20 വര്‍ഷത്തിന് ശേഷം ആദ്യമായി ലോകത്ത് ബാലവേല കൂടുന്നു

കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ദശലക്ഷക്കണക്കിന് കുട്ടികളെ ബാലവേലയിലേക്ക് തള്ളിയിടുമെന്ന് മുന്നറിയിപ്പ്

Update: 2021-06-10 06:51 GMT
By : Web Desk
Advertising

ലോകത്ത് ഇരുപത് വര്‍ഷത്തിന് ശേഷം ഇതാദ്യമായി ബാലവേല കൂടുന്നുവെന്ന് മുന്നറിയിപ്പ്. കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി മൂലം ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ജോലിക്ക് ഇറങ്ങേണ്ടി വരുമെന്ന് യുനിസെഫ് പറയുന്നു.

ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജന്‍സിയും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020 ന്‍റെ തുടക്കത്തില്‍ 160 മില്യണ്‍ കുട്ടികള്‍ ബാലവേലയ്ക്ക് നിര്‍ബന്ധിതരാകുന്നുണ്ടെങ്കില്‍, ഇനി വരുന്ന നാലു വര്‍ഷം കൊണ്ട് അതില്‍ 8.4മില്യണ്‍ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. 2000ത്തിനും 2016നും ഇടയില്‍ ബാലവേലയില്‍ 94 മില്യണ്‍ കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിയുടെ ഉത്ഭവത്തിന് മുമ്പേ ഇതില്‍ വര്‍ധനവുണ്ടാകുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോവിഡിന്‍റെ തുടക്കത്തില്‍ തന്നെ പത്തില്‍ ഒരു കുട്ടി വീതമെന്ന കണക്കിലാണ് ലോകത്ത് ബാലവേലയ്ക്ക് ഇരയാക്കപ്പെട്ടത്. തിരിച്ച് വീണ്ടും 2016ലെ കണക്കിന് തുല്യമായ നിലയിലാണ് ബാലവേലയിലേര്‍പ്പെട്ട കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കോവിഡ് സ്ഥിതി കൂടുതല്‍ വഷളാക്കി. പട്ടിണിയിലേക്ക് പോകുന്ന കുടുംബങ്ങളുടെ എണ്ണം കുറയ്ക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചില്ലെങ്കില്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 50 മില്യണിലധികം കുഞ്ഞുങ്ങള്‍ ബാലവേലയ്ക്കിറങ്ങാന്‍ നിര്‍ബന്ധിതരായിത്തീരുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.

ബാലവേലയ്ക്കെതിരെ പോരാടുന്നതിനുള്ള ഒരു അടിത്തറപോലും നമുക്ക് നഷ്ടമായെന്ന്, കോവിഡ് വ്യാപനത്തെ പരാമര്‍ശിച്ചുകൊണ്ട് യുനിസെഫിന്‍റെ ചീഫ് ഹെന്‍‍റിറ്റ ഫോറെ പറയുന്നു. ആഗോള വ്യാപകമായി രണ്ടാമതും ഉണ്ടായ ലോക്ക്ഡൌണ്‍, സ്കൂളുകള്‍ അടച്ചിട്ടത്, സാമ്പത്തിക ഞെരുക്കങ്ങള്‍, രാജ്യങ്ങള്‍ ബജറ്റില്‍ പോലും തുക വകയിരുത്താത്തത് എല്ലാം കുഞ്ഞുങ്ങളെ ജോലിക്ക് അയക്കുക എന്ന ഹൃദയം തകര്‍ക്കുന്ന തീരുമാനമെടുക്കാന്‍ കുടുംബങ്ങളെ നിര്‍ബന്ധിതമാക്കുകയായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദാരിദ്ര്യം വര്‍ധിക്കുകയാണെങ്കില്‍ മറ്റൊരു 9 മില്യണ്‍ കുട്ടികള്‍ കൂടി ബാലവേലയിലേക്ക് ഇറങ്ങുന്നതിന് 2022 സാക്ഷിയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഓരോ നാലു വര്‍ഷം കൂടുമ്പോഴുമാണ് റിപ്പോര്‍ട്ട് പുറത്തുവിടാറുള്ളത്. ലോകത്ത് ആകെയുള്ള ജനസംഖ്യയുടെ പകുതിയിലധികവും 5 വയസ്സിനും 11 വയസ്സിനും ഇടയിലുള്ള കുട്ടികളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.. കൂടുതലും ആണ്‍കുട്ടികളാണ് ബാലവേലയ്ക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്. 2020 ന്‍റെ തുടക്കത്തില്‍ ബാലവേലയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരായ 160 മില്യണ്‍ കുട്ടികളില്‍ 97 മില്യണും ആണ്‍കുട്ടികളാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ ആഴ്ചയില്‍ 21 മണിക്കൂറെങ്കിലും വീട്ടുജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു എന്ന് പരിഗണിക്കുമ്പോള്‍ ഈ ജെന്‍ഡര്‍ ഗ്യാപ് ഒരു പ്രശ്നമല്ലാതെയാവുന്നുവെന്നും പഠനം പറയുന്നു.

അഞ്ചുമുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ അപകടകരമായ ജോലികളില്‍ ഏര്‍പ്പെടേണ്ടി വരുന്നത് കൂടുന്നുണ്ട്. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും മറ്റ് വികാസത്തെയും മോശമായി ബാധിക്കുന്നു. പല കുട്ടികളും ഖനനം പോലുള്ള അപകടകരമായ വ്യവസായങ്ങളുടെ ഭാഗമായുള്ള ജോലികളിലാണ് ഏര്‍പ്പെടുന്നത്. പലരും ആഴ്ചയില്‍ 43 മണിക്കൂറിലധികമാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പലര്‍ക്കും പഠനം തുടരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.  

Tags:    

By - Web Desk

contributor

Similar News