ക്രൂ -10 വിക്ഷേപണം നാളെ; സുനിത വില്യംസും ബുച്ച് വിൽമോറും മാര്‍ച്ച് 17ന് ഭൂമിയിലെത്തും
കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയിരുന്നു


വാഷിംഗ്ടണ്‍: നാസയും സ്പേസ് എക്സും നടത്താനിരുന്ന ക്രൂ -10 വിക്ഷേപണം നാളെ നടക്കും. ലോഞ്ച് പാഡിലെ സാങ്കേതിക തകരാറിനെ വിക്ഷേപണം തുടർന്ന് ഇന്ന് മാറ്റിവച്ചിരുന്നു . ഇന്ത്യൻ സമയം രാവിലെ 4.56നാണ് പുതുക്കിയ സമയം. ബഹിരാകാശ നിലയത്തിൽ നിന്ന് സുനിതാ വില്യംസും സംഘവും മാർച്ച് 17ന് വൈകിട്ട് 6.35ഓടെ ഭൂമിയിലേക്ക് മടങ്ങും.
ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 5. 18ന് നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് മാറ്റിവച്ചത്. നാല് ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ക്രൂ10 ബഹിരാകാശ യാത്രക്കാർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ശേഷമാകും സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും മടക്കം. ഈ മാസം 16ന് ഇരുവരും തിരികെയത്തുമെന്നായിരുന്നു നേരത്തെ നാസ അറിയിച്ചിരുന്നു.
കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും,ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യപരീക്ഷണത്തിന്‍റെ ഭാഗമായിരുന്നു സുനിതയും വിൽമോറും.
വിക്ഷേപണത്തിന് മുമ്പ്, സ്റ്റാർലൈനറിന്‍റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ ഹീലിയം ചോർച്ച കണ്ടെത്തുകയായിരുന്നു. ഇതുകാരണം യാത്ര പലതവണ മാറ്റിവെച്ചു. ഒടുവിൽ ജൂൺ അഞ്ചിന് വിക്ഷേപണം വിജയകരമാകുകയും 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി. എട്ടുദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.
ജൂൺ 13 നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടർന്നത് ജൂൺ 26 ലേക്ക് നീട്ടിവെച്ചു. ബോയിംഗ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
Standing down from tonight's launch opportunity of @NASA's Crew-10 mission to the @Space_Station
— SpaceX (@SpaceX) March 12, 2025