ചൈനീസ് വിദേശകാര്യ മന്ത്രി അഫ്ഗാനിസ്താന്‍ സന്ദര്‍ശിച്ചു
രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ വിഷയങ്ങളാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തില്‍ ചര്‍ച്ചയായത്
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അഫ്ഗാനിസ്താന്‍ സന്ദര്‍ശിച്ചു. താലിബാൻ അധികാരമേറ്റ ശേഷം ആദ്യമായാണ് ചൈനീസ് വിദേശകാര്യമന്ത്രി കാബൂളിലെത്തിയത്. ഉപപ്രധാനമന്ത്രി അബ്ദുല്‍ ഗനി ബരാദറുമായും വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയുമായും വാങ് യി കൂടിക്കാഴ്ച നടത്തി.
രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ വിഷയങ്ങളാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തില്‍ ചര്‍ച്ചയായത്. രാഷ്ട്രീയ - സാമ്പത്തിക - ഗതാഗത പ്രശ്നങ്ങൾ, എയർ കോറിഡോർ, ഡ്രൈ ഫ്രൂട്ട്സ് കയറ്റുമതി, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, വിസ അനുവദിക്കൽ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് അഫ്ഗാന്‍റെ വിദേശകാര്യ വക്താവ് അബ്ദുല്‍ ഖഹർ ബൽഖി പറഞ്ഞു.
ഖനന, സാമ്പത്തിക മേഖലകളില്‍ നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധമാണെന്ന് വാങ് യി അറിയിച്ചു. മെസ് അയ്‌നാക് ചെമ്പ് ഖനിയിൽ പ്രവർത്തനം പുനരാരംഭിക്കാനും ചൈന സന്നദ്ധത പ്രകടിപ്പിച്ചെന്ന് മുല്ല ബരാദറിന്റെ ഓഫീസ് അറിയിച്ചു. ബീജിങിലെ അഫ്ഗാന്‍ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ക്ക് വാങ് യിയുടെ സന്ദര്‍ശനം ഇടയാക്കിയേക്കാം.
സമീർ കാബുലോവിന്റെ നേതൃത്വത്തിലുള്ള റഷ്യൻ ഫെഡറേഷന്‍റെ പ്രതിനിധി സംഘവും കാബൂളിലെത്തിയിട്ടുണ്ട്. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും കാബൂളും മോസ്കോയും തമ്മിലുള്ള ബന്ധം വിപുലീകരിക്കുന്നതിനെ കുറിച്ചും കാബുലോവ് മുല്ല ബരാദറുമായും മുത്താഖിയുമായും ചർച്ച നടത്തി. ചില സാമ്പത്തിക പദ്ധതികളിൽ റഷ്യക്ക് അഫ്ഗാനിസ്താനെ സഹായിക്കാൻ കഴിയുമെന്ന് പ്രതിനിധി സംഘം വ്യക്തമാക്കിയതായി ഇസ്‍ലാമിക് എമിറേറ്റിന്റെ ഡെപ്യൂട്ടി വക്താവ് സിയ അഹ്മദ് തകാൽ പറഞ്ഞു.
ഇസ്‍ലാമാബാദിൽ നിന്നാണ് വാങ് യി കാബൂളിലെത്തിയത്. ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോപറേഷന്‍റെ (ഒഐസി) ദ്വിദിന യോഗത്തിലും പാക് ദിനാഘോഷങ്ങളിലും പങ്കെടുത്തു. ചൈനയുടെ സ്‌റ്റേറ്റ് കൗൺസിലർമാരിൽ ഒരാളായ വാങ് യി ദക്ഷിണേഷ്യൻ പര്യടനത്തിലാണ്. വാങ് യി കാബൂളില്‍ നിന്ന് ഇന്ന് ഇന്ത്യയിലെത്തി.
വാങിന്‍റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ച് ബീജിങിൽ നിന്ന് പരസ്യമായ അറിയിപ്പുകളൊന്നും വന്നിരുന്നില്ല. ഈയിടെയായി വാങ് യിയുടെ വിദേശപര്യടനങ്ങളുടെ വിശദാംശങ്ങള്‍ ചൈന വ്യക്തമായി വെളിപ്പെടുത്താറില്ല. പാകിസ്താൻ ഭരണാധികാരികളുമായി വാങ് യി കൂടിക്കാഴ്ച നടത്തിയത്, ചര്‍ച്ചയ്ക്ക് ശേഷമാണ് ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അഫ്ഗാൻ വിഷയത്തിൽ, സമ്മർദമോ ഉപരോധമോ അവലംബിക്കുന്നതിനു പകരം ആശയവിനിമയം നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് വാങ് യിയുടെ ആഹ്വാനം. തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ രാഷ്ട്രീയ ചട്ടക്കൂട് നിര്‍മിക്കാനും വിവേകപൂർണമായ ആഭ്യന്തര-വിദേശ നയങ്ങൾ നടപ്പിലാക്കാനും എല്ലാത്തരം ഭീകരതയ്‌ക്കുമെതിരെ ദൃഢനിശ്ചയത്തോടെ പോരാടാനും ചൈനയും പാകിസ്താനും അഫ്ഗാനിസ്താനിലെ ഭരണാധികാരികളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് വാങ് യി അവകാശപ്പെട്ടു. സാമ്പത്തിക വികസനം, ഉപജീവനം മെച്ചപ്പെടുത്തൽ, സ്വാശ്രയത്വം എന്നിവയുടെ ശരിയായ പാത കണ്ടെത്തുന്നതിന് അന്താരാഷ്ട്ര സമൂഹം അഫ്ഗാനിസ്താനെ പിന്തുണയ്ക്കണമെന്നും വാങ് യി ആവശ്യപ്പെട്ടു.