മണിക്കൂറുകൾക്കുള്ളിൽ സമാഹരിച്ചത് ഒരു കോടി; ഇസ്രായേൽ തകർത്ത ഗസ്സയിലെ ഏറ്റവും വലിയ പുസ്തകശാല പുനർനിർമിക്കാൻ ഓൺലൈനിൽ സഹായപ്രവാഹം

ഫണ്ട് റൈസിങ് ആപ്പായ 'ഗോ ഫണ്ട് മീ'യിൽ നടക്കുന്ന ധനസമാഹരണം 44 ലക്ഷമായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, ഏതാനും മണിക്കൂറിനുള്ളിൽ തന്നെ ഇതിലേക്ക് പ്രവഹിച്ചത് 94,88,641 ലക്ഷം രൂപ!

Update: 2021-05-21 10:11 GMT
Editor : Shaheer | By : Web Desk
Advertising

"എന്‍റെ സ്വപ്നമായിരുന്നു. വര്‍ഷങ്ങളായി എത്ര ദിനരാത്രങ്ങളിലാണ് ഞാന്‍ ഇവിടെ കഴിഞ്ഞത്. ഞാൻ ഭക്ഷണം കഴിക്കുന്നതു തന്നെ നിർത്തിയിരിക്കുകയാണ്. അങ്ങനെയെങ്കിലും അതു തിരിച്ചുകൊണ്ടുവരാനാകുമല്ലോ..."

ഗസ്സയിലെ ഏറ്റവും വലിയ പുസ്തകശാലയായ സാമിർ മൻസൂർസ് ബുക്ക്‌ഷോപ്പിൻരെ ഉടമ ശബാൻ അസ്‌ലിമിന്റെ വാക്കുകളാണിത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇസ്രായേൽ ഗസ്സയിൽ നടത്തിയ നരനായാട്ടിൽ തകർന്നു മണ്ണടിഞ്ഞ നിരവധി കെട്ടിടങ്ങളിൽ സാമിർ മൻസൂർസ് ബുക്ക്‌ഷോപ്പുമുണ്ടായിരുന്നു. മേഖലയിലെ ഏക കോവിഡ് പരിശോധനാലാബും ആരോഗ്യകേന്ദ്രങ്ങളും നിരവധി സ്‌കൂളുകളും തകർന്ന കൂട്ടത്തിൽ ശബാൻ അസ്‌ലിമിന്റെ മാത്രമല്ല, ഗസ്സയുടെ മൊത്തം നഷ്ടമായി ഈ പുസ്തകശാലയും അവശേഷിക്കുന്നു.

ഇപ്പോഴിതാ പുസ്തകശാല പുനർനിർമിക്കാനായി ഓൺലൈനിൽ ധനസമാഹരണം നടക്കുകയാണ്. വിവിധ ഫണ്ട് റൈസിങ് ആപ്പുകളിലൂടെയാണ് ശബാൻ അസ്‌ലിമിനു വേണ്ടി സഹായങ്ങൾ പ്രവഹിക്കുന്നത്. ഇതുവരെ 1,30,114 ഡോളർ സമാഹരിച്ചുകഴിഞ്ഞതായാണ് വിവരം. ഏകദേശം ഒരു കോടി രൂപയോളം വരുമിത്.

ഫണ്ട് റൈസിങ് ആപ്പായ 'ഗോ ഫണ്ട് മീ'യിൽ നടക്കുന്ന ധനസമാഹരണം 44 ലക്ഷമായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇതിലേക്ക് പ്രവഹിച്ചത് 94,88,641 ലക്ഷം രൂപയാണ്. അസ്‌ലിമിന്റെ പുസ്തകശാല പുനർനിർമാണത്തിനു പുറമെ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന മറ്റ് പുസ്തകക്കടകളുടെ പുനരുദ്ധാരണത്തിനും പുനർനിർമാണത്തിനും തുക കൈമാറുമെന്ന് ധനസമാഹരണത്തിനു നേതൃത്വം നൽകുന്ന സംഘം അറിയിച്ചിട്ടുണ്ട്.

ഒരു പുസ്തകശാല എന്നതിനപ്പുറമായിരുന്നു ഗസ്സയിൽ മൻസൂർസ് ബുക്ക്‌ഷോപ്പ്. പുസ്തകപ്രേമികളും സഹൃദയരുമായ വലിയൊരുകൂട്ടം മനുഷ്യർ ദിവസവും ഒത്തുകൂടുന്ന സാംസ്‌കാരിക കേന്ദ്രം കൂടിയായിരുന്നു ഇത്. 21 വർഷം പഴക്കുമുള്ള പുസ്തകശാലയിൽ കുട്ടികൾ മുതൽ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഗവേഷകർക്കും സാഹിത്യതൽപരർക്കുമെല്ലാം വേണ്ട പതിനായിരക്കണക്കിനു പുസ്തകങ്ങളുടെ കളക്ഷനുണ്ടായിരുന്നു.

രണ്ടു പതിറ്റാണ്ടിനിടെ ഗസ്സയിലുണ്ടായ ഇസ്രായേൽ ആക്രമണങ്ങളെല്ലാം അതിജീവിച്ച പുസ്തകശാലയ്ക്ക് ഇത്തവണ ആയുസ് നീട്ടിക്കിട്ടിയില്ല. എന്നാൽ, ഗസ്സ പുനരുദ്ധാരണത്തിനൊപ്പം പുസ്തകശാലയുടെയും പുനർനിർമാണത്തിന് ആഗോളതലത്തിൽനിന്നു തന്നെ പുസ്തക പ്രേമികളുടെ സഹായപ്രവാഹം തുടരുകയാണ്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News