ഡബ്ല്യുഎച്ച്ഒ സംഘം വിമാനം കയറാൻ നിൽക്കെ യമൻ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രായേൽ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടെഡ്രോസ്

കടുത്ത ദാരിദ്ര്യത്തിലുള്ള യമനിലേക്ക് അന്താരാഷ്ട്ര മാനുഷിക സഹായങ്ങൾ എത്തുന്ന തുറമുഖങ്ങളാണ് ഇസ്രായേൽ ആക്രമിച്ചതെന്ന് യുഎൻ വൃത്തങ്ങൾ പറഞ്ഞു

Update: 2024-12-27 10:15 GMT
Editor : Shaheer | By : Web Desk
Advertising

സൻആ: യമനിലെ സൻആയിൽ ഇസ്രായേൽ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലോകാരോഗ്യ സംഘടനാ(ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദനോം ഗെബ്രിയേസസ്. തലസ്ഥാനമായ സൻആയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണു സംഭവം. ടെഡ്രോസിനു പുറമെ ഏതാനും ഡബ്ല്യുഎച്ച്ഒ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ഇവരെല്ലാം ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടതായാണു വിവരം.

കഴിഞ്ഞ ദിവസം ഡബ്ല്യുഎച്ച്ഒ സംഘം യമനിലെ ഔദ്യോഗിക സന്ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു ഇസ്രായേൽ ആക്രമണം നടന്നത്. ടെഡ്രോസും കൂടെയുണ്ടായിരുന്നവരും വിമാനം കയറാൻ നിൽക്കുമ്പോൾ വിമാനത്താവളത്തിൽ ഇസ്രായേൽ ബോംബ് വീഴുകയായിരുന്നു. സംഭവത്തിൽ ഇവർ പുറപ്പെടാൻ നിന്ന വിമാനത്തിലെ ജീവനക്കാരന് പരിക്കേറ്റു.

ആക്രമണത്തിൽ എയർ ട്രാഫിക് കൺട്രോൾ ടവറിനും യാത്രക്കാർ ഇരിക്കുന്ന ലോഞ്ചിനും റൺവേയ്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി ടെഡ്രോസ് എക്‌സിൽ വെളിപ്പെടുത്തി. ഇവർ നിന്നിരുന്ന സ്ഥലത്തുനിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയായിരുന്നു ബോംബ് പതിച്ചത്. യുഎൻ സംഘം സുരക്ഷിതരാണെന്നും ഡബ്ല്യുഎച്ച്ഒ തലവൻ അറിയിച്ചു. യുഎൻ ഹ്യുമാനിറ്റേറിയൻ എയർ സർവീസിന്റെ ഭാഗമായിരുന്ന ഒരാൾക്കും പരിക്കേറ്റതായി പിന്നീട് യുഎൻ വക്താവ് സ്റ്റെഫാനി ട്രെംബ്ലായ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യമൻ തലസ്ഥാനത്ത് രൂക്ഷമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. രാജ്യത്തെ വിവിധ തുറമുഖങ്ങളെയും സർക്കാർ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. തെൽഅവീവിൽ ഹൂതികൾ കഴിഞ്ഞ ദിവസം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രായേൽ ആക്രമണമെന്നാണു വിശദീകരണം. സൻആ വിമാനത്താവളത്തിലും ഹുദൈദയിലെയും അൽസാലിഫിലെയും റഅസ് ഖന്തീബിലെയും തുറമുഖങ്ങളിലും ഹൂതികൾ താവളമാക്കിയ കെട്ടിടങ്ങളാണു തങ്ങൾ ആക്രമിച്ചതെന്നാണ് ഐഡിഎഫ് വ്യക്തമാക്കിയത്.

ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ഹൂതി നിയന്ത്രണത്തിലുള്ള 'അൽമസീറ' ചാനൽ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ആക്രമണത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

കഴിഞ്ഞയാഴ്ചയാണ് തെൽഅവീവിലെ ഒരു മൈതാനത്ത് ഹൂതി മിസൈൽ വീണത്. സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം. ഇതിനു പിന്നാലെയാണു ഭരണകൂടത്തിന്റെ നിർദേശപ്രകാരം ഐഡിഎഫ് യമൻ ആക്രമിച്ചത്. ഒരു പതിറ്റാണ്ടിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തെ തുടർന്ന് കടുത്ത ദാരിദ്ര്യത്തിലുള്ള യമനിലേക്ക് അന്താരാഷ്ട്ര മാനുഷിക സഹായങ്ങൾ എത്തുന്ന തുറമുഖങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് യുഎൻ വൃത്തങ്ങൾ പറയുന്നു. ആക്രമണം ഐഡിഎഫ് വൃത്തങ്ങൾക്കൊപ്പം ഇരുന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിലയിരുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദിവസങ്ങൾക്കുമുൻപ് അമേരിക്കൻ സൈന്യവും യമനിൽ വ്യോമാക്രമണം നടത്തിയിരുന്നു.

Summary: WHO chief Tedros Adhanom Ghebreyesus narrowly escapes Israeli strike at Yemen's Sanaa airport

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News