വീട്ടുജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; സിംഗപ്പൂരിൽ ഇന്ത്യൻ വംശജക്ക് 14 വർഷം തടവ്
അമ്മയും മകളും നടത്തിയത് ഞെട്ടിപ്പിക്കുന്നതും ഹീനവുമായ കുറ്റങ്ങളാണെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ
സിംഗപ്പൂർ: വീട്ടുജോലിക്കാരിയെ ക്രൂരമായ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജയായ 64 കാരിയെ 14 വർഷം തടവിന് ശിക്ഷിച്ചു. സിംഗപ്പൂരില്‍ വീട്ടുജോലിക്കാരനായ 24 കാരിയായ മ്യാൻമർ സ്വദേശിയായ പിയാങ് എൻഗൈ ഡോണിനെ പീഡിപ്പിച്ച കേസിലാണ് പ്രേമ എസ് നാരായണസാമി ശിക്ഷിക്കപ്പെട്ടത്.
സംഭവത്തിൽ പ്രേമയുടെ മകളും പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുമായ ഗായത്രി മുരുഗായനെ 2021ൽ 30 വർഷം തടവിന് ശിക്ഷിച്ചിരുന്നു. 41കാരിയായ ഗായത്രി 28 കുറ്റങ്ങൾ സമ്മതിക്കുകയും മറ്റ് 87 കുറ്റങ്ങൾ കൂടി ചാർത്തുകയും ചെയ്ത ശേഷമാണ് ശിക്ഷ വിധിച്ചത്.
ഏകദേശം 14 മാസത്തോളമാണ് ഇരുവരും വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചത്. തുടർന്ന് കേസിൽ 2016 ജൂലൈ 26 ന് കഴുത്തിനേറ്റ മാരക മുറിവിനെ തുടർന്ന് വേലക്കാരി തലച്ചോറിനേറ്റ ക്ഷതത്തെ തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്.
ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിക്കുക, ചവിട്ടുകയും കഴുത്തിന് പിടിച്ച് വലിക്കുക തുടങ്ങിയ ക്രൂരമായ മർദനത്തിന് വേലക്കാരി ഇരയായിരുന്നു. അമ്മയും മകളും ഒരുപോലെ വേലക്കാരിയെ ഉപദ്രവിച്ചിരുന്നതായി ചാനൽ ന്യൂസ് ഏഷ്യയെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2015 മേയിൽ പ്രതികളുടെ വീട്ടിൽ ജോലിക്കെത്തുമ്പോൾ 39 കിലോഗ്രാം ഭാരമുണ്ടായിരുന്ന വേലക്കാരി മരിക്കുമ്പോൾ 24 കിലോഗ്രാം മാത്രമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
മരിക്കുന്നതിന് മുമ്പ് രാത്രിയിൽ വേലക്കാരിയെ ജനലിന്റെ കമ്പിയിൽ കെട്ടിയിടുകയും ചവറ്റുകുട്ടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതികൾ നടത്തിയത് ഞെട്ടിപ്പിക്കുന്നതും ഹീനവുമായ കുറ്റങ്ങളാണെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ സെന്തിൽകുമാരൻ സബാപതി പറഞ്ഞു.
സിംഗപ്പൂരിന്റെ ചരിത്രത്തിൽ വീട്ടുജോലിക്കാരിയെ ഇത്രയധികം പീഡനമേൽപ്പിച്ച ഏറ്റവും മോശമായ കേസുകളിൽ ഒന്നായി അദ്ദേഹം ഈ കേസിനെ വിശേഷിപ്പിച്ചു. സഹജീവിയെന്ന നിലയിൽ പോലും വേലക്കാരിയെ പരിഗണിച്ചില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. പ്രേമയുടെ മകൾ ഗായത്രിക്ക് ചെറിയ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. വീട്ടുജോലിക്കാരിയെ ഉപദ്രവിക്കുന്നതിൽ മുന്നിലും ഗായത്രിയായിരുന്നു. എന്നാൽ മകളെ തടയാനോ പിന്തിരിപ്പിക്കാനോ പ്രേമ ശ്രമിച്ചില്ലെന്നും പറയുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറംലോകമറിയുന്നത്. വീട്ടുജോലിക്കാരിയെ മാരകമായി പീഡിപ്പിച്ച സംഭവത്തിൽ ഗായത്രിയുടെ 43കാരനായ ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാൾക്കെതിരെയും നിരവധി കുറ്റങ്ങൾ ചുമത്തിയിരുന്നു.