ഗസ്സയിലേത് 21ാം നൂറ്റാണ്ടിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധം: റിപ്പോർട്ട്
താരതമ്യേന കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയുമധികം മരണം മറ്റു യുദ്ധങ്ങളിൽ സംഭവിച്ചിട്ടില്ല
ജറൂസലേം: ഗസ്സയിൽ 10 മാസമായി ഇസ്രായേൽ തുടരുന്ന ആക്രമണം 21ാം നൂറ്റാണ്ടിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമാണെന്ന് ഇസ്രായേലി മാധ്യമമായ ഹാരറ്റ്സിന്റെ അന്വേഷണ റിപ്പോർട്ട്. താരതമ്യേന കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയുമധികം മരണങ്ങൾ മറ്റു യുദ്ധങ്ങളിൽ സംഭവിച്ചിട്ടില്ല.
ഒക്ടോബർ ഏഴിന് ശേഷമുള്ള ആക്രണമത്തിൽ ഇതുവരെ 40,000ന് മുകളിൽ ആളുകാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഗസ്സ മുനമ്പിലെ ജനസംഖ്യയുടെ രണ്ട് ശതമാനം വരുമിത്. ഗസ്സയിലെ ജനസംഖ്യ താരതമ്യേന കുറവായതും മറ്റു യുദ്ധങ്ങൾ വർഷങ്ങൾ നീണ്ടുനിന്നതും പരിശോധിക്കുമ്പോൾ 40,000ന് മുകളിൽ വരുന്ന മരണസംഖ്യ വലിയൊരു കണക്ക് തന്നെയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്നിലെ 0.45 ശതമാനം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. സിറിയയിൽ 2011ൽ ആരംഭിച്ച് ഒരു പതിറ്റാണ്ട് നീണ്ടുനിന്ന യുദ്ധത്തിൽ രണ്ട് ശതമാനം പേർ കൊല്ലപ്പെട്ടു. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന വിയറ്റ്നാം യുദ്ധത്തിൽ ജനസംഖ്യയുടെ ഏകദേശം അഞ്ച് ശതമാനം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
അടുത്തകാലത്ത് ലോകത്ത് നടന്ന മറ്റു സംഘർഷങ്ങളിലേതിനേക്കാൾ അധികം മരണങ്ങൾ ഗസ്സയിലുണ്ടായതായി ജറൂസലേം ഹീബ്രു സർവകലാശാലയിലെ പ്രഫസർ ഡാൻ മിയോഡൗനിക് ഹാരറ്റ്സിനോട് പറഞ്ഞു. യഥാക്രമം 25,000 പേരും 9100 പേരും കൊല്ലപ്പെട്ട മ്യാൻമറിലെ റോഹിങ്ക്യൻ കൂട്ടക്കൊലയുമായും ഇറാഖിലെ യസീദി വംശഹത്യയുമായുമാണ് അദ്ദേഹം ഗസ്സയിലെ യുദ്ധത്തെ താരതമ്യപ്പെടുത്തിയത്.
പ്രതിമാസം കൊല്ലപ്പെടുന്നത് 4000 പേർ
ഗസ്സയിൽ പ്രതിമാസം ഏകദേശം 4000 പേർ കൊല്ലപ്പെടുന്നുണ്ട്. 2015ൽ ഇറാഖിൽ ഐ.എസുമായുള്ള ഏറ്റുമുട്ടലിനിടെ 1370 പേരാണ് ഒരു മാസം കൊല്ലപ്പെട്ടത്.
1991ലെ യൂഗോസ്ലേവ് യുദ്ധങ്ങൾക്കിടെ ബോസ്നിയയിൽ ഒരു മാസത്തിനിടെ 2097 പേർ കൊല്ലപ്പെടുകയുണ്ടായി. നാല് വർഷം നീണ്ടുനിന്ന യുദ്ധത്തിൽ ആകെ 63,000 പേരാണ് കൊല്ലപ്പെട്ടത്.
ബോംബുകൾ നിരന്തരം വർഷിക്കുകയും കടുത്ത ഉപരോധം നേരിടുകയും ചെയ്യുന്നതിനാൽ ഗസ്സയിൽനിന്ന് ആളുകൾക്ക് പലായനം ചെയ്യാൻ സാധിക്കുന്നില്ല. ഇത് മരണസംഖ്യ വർധിക്കാൻ കാരണമായി.
യുദ്ധത്തിൽ ഗുരുതര പരിക്കേറ്റവർക്കും കാൻസർ ബാധിച്ചവർക്കും മാത്രമാണ് ഗസ്സയിൽനിന്ന് പുറത്തേക്ക് ചികിത്സക്കായി പോകാൻ സാധിച്ചത്. ഭൂരിഭാഗം പേർക്കും ഗസ്സ മുനമ്പിൽ സുരക്ഷിത ഇടം തേടി അലയാൻ മാത്രമാണ് സാധിക്കുന്നത്. എന്നാൽ, ഇസ്രായേൽ സുരക്ഷിത സ്ഥലങ്ങായി അടയാളപ്പെടുത്തിയ പ്രദേശങ്ങളിലും വലിയ രീതിയിലുള്ള ബോംബാക്രമണങ്ങളാണ് സൈന്യം നടത്തുന്നതെന്നും ഹാരറ്റ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.
‘ഗസ്സയിൽ ഫലസ്തീനികൾക്ക് അഭയാർഥികളാകാൻ സാധിക്കില്ല. കള്ളക്കടത്തുകാർക്ക് 10,000 ഡോളർ നൽകി തുരങ്കങ്ങളിലൂടെ ഈജിപ്തിലേക്ക് കടക്കുക മാത്രമായിരുന്നു ഏക പോംവഴി. അത് ഇപ്പോൾ സാധ്യമല്ല. ഇവിടത്തെ ജനങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് ഇത് അർഥമാക്കുന്നത്. അത് അതിഭീകരമായ അവസ്ഥയാണ്’ -ഡാൻ മിയോഡൗനിക് പറയുന്നു.
പട്ടിണിയും മരണകാരണം
സിറിയ പോലുള്ള രാജ്യങ്ങളിൽ നടന്ന യുദ്ധങ്ങളുമായി ഗസ്സയിലെ യുദ്ധത്തെ ഹാരറ്റ്സ് താരതമ്യം നടത്തി. സംഘർഷത്തിനിടെ സിറിയയിലുള്ള നിരവധി പേർക്ക് വിദേശത്തേക്ക് രക്ഷപ്പെടാൻ സാധിക്കുകയുണ്ടായി. 2022ലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് നിരവധി യുക്രെയ്നികൾക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ സാധിച്ചു.
ഗസ്സയിലെ യുദ്ധം ഒരു ചെറിയ ഭൂപ്രദേശത്താണ് സംഭവിക്കുന്നത്. എന്നാൽ, ലോകത്തുള്ള മറ്റു യുദ്ധങ്ങൾ പലപ്പോഴും വലിയ പ്രദേശത്താണ് സംഭവിക്കാറ്. ഏകദേശം 360 ചതുരശ്ര കിലോമീറ്ററാണ് മാത്രമാണ് ഗസ്സയുടെ വിസ്തൃതി. ഇതും മരണസംഖ്യ കൂടാൻ കാരണമായി.
വ്യോമാക്രമണം, ബോംബ് സ്ഫോടനം, വെടിവെപ്പ് എന്നിവകൊണ്ട് മാത്രമല്ല ഗസ്സക്കാർ കൊല്ലപ്പെടുന്നത്. തകർച്ചയിലായ ആരോഗ്യ സംവിധാനങ്ങൾ, മരുന്നുകളുടെയും ഭക്ഷണത്തിന്റെയും അഭാവം, പകർച്ചവ്യാധികളുടെ വ്യാപനം എന്നിവയെല്ലാം ഫലസ്തീനികളുടെ മരണത്തിന് കാരണമാകുന്നു. ഏകദേശം പത്ത് ലക്ഷത്തോളം ഗസ്സക്കാർ ശ്വാസകോശ സംബന്ധമായ അസുഖം നേരിടുന്നുണ്ട്. 1,00,700 പേർക്ക് കരൾ വീക്കമുണ്ട്. ആയിരക്കണക്കിന് ആളുകൾ മറ്റു അസുഖങ്ങളാലും വലയുന്നു.
പകർച്ചവ്യാധിയായ പോളിയോയും ഗസ്സയിൽ ഈയിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ഗുരുതര സ്ഥിതിയാണ് ഉയർത്തുന്നത്. ഉയർന്ന അളവിലുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥ, പോഷകാഹാരക്കുറവ്, പട്ടിണി എന്നിവ കാരണവും ഗസ്സക്കാർ മരിക്കുകയാണെന്നും ഹാരറ്റ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യയിൽ മരണസംഖ്യ 40,000ന് മുകളിലായി എന്നാണ് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം പറയുന്നത്. എന്നാൽ, യൂറോപ്പിലെ ആരോഗ്യ ജേണലായ ‘ദെ ലാൻസറ്റി’ന്റെ റിപ്പോർട്ട് പ്രകാരം 1,86,000 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇത് ഏകദേശം ഗസ്സയിലെ ജനസംഖ്യയുടെ എട്ട് ശതമാനം വരും.
Summary : Gaza is the bloodiest war of the 21st century