തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിനോട് ഹമാസ്
ഫലസ്തീൻ ഭിന്നത മുതലെടുത്തുള്ള നീക്കം അമേരിക്ക ഉപേക്ഷിക്കണമെന്നും ഹമാസ്
Update: 2021-05-26 16:12 GMT
ജറൂസലമിൽ അതിക്രമം തുടർന്നാൽ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഹമാസ്. എന്തു വില കൊടുത്തും അൽ അഖ്സ പള്ളിയുടെ പവിത്രത സംരക്ഷിക്കുമെന്നും, ഇസ്രായേല്‍ തീകൊണ്ട് കളിക്കരുതെന്നും ഹമാസ് ഗസ്സ നേതാവ് യഹ്‌യ സിൻവർ പറഞ്ഞു.
ഗസ്സയിലും അധിനിവിഷ്ട പ്രദേശങ്ങളിലും പോരാളികൾ സജ്ജമാണ്. ഹമാസിനെ സൈനികമായി തകർക്കാനുള്ള ഇസ്രായേൽ നീക്കം വീണ്ടും പരാജയപ്പെട്ടുവെന്നും യഹ്‌യ സിൻവർ പറഞ്ഞു.
ഫലസ്തീൻ ഭിന്നത മുതലെടുത്തുള്ള നീക്കം ഉപേക്ഷിക്കണമെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ഹമാസ് പറഞ്ഞു. അതിനിടെ, വെടിനിർത്തൽ സ്ഥിരപ്പെടുത്താൻ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ബ്ലിങ്കൻ പറഞ്ഞു.
വെടിനിർത്തലിന് മുൻകൈ എടുത്ത ഈജിപ്തിന് സ്റ്റേറ്റ് സെക്രട്ടറി നന്ദി അറിയിച്ചു. കെയ്‌റോയിൽ ഈജിപ്ത് പ്രസിഡന്റുമായി ബ്ലിങ്കൻ വിശദമായ ചർച്ച നടത്തി.