ഫലസ്തീന്‍ ദുരിതം പറയുന്ന ഓസ്കാർ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു; തിയേറ്ററിനെതിരെ പ്രതികാര നടപടിയുമായി യുഎസ് മേയർ
ഇസ്രയേല്‍- ഫലസ്തീന്‍ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പിറന്ന 'നോ അദര്‍ ലാന്‍ഡ്' പ്രദർശിപ്പിച്ച തിയേറ്ററിനെതിരെയാണ് നടപടി.


ന്യൂയോർക്ക്: ഇസ്രായേൽ അധിനിവേശത്തിനിൽ ഞെരിഞ്ഞമരുന്ന ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ പകര്‍ത്തിയ ഓസ്കാർ പുരസ്കാര ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് തിയേറ്ററിനെതിരെ യുഎസ് മേയറുടെ പ്രതികാര നടപടി. ഇസ്രയേല്‍- ഫലസ്തീന്‍ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പിറന്ന 'നോ അദര്‍ ലാന്‍ഡ്' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ച തിയേറ്ററിന്റെ കരാർ റദ്ദാക്കാനും ഫണ്ട് നിർത്തലാക്കാനുമാണ് യുഎസിലെ മിയാമി ബീച്ച് മേയറുടെ നിർദേശം.
സ്വതന്ത്ര സിനിമാ തിയേറ്ററായ ഒ-സിനിമയുടെ പാട്ടക്കരാർ അവസാനിപ്പിക്കാനും ആയിരക്കണക്കിന് ഡോളർ സാമ്പത്തിക സഹായം നിർത്തലാക്കാനുമാണ് മേയർ സ്റ്റീവൻ മെയ്നറുടെ നിർദേശം. മേയറുടെ എതിർപ്പ് വകവയ്ക്കാതെ 'നോ അദർ ലാൻഡ്' ഡോക്യുമെന്ററി സൗത്ത് ബീച്ചിലെ തിയേറ്ററായ ഒ- സിനിമ നിരവധി തവണ പ്രദർശിപ്പിച്ചതിനെ തുടർന്നാണ് ഈ നീക്കമെന്ന് മിയാമി ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മേയർ സ്റ്റീവൻ മെയ്‌നർ ഡോക്യുമെന്ററിയെക്കുറിച്ചുള്ള തന്റെ എതിർപ്പുകൾ വിശദീകരിച്ചു. ഓസ്കാർ അവാർഡ് നേടിയെങ്കിലും ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരിൽ നിന്ന് വിമർശനം നേരിട്ട ഈ ചിത്രം,'ജൂത ജനതയ്‌ക്കെതിരായ വ്യാജവും ഏകപക്ഷീയവുമായ പ്രചാരണ ആക്രമണമാണ്' എന്നും 'ഇത് നമ്മുടെ നഗരത്തിന്റെയും താമസക്കാരുടേയും മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല' എന്നുമായിരുന്നു മേയറുടെ വാദം.
കഴിഞ്ഞ ആഴ്ച ഒ- സിനിമ സിഇഒ വിവിയൻ മാർത്തേലിന് അയച്ച കത്തിൽ, ഇസ്രായേലി, ജർമൻ സർക്കാർ ഉദ്യോഗസ്ഥരുടെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടി മെയ്‌നർ തിയേറ്ററിനോട് ചിത്രത്തിന്റെ ഷെഡ്യൂൾ ചെയ്ത പ്രദർശനങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെട്ടിരുന്നു. തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് മാർത്തേൽ ആദ്യം മറുപടി നൽകി. എന്നാൽ, അടുത്ത ദിവസം അദ്ദേഹം നിലപാട് മാറ്റി. ചിത്രം അതിന്റെ ഷെഡ്യൂൾ ചെയ്ത പ്രദർശനങ്ങൾ തുടരുമെന്ന് വെള്ളിയാഴ്ച മിയാമി ഹെറാൾഡിനോട് മാർത്തേൽ വ്യക്തമാക്കി. ഇതുകൂടാതെ, മാർച്ചിൽ പിന്നീട് രണ്ട് പ്രദർശനങ്ങൾ കൂടി കൂട്ടിച്ചേർക്കുകയും ചെയ്തു.
97-ാമത് ഓസ്‌കർ പുരസ്‌കാര ചടങ്ങില്‍ മികച്ച ഡോക്യുമെന്ററി- ഫീച്ചര്‍ വിഭാഗത്തിലാണ് 'നോ അദര്‍ ലാന്‍ഡ്' പുരസ്‌കാരം നേടിയത്. പോർസലൈൻ വാർ, ഷുഗർകെയ്ൻ, ബ്ലാക് ബോക്സ് ഡയറീസ്, സൗണ്ട് ട്രാക് ടു എ കപ് ഡി ഇറ്റാറ്റ് എന്നീ സിനിമകളെ മറികടന്നായിരുന്നു നേട്ടം. പുരസ്കാരം ലഭിക്കുംവരെ യു.എസില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ ഒരു വിതരണക്കാരനെപ്പോലും ലഭിച്ചിരുന്നില്ല.
സംവിധായകനായ ബാസെല്‍ അദ്രയാണ് ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രമായി അഭിനയിച്ചത്. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റം മൂലം ജന്മനാടായ മസാഫര്‍ യാട്ടയുടെ തകര്‍ച്ചയാണ് 'നോ അദര്‍ ലാന്‍ഡി'ലൂടെ ബാസെല്‍ അദ്ര ലോകത്തിന് മുന്നിലെത്തിച്ചത്. അദ്രയും ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തകന്‍ യുവാല്‍ അബ്രഹാമും തമ്മിലുള്ള സൗഹൃദവും ചിത്രം പറയുന്നു. 2019- 2023 കാലത്താണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.
വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്തുള്ള മസാഫര്‍ യാട്ടയെ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാനുള്ള ഇസ്രായേല്‍ നീക്കമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ബാസല്‍ അദ്രയുടെ സ്വകാര്യ ആര്‍ക്കൈവില്‍ നിന്നുള്ള കാംകോര്‍ഡര്‍ ദൃശ്യങ്ങളാണ് നോ അദര്‍ ലാന്‍ഡില്‍ ഭുരിഭാഗവും ഉപയോഗിച്ചിരിക്കുന്നത്. ഗ്രാമീണ സ്‌കൂള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയും പ്രദേശത്തെ കിണറുകള്‍ സിമന്റ് ഉപയോഗിച്ച് നിറയ്ക്കുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്.
മുമ്പും 'നോ അദര്‍ ലാന്‍ഡ്' അന്താരാഷ്ട്രവേദികളില്‍ തിളങ്ങിയിരുന്നു. 2024ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷകപിന്തുണയുള്ള ചിത്രമായും മികച്ച ഡോക്യുമെന്ററി ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാത്രമല്ല, ബെസ്റ്റ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ പുരസ്‌കാരവും 'നോ അദര്‍ ലാന്‍ഡ്' നേടിയിരുന്നു.
ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്ന ഇസ്രയേലിന്റെ നടപടികളെ സംവിധായകന്‍ ബാസെല്‍ അദ്ര പുരസ്‌കാരം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ അപലപിച്ചിരുന്നു. പലസ്തീനില്‍ നടക്കുന്നത് വംശീയ ഉന്‍മൂലമാണെന്നും ഈ അനീതികളെ ലോകം ചോദ്യം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.