പാകിസ്താനിൽ യാത്രാട്രെയിൻ തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ബലൂച് ലിബറേഷൻ ആർമി
ട്രെയിനിന്റെ മുൻഭാഗം പൊട്ടിത്തെറിക്കുന്നതും ഭീകരർ യാത്രക്കാരെ ബന്ധിക്കളാക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം


ഇസ്ലാമബാദ്: പാകിസ്താനിൽ യാത്രാട്രെയിൻ തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ).ഒമ്പത് ബോഗികളിലായി 200 ലധികം യാത്രക്കാരുമായി യാത്ര ചെയ്യുകയായിരുന്ന ജാഫർ എക്സ്പ്രസ് റാഞ്ചുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ബിഎൽഎ പുറത്തുവിട്ടത്. ട്രെയിനിന്റെ മുൻഭാഗം പൊട്ടിത്തെറിക്കുന്നതും ഭീകരർ യാത്രക്കാരെ ബന്ധിക്കളാക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.
ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് സിബി നഗരത്തിലൂടെ കടന്നുപോകുമ്പോഴാണ് ട്രാക്കിൽ ബോംബ് സ്ഫോടനം ഉണ്ടായത്. ട്രെയിനിന്റെ എഞ്ചിനിൽ നിന്നും ആദ്യത്തെ രണ്ട് കമ്പാർട്ടുമെന്റുകളിൽ നിന്നും വലിയ കറുത്ത പുക ഉയരുന്നത് വീഡിയോയിൽ കാണാം. തുടർന്ന് തോക്കുധാരികളായ ഭീകരർ യാത്രക്കാരെ ബന്ദികളാക്കുകയും ട്രെയിനിൽ നിന്ന് ഇറക്കുകയും ചെയ്യുന്നു.
ബിഎൽഎ ബന്ദികൾ ആക്കിയവരിൽ 155പേരെ മോചിപ്പിച്ചെന്ന് ഇന്ന് സൈന്യം അറിയിച്ചിരുന്നു. 30 സുരക്ഷാ ഉദ്യോഗസ്ഥരെ ബിഎൽഎ വെടിവെച്ചു കൊന്നു. ഏറ്റുമുട്ടലിൽ 13 ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടെന്നാണ് സൂചന. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 214 യാത്രക്കാരെ ബിഎൽഎ ബന്ദികൾ ആക്കിയിട്ടുണ്ട്. എന്നാലും കണക്കുകളിൽ പാകിസ്താൻ സർക്കാരിന്റ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
17 തുരങ്കങ്ങളുള്ള ക്വറ്റ-പെഷാവർ റൂട്ടിൽ ട്രെയിനുകൾക്ക് അതിവേഗത്തിൽ ഓടാൻ സാധിക്കില്ല. ഈ അവസരം മുതലെടുത്താണ് ബലൂച് വിഘടനവാദികൾ ട്രെയിൻ തട്ടികൊണ്ട് പോയത്. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി, പാകിസ്താൻ സൈന്യം തട്ടിക്കൊണ്ടുപോയതായി അവകാശപ്പെടുന്ന ബലൂച് രാഷ്ട്രീയ തടവുകാരെയും പ്രവർത്തകരെയും മോചിപ്പിക്കണമെന്ന് ബിഎൽഎ ആവശ്യപ്പെട്ടിരുന്നു.