അൽ തബീൻ സ്കൂളിലെ കൂട്ടക്കൊല: ഹമാസ് പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന ഇസ്രായേൽ വാദം പൊളിയുന്നു
നെതന്യാഹുവിനെതിരെ തെൽഅവീവിൽ ആയിരങ്ങളുടെ പ്രതിഷേധം
ദുബൈ: ഗസ്സ സിറ്റിയിൽ അഭയാർഥികൾ താമസിച്ച അൽ തബീൻ സ്കൂളിന് നേരെ ആക്രമണം നടത്തി നൂറിലേറെ പേരെ കൊലപ്പെടുത്തിയ ഇസ്രായേലിനെതിരെ ലോകവ്യാപക പ്രതിഷേധം. ഹമാസ് പോരാളികളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന ഇസ്രായേൽ വാദം പൊളിയുന്നു.
എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഗസ്സയിൽ തുടരുന്നതെന്ന് അറബ് ലീഗ്, ഒ.ഐ.സി, ജി.സി.സി കൂട്ടായ്മകൾ കുറ്റപ്പെടുത്തി. വെടിനിർത്തൽ ചർച്ചകൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും അറബ് ലീഗ് ആരോപിച്ചു.
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കുരുതിയെ അപലപിച്ചു. എന്നാൽ, സ്കൂളിൽ തമ്പടിച്ച പോരാളികളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അറിയിച്ചതായി അമേരിക്കയും ബ്രിട്ടനും പ്രതികരിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും അമേരിക്ക അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ ഒരു പോരാളി പോലും ഇല്ലെന്നിരിക്കെ, വംശഹത്യയെ മറച്ചുപിടിക്കാനുള്ള പ്രചാരണമാണ് ഇസ്രായേൽ നടത്തുന്നതെന്ന് ഹമാസ് വ്യക്തമാക്കി. ഒരാഴ്ചക്കിടെ അഭയാർഥികൾ താമസിച്ചുവരുന്ന അഞ്ച് സ്കൂളുകൾക്ക് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തര യു.എൻ രക്ഷാ സമിതി വിളിച്ചുചേർക്കണമെന്ന് അൾജീരിയ ആവശ്യപ്പെട്ടു.
ഗസ്സയിലേക്ക് അന്താരാഷ്ട്ര സംഘത്തെ അയക്കണമെന്ന ആവശ്യവും ശക്തമാണ്. വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിക്കാൻ നെതന്യാഹു നീക്കം നടത്തുന്നതായി ആരോപിച്ച് ആയിരങ്ങൾ തെൽഅവീവിൽ പ്രതിഷേധിച്ചു. ബന്ദികളെ ജീവനോടെ മോചിപ്പിക്കാനുള്ള അവസാന സന്ദർഭമാണിതെന്ന് ബന്ധുക്കൾ പറഞ്ഞു. വെടിനിർത്തൽ കരാർ രൂപപ്പെടുത്താൻ ഇരു വിഭാഗത്തെയും പ്രേരിപ്പിച്ചു വരികയാണെന്ന് അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ അറിയിച്ചു. ഹമാസിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
അതിനിടെ ലബനാൻ, ഇസ്രായേൽ അതിർത്തിയിൽ സംഘർഷം വ്യാപിക്കുകയാണ്. ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നിരവധി മിസൈലുകൾ അയച്ചതായി ഹിസ്ബുല്ല അറിയിച്ചു. ഇതിനെ തുടർന്ന് ദക്ഷിണ ലബനാനു നേർക്ക് ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി. ഇസ്രായേലിനു നേരെ ഇറാനും ഹിസ്ബുല്ലയും നടത്തുമെന്ന് പ്രഖ്യാപിച്ച പ്രത്യാക്രമണം ആസന്നമാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട സൈനിക നടപടികളെ കുറിച്ച് അമേരിക്കയുമായി ചേർന്ന് ഇസ്രായേൽ തിരക്കിട്ട ചർച്ച തുടരുകയാണ്.