ബംഗ്ലാദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്നു
പ്രക്ഷോഭത്തെ തുടർന്ന് ഒരു മാസമായി കോളജുകളും സ്കൂളുകളുമെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു
ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഒരു മാസമായി അടച്ചിട്ടിരുന്ന ബംഗ്ലാദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്നു. രാജ്യത്തുടനീളമുള്ള സർവകലാശാലകൾ, സെക്കണ്ടറി സ്കൂളുകൾ, കോളജുകൾ എന്നിവയടക്കമുള്ള സ്ഥാപനങ്ങളാണ് തുറന്നത്.
പ്രക്ഷോഭത്തിനിടെ വിദ്യാർഥികളുടെ സുരക്ഷ മാനിച്ചാണ് ജൂലൈ 17ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്. ആഗസ്റ്റ് അഞ്ചിന് ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണതോടെ ആഗസ്റ്റിന് ഏഴിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, വിദ്യാർഥികൾ കുറവായതിനാൽ ക്ലാസുകൾ നടന്നിരുന്നില്ല.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങൾ തുറക്കാൻ വ്യാഴാഴ്ചയാണ് ഉത്തരവിട്ടത്. ഞായറാഴ്ച എല്ലാ സ്ഥാപനങ്ങളും തുറന്നു. പല വിദ്യാർഥികളും രക്ഷിതാക്കളോടൊപ്പമാണ് സ്കൂളുകളിലെത്തിയത്. പ്രക്ഷോഭത്തെ തുടർന്ന് മാറ്റിവെച്ചിരുന്ന പരീക്ഷകളും വരും മാസങ്ങളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. വെള്ളിയും ശനിയുമാണ് ബംഗ്ലാദേശിൽ സ്കൂൾ അവധി ദിവസങ്ങൾ.