സ്വന്തമായി വീടില്ല, സുഹൃത്തുക്കളുടെ വീട്ടിലാണ് അന്തിയുറങ്ങുന്നതെന്ന് ഇലോണ്‍ മസ്ക്
അമേരിക്കന്‍ മാധ്യമ കമ്പനിയായ ടെഡിന്‍റെ മേധാവി ക്രിസ് ആന്‍ഡേഴ്സണുമായി നടത്തിയ അഭിമുഖത്തിലാണ് മസ്കിന്‍റെ വെളിപ്പെടുത്തല്‍
തനിക്ക് സ്വന്തമായി വീടില്ലെന്നും സുഹൃത്തുക്കളുടെ വീട്ടിലെ സ്പെയര്‍ ബെഡ്റൂമിലാണ് താന്‍ അന്തിയുറങ്ങുന്നതെന്നും ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. അമേരിക്കന്‍ മാധ്യമ കമ്പനിയായ ടെഡിന്‍റെ മേധാവി ക്രിസ് ആന്‍ഡേഴ്സണുമായി നടത്തിയ അഭിമുഖത്തിലാണ് മസ്കിന്‍റെ വെളിപ്പെടുത്തല്‍.
'എനിക്കിപ്പോൾ സ്വന്തമായി ഒരു സ്ഥലം ഇല്ല. ടെസ്‌ലയിലെ പ്രധാന എൻജിനീയറിങ് പ്രവർത്തനങ്ങൾ നടക്കുന്ന ബേ ഏരിയയിലേക്കു പോകുമ്പോൾ കൂട്ടുകാരുടെ വീടുകളിൽ മാറിമാറി താമസിക്കും. സ്വന്തമായി ആഢംബര കപ്പലില്ല. ഉല്ലാസയാത്രകൾക്ക് പോകാറില്ല' മസ്ക് പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകമെമ്പാടുമുള്ള സമ്പത്തിന്‍റെ അസമത്വത്തെക്കുറിച്ചും ശതകോടീശ്വരന്മാർ ചെലവഴിച്ച പണത്തെക്കുറിച്ചും ഉള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മസ്‌ക്. ''വ്യക്തിഗത ഉപഭോഗത്തിൽ ഞാൻ പ്രതിവർഷം കോടിക്കണക്കിന് ഡോളർ ഉപയോഗിക്കുകയാണെങ്കിൽ അത് വളരെ പ്രശ്‌നകരമാണ്, പക്ഷേ അങ്ങനെയല്ല. വ്യക്തിപരമായി എനിക്ക് ചെലവുകള്‍ കുറവാണ്. ആകെയുള്ള അപവാദം വിമാനമാണ്. ഞാന്‍ വിമാനം ഉപയോഗിക്കുന്നില്ലെങ്കില്‍ ജോലി ചെയ്യാന്‍ സാധിക്കുക കുറച്ചു മണിക്കൂറുകള്‍ മാത്രമായിരിക്കും'' ടെസ്‍ല ഉടമ പറയുന്നു.
അതേസമയം, ട്വിറ്റര്‍ ഏറ്റെടുക്കാനായാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ചില്ലിക്കാശ് വേതനമായി നല്‍കില്ലെന്ന് മസ്‌ക് പ്രഖ്യാപിച്ചു. ഇങ്ങനെ വന്നാൽ പ്രതിവർഷം 30 ലക്ഷം ഡോളർ ലിറ്ററിന് ലാഭിക്കാനാകും എന്നും ഇലോൺ മസ്ക് പറഞ്ഞു. നിലവിൽ ട്വിറ്ററിന്‍റെ 9.1 ശതമാനം ഓഹരികളും മസ്കിന്‍റെ കയ്യിലാണ്. കമ്പനിയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി ഉടമ കൂടിയാണ് മസ്ക്. 43 ബില്യൺ ഡോളറിന് കമ്പനി മുഴുവന്‍ വാങ്ങിക്കാം എന്നാണ് മസ്ക് മുന്നോട്ടു വച്ചിരിക്കുന്ന ഓഫർ.