രണ്ടു ദശാബ്ദമായി ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റിൽ; ആരാണ് ജമീല അൽ ശൻത്വി
ബുധനാഴ്ച രാത്രിയിലെ ഇസ്രായേൽ ആക്രമണത്തിലാണ് ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗമായ ജമീല കൊല്ലപ്പെട്ടത്
അധിനിവേശത്തിനെതിരെ ഗസ്സ നടത്തുന്ന ചെറുത്തുനിൽപ്പിന്റെ പെൺമുഖമാണ് ബുധനാഴ്ചയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോക്ടര്‍ ജമീല അൽ ശൻത്വി. ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗം. രണ്ടു ദശബ്ദമായി ഇസ്രായേലിന്‍റെ ഹിറ്റ് ലിസ്റ്റിൽ ഉള്ള 68കാരിയായ ജമീല ഗസ്സയിലെ വനിതാ ക്ഷേമ മന്ത്രിയും ഫലസ്തീൻ ലജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായിരുന്നു. ശൈഖ് അഹ്‌മദ് യാസീനൊപ്പം ഹമാസ് സ്ഥാപിച്ച അബ്ദുൽ അസീസ് അൽ റൻതീസിയുടെ ഭാര്യയാണ്. ഫലസ്തീൻ സിംഹം എന്നു വിശേഷിപ്പിക്കപ്പെടുന്ന നേതാവാണ് റൻതീസി.
ജമീലയുടെ മരണവാർത്ത ഫലസ്തീനിയൻ ലജിസ്ലേറ്റീവ് കൗൺസിൽ സ്ഥിരീകരിച്ചു. സ്വതന്ത്ര ഫലസ്തീൻ എന്ന ആവശ്യത്തിന് ജീവിതം മുഴുവൻ സമർപ്പിച്ച വ്യക്തിയാണ് ജമീലയെന്ന് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. പാർലമെന്ററി, അക്കാദമിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയിൽ അവരുടെ സേവനം നിസ്തുലമായിരുന്നു എന്നും കൗൺസിൽ അനുസ്മരിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹമാസ് പോളിറ്റ് ബ്യൂറോ അംഗമാണ് ജമീലയെന്ന് അൽ ജസീറ അറബിക് റിപ്പോർട്ടു ചെയ്യുന്നു. സകരിയ അബൂ മുഅമ്മർ, ജവാദ് അബൂ ശമാല എന്നിവരാണ് മറ്റു രണ്ടു പേർ.
ഹമാസിലെ സ്ത്രീ സാന്നിധ്യം
ഹമാസ് ഭരണനിർവഹണത്തിലെ ശക്തയായ സ്ത്രീ സാന്നിധ്യമായിരുന്നു ജമീല. 1977ൽ ഈജിപ്തിലെ ഐൻ ശംസ് യൂണിവേഴ്‌സിറ്റി പഠനകാലത്ത് മുസ്‌ലിം ബ്രദർഹുഡിന്റെ ഭാഗമായാണ് ജമീല രാഷ്ട്രീയത്തിലെത്തുന്നത്. 1987ൽ ഹമാസ് രൂപീകരിക്കപ്പെട്ട വേളയിൽ തന്നെ സംഘടനയിലെത്തി. തുടർച്ചയായി രണ്ടു തവണ ഹമാസിന് കീഴിലുള്ള വനിതാ ഷൂറാ കൗൺസിൽ പ്രസിഡണ്ടായിരുന്നു.
2006ൽ ഹമാസ് മൂവ്‌മെന്റിന്റെ ഭാഗമായ ലജിസ്ലേറ്റീവ് കൗൺസിൽ ഓഫ് ചെയ്ഞ്ച് ആന്റ് റിഫോംസിലെത്തി. 2013ൽ ഗസ്സയിലെ വനിതാ ക്ഷേമ വകുപ്പുമന്ത്രിയായി. 2021 മാർച്ചിൽ ഹമാസിന്റെ ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോയിലുമെത്തി.
വധശ്രമം നേരത്തെയും
നേരത്തെ തന്നെ ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ഹമാസ് നേതാവാണ് ജമീല അല്‍ ശൻത്വി. 2006 നവംബർ മൂന്നിന് വടക്കൻ ഗസ്സയിലെ ബൈത് ഹനൂനിലെ അല്‍ നസ്ര്‍ മസ്ജിദിൽ തമ്പടിച്ച ഇസ്രായേൽ സേനയെ തുരത്താൻ വനിതാ മാർച്ചിന് നേതൃത്വം നൽകിയതോടൊണ് ഇവർ ഇസ്രായേലിന്റെ കണ്ണിലെ കരടായി മാറിയത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇസ്രായേൽ ഇവരുടെ വീടിന് ബോംബിട്ടു. ജമീല മരണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും സഹോദര ഭാര്യ ഈ ആക്രമണത്തിൽ മരണത്തിന് കീഴടങ്ങി.
ഭർത്താവ് റൻതീസിയും കൊല്ലപ്പെട്ടത് ഇസ്രായേൽ ആക്രമണത്തിലാണ്. ജൂതരാഷ്ട്രം ഏറ്റവും സൂക്ഷ്മമായി പിന്തുടർന്നു വധിച്ച ഫലസ്തീൻ നേതാവാണ് റൻതീസി. 2004 ഏപ്രിൽ 17ന് ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ലക്ഷ്യം വച്ച് എഎച്ച്-64 അപാഷെ ഹെലികോപ്ടറിൽ നിന്ന് ഹെൽഫയർ മിസൈൽ തൊടുത്താണ് റൻതീസിയെ ഇസ്രായേൽ വകവരുത്തിയത്.