ടെസ്‍ല കാറിലെ സ്ക്രീനില്‍ പ്രശ്‌നമുണ്ടെന്ന് ചൈനീസ് പെൺകുട്ടി; മറുപടിയുമായി ഇലോൺ മസ്‌ക്
ചെറിയ കുട്ടിയുടെ അഭിപ്രായം പോലും ശ്രദ്ധിക്കാൻ സമയം കണ്ടെത്തിയ മസ്‌കിനെയും നിരവധി പേര്‍ അഭിനന്ദിച്ചു
വാഷിങ്ടൺ: ടെസ്‍ല കാറിലെ സ്‌ക്രീനിലെ പ്രശ്‌നം ചൂണ്ടിക്കാട്ടിയ ചൈനീസ് പെൺകുട്ടിക്ക് മറുപടിയുമായി സ്ഥാപകൻ ഇലോൺ മസ്‌ക്. തന്റെ കാറിലെ സ്‌ക്രീനിൽ പ്രശ്‌നമുണ്ടെന്ന് വീഡിയോ സഹിതമാണ് കൊച്ചുപെൺകുട്ടി ചൂണ്ടിക്കാട്ടിയത്. സോഷ്യൽമീഡിയയായ എക്‌സിലായിരുന്നു പെൺകുട്ടി വീഡിയോ പങ്കുവെച്ചത്. കാറിന്‍റെ സ്‌ക്രീനിൽ ചിത്രം വരക്കുമ്പോൾ മുമ്പ് വരച്ച ഭാഗങ്ങൾ അപ്രത്യക്ഷമാകുകയാണെന്നും ഈ പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമോ എന്നുമാണ് ഇലോൺ മസ്‌കിനെ ടാഗ് ചെയ്തുകൊണ്ട് പെൺകുട്ടി ചോദിച്ചത്.
'ഹലോ മസ്‌ക്,ഞാൻ ചൈനയിൽ നിന്നുള്ള മോളിയാണ്. എനിക്ക് നിങ്ങളുടെ കാറിനെപ്പറ്റി ഒരു ചോദ്യം ചോദിക്കാനുണ്ട്. ഞാൻ ഒരു ചിത്രം വരക്കുമ്പോൾ ചിലപ്പോൾ ഇതുപോലെ വരകളെല്ലാം അപ്രത്യക്ഷമാകും. നിങ്ങളിത് കാണുന്നുണ്ടോ..? ഇത് പരിഹരിക്കാൻ നിങ്ങൾക്ക് സാധിക്കുമോ?...നന്ദി'... എന്നായിരുന്നു വീഡിയോയിലൂടെ പെൺകുട്ടി ചോദിക്കന്നത്. വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്തു. പെൺകുട്ടിയെ പോലും ഞെട്ടിച്ചുകൊണ്ടാണ് മറുപടിയുമായി ഇലോൺ മസ്‌ക് എത്തിയത്. തീർച്ചയായും എന്ന മറുപടിയാണ് മസ്‌ക് വീഡിയോക്ക് നൽകിയത്.
മസ്‌കിന്റെ മറുപടി കൂടി ലഭിച്ചതോടെ വീഡിയോ കൂടുതൽ വൈറലായി. ചെറിയ കുട്ടിയുടെ അഭിപ്രായം പോലും ശ്രദ്ധിക്കാൻ സമയം കണ്ടെത്തിയ മസ്‌കിനെയും അഭിനന്ദിച്ച് നിരവധി പേർ കമന്റ് ചെയ്തു. കൂടാതെ കാറിലെ ബഗ് ചൂണ്ടിക്കാണിച്ച പെൺകുട്ടിയെ അഭിനന്ദിച്ചും ധാരാളം പേരെത്തി. എത്ര പക്വതയോടെയാണ് പെൺകുട്ടി സംസാരിക്കുന്നതെന്നും വളരെ ഭംഗിയായി പ്രശ്‌നം വിവരിക്കാൻ അവൾക്ക് കഴിഞ്ഞെന്നും ചിലർ കമന്റ് ചെയ്തു.