അധ്യാപികയെ വിദ്യാര്‍ഥി 101 തവണ കുത്തി കൊലപ്പെടുത്തി; ക്ലാസില്‍ അപമാനിച്ചതിനുള്ള പ്രതികാരമെന്ന് മൊഴി

പ്രൈമറി ക്ലാസില്‍ വെച്ച് അധ്യാപിക അപമാനിച്ചതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ മൊഴി

Update: 2022-03-18 04:23 GMT
Advertising

ഒന്നര വര്‍ഷമായി പൊലീസിന് ചുരുളഴിക്കാന്‍ കഴിയാതിരുന്ന അധ്യാപികയുടെ കൊലപാതക കേസില്‍ ഒടുവില്‍ പ്രതിയുടെ കുറ്റസമ്മതം. അതിക്രൂരമായി 101 തവണ കുത്തിയാണ് കൊലയാളി അധ്യാപികയെ കൊലപ്പെടുത്തിയത്. മൂന്ന് പതിറ്റാണ്ടിനിപ്പുറം അധ്യാപികയെ കൊലപ്പെടുത്തി താന്‍ പ്രതികാരം തീര്‍ത്തെന്നാണ് പ്രതിയുടെ മൊഴി. പ്രൈമറി ക്ലാസില്‍ വെച്ച് അധ്യാപിക അപമാനിച്ചതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും പ്രതിയുടെ മൊഴിയിലുണ്ട്. ബെല്‍ജിയത്തിലാണ് സംഭവം നടന്നത്.

2020 നവംബര്‍ 20നാണ് മരിയ വെർലിൻഡൻ എന്ന 57കാരി കൊല്ലപ്പെട്ടത്. ആന്‍റ്‍വെർപ്പിനടുത്തുള്ള ഹെറന്‍റല്‍സിലെ വീട്ടിലാണ് അധ്യാപികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെൽജിയൻ പൊലീസ് പലതരത്തില്‍ അന്വേഷിച്ചിട്ടും നൂറുകണക്കിന് ഡിഎൻഎ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിട്ടും കൊലപാതകിയെ കണ്ടെത്താനായില്ല.

അധ്യാപികയ്ക്ക് 101 തവണ കുത്തേറ്റിരുന്നു. സമീപത്തായി മേശപ്പുറത്തുണ്ടായിരുന്ന പണമടങ്ങിയ പഴ്‌സ് അക്രമി കൊണ്ടുപോയിരുന്നില്ല. ഇതോടെ മോഷണമായിരുന്നില്ല അക്രമിയുടെ ലക്ഷ്യമെന്ന നിഗമനത്തില്‍ പൊലീസെത്തി.

കൊലപാതകം നടന്ന് 16 മാസങ്ങൾക്ക് ശേഷം, ഗണ്ടർ ഉവെന്‍സ് എന്ന 37കാരന്‍ സുഹൃത്തിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. സുഹൃത്ത് സംഭവം പൊലീസിനെ അറിയിച്ചു. പൊലീസെത്തി ഉവെന്‍സിനെ അറസ്റ്റ് ചെയ്തു. കൃത്യം നടന്ന സ്ഥലത്തു നിന്ന് കിട്ടിയ തെളിവുകളുമായി താരതമ്യപ്പടുത്താന്‍ ഉവെന്‍സിന്‍റെ ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

അധ്യാപിക കാരണം പ്രൈമറി ക്ലാസില്‍ വെച്ച് ഒരുപാട് യാതനകള്‍ അനുഭവിച്ചെന്നാണ് ഉവെന്‍സിന്‍റെ മൊഴി. എന്നാല്‍ അധ്യാപിക എങ്ങനെയാണ് അപമാനിച്ചതെന്ന് പ്രതി വ്യക്തമാക്കിയിട്ടില്ല. പ്രതിയുടെ മൊഴി അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശരിവെയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഉവെന്‍സിനെതിരെ കൊലപാതകക്കുറ്റം ചുമത്തി ജഡ്ജിക്ക് മുന്നിൽ ഹാജരാക്കി. ഭവനരഹിതര്‍ക്കും അശരണര്‍ക്കും സഹായമെത്തിച്ചതിലൂടെ പ്രശസ്തനായിരുന്നു ഉവെന്‍സ് എന്ന് ബെല്‍ജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News