ഇസ്രായേലുമായുള്ള ബന്ധം; കൊളംബിയ യൂണിവേഴ്‌സിറ്റിക്കുള്ള എല്ലാ സാമ്പത്തിക സഹായവും നിർത്തിവെക്കുമെന്ന് പൂർവവിദ്യാർഥികൾ
ഫലസ്തീനികളെ കൊലപ്പെടുത്തുന്നതിൽ സാമ്പത്തികമായും ധാർമികമായും കൊളംബിയ യൂണിവേഴ്‌സിറ്റിക്കും പങ്കുണ്ടെന്ന് വിദ്യാര്‍ഥികള്‍ ഒപ്പുവെച്ച കത്തില്‍ പറയുന്നു
ന്യൂയോർക്ക്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ കാമ്പസുകളിലെല്ലാം വൻ വിദ്യാർഥി പ്രതിഷേധമാണ് നടന്നത്. രാജ്യത്തെ പ്രമുഖ സർവകലാശാലകളും കോളജുകളുമെല്ലാം ഏതാനും ദിവസങ്ങളായി പ്രതിഷേധച്ചൂടിലാണ്. വിവിധ കാമ്പസുകളിലായി 2500 ലധികം വിദ്യാർഥികൾ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഏപ്രിൽ പകുതിയോടെയാണ് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധങ്ങൾക്ക് തുടക്കമായത്.
കൊളംബിയ യൂണിവേഴ്‌സിറ്റിക്ക് നൽകിവരുന്ന എല്ലാ സാമ്പത്തിക സഹായവും താൽക്കാലികമായി നിർത്തുന്നതായി പൂർവവിദ്യാർഥികൾ അറിയിച്ചു. 13 ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ ആവശ്യങ്ങൾ പൂർത്തിയാക്കുന്നത് വരെ യാതൊരുവിധ സാമ്പത്തിക സഹായവും നൽകില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി. സർവകലാശാലയ്ക്ക് നൽകിവരുന്ന എല്ലാ സാമ്പത്തിക,അക്കാദമിക് പിന്തുണയും നിർത്തിവെക്കുന്നതായി വ്യക്തമാക്കുന്ന കത്തിലും പൂർവവിദ്യാർഥികൾ ഒപ്പുവെച്ചു.
ഇസ്രായേൽ സൈനിക അധിനിവേശത്തിൽ നിന്ന് പണം കണ്ടെത്തുകയോ ലാഭം നേടുന്നതോ ആയ സ്ഥാപനങ്ങളുമായി കൊളംബിയ യൂണിവേഴ്‌സിറ്റിക്ക് ബന്ധങ്ങളുണ്ട്. അതിനർഥം ഫലസ്തീനികളെ കൊലപ്പെടുത്തുന്നതിൽ സാമ്പത്തികമായും ധാർമികമായും കൊളംബിയ യൂണിവേഴ്‌സിറ്റിക്കും പങ്കുണ്ടെന്ന് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റിനെയും ട്രസ്റ്റികളെയും അഭിസംബോധന ചെയ്യുന്ന കത്തിൽ പറയുന്നു.
1,600-ലധികം പൂർവ വിദ്യാർഥികളാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കത്തിൽ ഒപ്പിടുന്നവരുടെ എണ്ണം അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുകയാണ്. പുതുതായി ഒപ്പിട്ടവരുടെ എണ്ണം വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പൂർവവിദ്യാർഥികൾ കത്ത് പുറത്ത് വന്നതിന് പിന്നാലെ യൂണിവേഴ്‌സിറ്റിക്ക് ലഭിക്കേണ്ടിയിരുന്ന സംഭാവനയിൽ ഏകദേശം 41 മില്യന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഗസ്സ അധിനിവേശത്തിലും വംശഹത്യയിൽ നിന്നും ലാഭം നേടുന്ന കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കാമ്പസ് പൂർണമായും വിട്ടു നിൽക്കുക, ഗസ്സയിൽ സ്ഥിരമായ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവന പുറത്തിറക്കുക, കാമ്പസില്‍ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തിലുണ്ട്. കഴിഞ്ഞ വർഷം മാത്രം ട്യൂഷൻ ഫീസ് ഇനത്തിൽ 1.53 ബില്യൺ ഡോളറാണ് വിദ്യാർഥികൾ സർവകലാശാലക്കായി നൽകിയത്. ഈ പണമെല്ലാം എങ്ങോട്ടാണ് പോകുന്നത്,എന്തിനാണ് വിനിയോഗിക്കണമെന്ന് അറിയണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ക്രൂരമർദനത്തിന് ഇരയായ വിദ്യാർഥികൾക്കുള്ള എല്ലാ ചികിത്സാ സഹായവും യൂണിവേഴ്‌സിറ്റി നൽകണമെന്നും യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നെമറ്റ് മിനോഷെ ഷാഫിയെ പുറത്താക്കണമെന്നും പൂർവവിദ്യാർഥികൾ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.സർവകലാശാല ഫലസ്തീൻ ജീവിതത്തെയും വിമോചനത്തെയും പിന്തുണച്ച് ധീരമായി പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടാണ് പൂർവവിദ്യാർഥികളുടെ കത്ത് അവസാനിപ്പിക്കുന്നത്.
അതേസമയം,വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചതിന് പിന്നാലെ പൂർവിദ്യാർഥികൾ സംഭാവന നിർത്തിവെക്കുന്നത് ആദ്യമായല്ല. ന്യൂയോർക്ക് സർവകലാശാലയിൽ നൂറുക്കണക്കിന് പൂർവവിദ്യാർഥികൾ ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ സമരം നടത്തുകയും മൂന്ന് മില്യണിലധികം മൂല്യമുള്ള സംഭാവനകൾ തടഞ്ഞുവയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.
ഇസ്രായേൽ അധിനിവേശത്തിനെതിരെ 45 സംസ്ഥാനങ്ങളിലായി 140 കാമ്പസുകളിൽ പ്രതിഷേധം നടക്കുന്നുണ്ടെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. പൊലീസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമർത്താനാണ് മിക്ക കാമ്പസുകളിലും അധികൃതർ ചെയ്യുന്നത്. വിദ്യാർഥി പ്രതിഷേധം കനത്തതോടെ കൊളംബിയ സർവകലാശാലയിലെ മുഖ്യ ബിരുദദാന ചടങ്ങ് റദ്ദാക്കിയിരുന്നു. ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികളുടെ പ്രതിഷേധം തുടരാനുള്ള സാധ്യത മുന്നിൽകണ്ടാണ് സർവകലാശാലാ അധികൃതരുടെ തീരുമാനം. വിദ്യാർഥി പ്രതിഷേധം തടയാനും കാമ്പസിൽ സ്ഥാപിച്ച പ്രതിഷേധ ടെന്റുകൾ നീക്കം ചെയ്യാനും ന്യൂയോർക്ക് സിറ്റി പൊലീസിന്റെ സഹായം സർവകലാശാല തേടിയിരുന്നു .
മേയ് 15നായിരുന്നു മുൻ ബാച്ചിലെ വിദ്യാർഥികൾക്കുള്ള ബിരുദദാനവും പുതിയ വിദ്യാർഥികൾക്കുള്ള വരവേൽപ്പും നിശ്ചയിച്ചിരുന്നത്. എന്നാൽ, വിദ്യാർഥികളുടെ സുരക്ഷയ്ക്കു പ്രാമുഖ്യം നൽകി പരിപാടി തൽക്കാലത്തേക്കു മാറ്റിവച്ചിരിക്കുകയാണെന്നാണ് അധികൃതർ വാർത്താകുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. വിദ്യാർഥികളുമായി ചർച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.