ഇന്ത്യൻ വിദ്യാർത്ഥിനി ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് 'അപ്രത്യക്ഷയായി'; അവസാനം കണ്ടത് പുലർച്ചെ ബീച്ചിൽ
പുലർച്ചെ സുദീക്ഷ ബീച്ചിലൂടെ നടക്കുന്നത് അയോവയിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി കണ്ടിട്ടുണ്ട്

സുദീക്ഷ കൊണങ്കി

സാന്റോ ഡൊമിങ്കോ: അവധിക്കാല ആഘോഷത്തിനായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായി. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രമുഖ ഹോട്ടലിൽ കഴിയുകയായിരുന്ന സുദീക്ഷ കൊണങ്കിയെ കഴിഞ്ഞ ആഴ്ചയാണ് കാണാതായത്. സുദീക്ഷയെ കണ്ടെത്തനായി വ്യാപകമായ തിരച്ചിൽ നടത്തുന്നതായി അധികൃതർ അറിയിച്ചു. പിറ്റ്സ്ബർഗ് സർവകലാശാല പ്രീ മെഡിക്കൽ വിദ്യാർഥിനിയാണ് 20 കാരിയായ സുദീക്ഷ.
വസന്തകാല ആഘോഷങ്ങൾക്ക് പേരുകേട്ട കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ റിസോർട്ട് ടൗണായ പുണ്ട കാനയിലെ ബീച്ചിൽ നിന്നാണ് സുദീക്ഷ അപ്രത്യക്ഷയായത്. പുലർച്ചെ സുദീക്ഷ ബീച്ചിലൂടെ നടക്കുന്നത് അയോവയിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി കണ്ടിട്ടുണ്ട്. എന്നാൽ താൻ മദ്യപിച്ച് ബോധംകെട്ടു കിടക്കുകയായിരുന്നുവെന്നും, ഉണർന്നപ്പോൾ സുദീക്ഷയെ അവിടെ കണ്ടില്ലെന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. സുഹൃത്തുക്കൾക്കൊപ്പമാണ് സുദീക്ഷ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധി ആഘോഷിക്കാൻ എത്തിയത്.
പുലർച്ചെ 3 മണി വരെ ഒരു റിസോർട്ട് ഡിസ്കോയിൽ പാർട്ടിയിലായിരുന്ന പെൺകുട്ടികൾ പുലർച്ചെ 4 മണിയോടെ ബീച്ചിലേക്ക് പോയതായി സിസിടിവി ദൃശ്യങ്ങളിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പുലർച്ചെ 5:50 ഓടെ സുഹൃത്തുക്കൾ മടങ്ങുകയും സുദീക്ഷ ബീച്ചിൽ തുടരുകയും ചെയ്യുകയായിരുന്നു.
ബീച്ചിലൂടെ നടക്കവേ സുദീക്ഷ തിരയിൽ പെട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ സുദീക്ഷയെ ആരെങ്കിലും തട്ടികൊണ്ട് പോയതാകമെന്നാണ് കുടുംബത്തിന്റെ ആരോപണം. സുദീക്ഷയെ കണ്ടെത്താനായി ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, ബോട്ടുകൾ, സ്കൂബ ഡൈവർമാർ തുടങ്ങിയവ ഉപയോഗിച്ച് തിരച്ചിൽ പുരോഗമിക്കുകയാണ്.