ഗസ്സ വെടിനിർത്തൽ; ഇസ്രായേൽ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഹമാസ്

ഖത്തറും ഈജിപ്തുമാണ് വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നത്

Update: 2024-07-07 14:34 GMT
Advertising

ജറുസലേം: വെടിനിർത്തൽ കരാറിൽ ഇസ്രായേലിൻ്റെ പ്രതികരണത്തിനായി ഹമാസ് കാത്തിരിക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഹമാസ് നേതാവ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഗസ്സയിൽ ഒമ്പത് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യു.എസ് പദ്ധതിയുടെ പ്രധാന ഭാഗം അംഗീകരിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് ഈ പ്രതികരണം.

മൂന്നു ഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാറിന്റെ കരടുരൂപം മെയ് അവസാനം യു.എസ് പ്രസിഡൻ്റ് ജോ ബൈഡനാണ് മുന്നോട്ട് വെച്ചത്. ഖത്തറും ഈജിപ്തുമാണ് വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനും ഹമാസിൻ്റെ പിടിയിലിരിക്കുന്ന 120 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും ലക്ഷ്യമിട്ടാണ് കരാർ. ചർച്ചകൾ ഈ ആഴ്ചയും തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞെങ്കിലും വിശദമായ സമയക്രമം നൽകിയിട്ടില്ല.

കരാറിൽ ഒപ്പിടുന്നതിന് മുമ്പ് ഇസ്രായേൽ ആദ്യം സ്ഥിരമായ വെടിനിർത്തലിന് വിധേയരാകണമെന്ന പ്രധാന ആവശ്യം ഉപേക്ഷിച്ച ഹമാസ്, പകരം ആറാഴ്ചത്തെ ആദ്യ ഘട്ടത്തിലുടനീളം അത് നേടുന്നതിനുള്ള ചർച്ചകൾ തുടരുമെന്നറിയിച്ചു. യു.എസ് സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി ഡയറക്ടർ വില്യം ബേൺസ് ചർച്ചകൾക്കായി ഈ ആഴ്ച ഖത്തറിലേക്ക് പോകുമെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

ബന്ദികളെ തിരികെ കൊണ്ടുവരാൻ കരാറിലെത്താൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഞായറാഴ്ച ഇസ്രായേലിലുടനീളം പ്രതിഷേധക്കാർ തെരുവിലിറങ്ങി. പ്രധിഷേധക്കാർ രാജ്യത്തുടനീളമുള്ള പ്രധാന സ്ഥലങ്ങളിൽ ഗതാഗതം തടഞ്ഞു, രാഷ്ട്രീയ നേതാക്കളുടെ വീടുകൾ ഉപരോധിച്ചു, തെൽ അവീവ്- ജെറുസലേം ഹൈവേയിൽ ടയറുകൾക്ക് തീയിടുകയും ചെയ്തു.

അതേസമയം, ​ഗസ്സയിലും ഇസ്രായേലിലും യു​ദ്ധം തുടരുകയാണ്. വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല റോക്കറ്റുകൾ വർഷിച്ചു. റോക്കറ്റാക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

ഗസ്സയിൽ ഞായറാഴ്ച ഇസ്രായേൽ നടത്തിയ വ്യത്യസ്ത സൈനിക ആക്രമണങ്ങളിൽ 15 പേരെങ്കിലും കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. സവായ്ദ പട്ടണത്തിലെ ഒരു വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ ഗസ്സയിലെ ഒരു വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. നഗരത്തിൻ്റെ കിഴക്കൻ പ്രദേശത്ത് ഇസ്രായേൽ വെടിവെപ്പിൽ കൊല്ലപ്പെട്ട മൂന്ന് ഫലസ്തീനികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിലും വ്യോമാക്രമണത്തിലും റഫയിൽ 30 ഫലസ്തീൻ തോക്കുധാരികളെ വധിച്ചതായി ഇസ്രായേൽ സൈന്യവും അറിയിച്ചു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News