ്ടര്‍ ബൈഡൻ ഉൾപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളിൽ നിന്നുമാണ് പ്രസിഡന്റ് മാപ്പ് നൽകിയിരിക്കുന്നത്. 2018ല്‍ അനധികൃതമായി റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തോക്ക് വ്യാപാരിയോട് കള്ളം പറയുക, അപേക്ഷയില്‍ തെറ്റായ അവകാശവാദം ഉന്നയിക്കുക, 11 ദിവസത്തേക്ക് നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കുക എന്നീ കുറ്റങ്ങളായിരുന്നു ഹണ്ടര്‍ ബൈഡന് നേരെ ഉണ്ടായിരുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡോണള്‍ഡ് ട്രംപിന്റെയും ആക്രമണങ്ങള്‍ക്കിടയിൽ മകന്റെ ശിക്ഷ ക്ഷമിക്കുകയോ ഇളവ് ചെയ്യുകയോ ചെയ്യില്ലെന്ന് ബൈഡൻ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അനധികൃതമായി തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഈ വർഷം ജൂണിലായിരുന്നു ഹണ്ടർ കുറ്റക്കാരനണെന്ന് ഫെഡറൽ കോടതി കണ്ടെത്തിയത്. ലഹരിക്ക് അടിമയായിരുന്ന കാലത്ത് ചെയ്ത കുറ്റങ്ങള്‍ക്ക് ഹണ്ടര്‍ ബൈഡന്‍ അമേരിക്കന്‍ ജനതയോട് മാപ്പ് പറഞ്ഞിരുന്നു. തോക്ക് കേസിലെ വിചാരണയ്ക്കും നികുതി ആരോപണങ്ങളിലെ കുറ്റസമ്മതത്തിനും ശേഷം ഹണ്ടര്‍ ബൈഡന് ശിക്ഷ ലഭിക്കാൻ ആഴ്ചകള്‍ ശേഷിക്കെയാണ് ജോ ബൈഡന്റെ പുതിയ നീക്കം.

യുഎസ് ഭരണഘടന പ്രകാരം ക്ഷമാപണവും ഇളവുകളും ഉൾപ്പെടുന്ന ദയാഹർജി നൽകാൻ പ്രസിഡന്റിന് അധികാരമുണ്ട്. പ്രസിഡൻ്റുമാർ പലപ്പോഴും ഈ അധികാരം ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് ഫെഡറൽ കുറ്റകൃത്യങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നു. ഫെഡറൽ കുറ്റകൃത്യങ്ങളിൽ മാത്രമാണ് പ്രസിഡന്റിന് ഈ അധികാരം ഉപയോ​​ഗിക്കാൻ കഴിയുന്നത്. സംസ്ഥാന കുറ്റകൃത്യങ്ങളും ഇംപീച്ച്‌മെൻ്റ് ശിക്ഷാ നടപടികളും ഈ നിയമത്തിൽ ഉൾക്കൊള്ളുന്നില്ല. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ 1927 തവണ ദയാഹർജി നൽകിയിട്ടുണ്ട്. അമേരിക്കയുടെ നിയുക്ത പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് 237 തവണയാണ് ദയാഹർജികൾ പുറപ്പെടുവിച്ചത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News