'അബദ്ധമാകും'; റഫാ ആക്രമണത്തിൽ വിമർശനവുമായി ഇസ്രായേൽ പാരാട്രൂപ്പർ സേന
റഫയിലെ കരയാക്രമണം തന്ത്രപരമയൊരു അബദ്ധമായിരിക്കുമെന്നാണ് റിസർവ് ജനറൽ ഇസ്രായേൽ സിവ് വ്യക്തമാക്കിയത്.
ടെൽഅവീവ്: തെക്കൻ ഗസ്സയിലെ റഫാ ആക്രമിക്കാനുള്ള തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഇസ്രായേലി പ്രതിരോധ സേനയിലെ പാരാട്രൂപ്പ് അംഗങ്ങൾ. 30 ഇസ്രായേലി പാരാട്രൂപ്പ് റിസർവിസ്റ്റുകളാണ് റഫയിലെ കരയാക്രമണത്തെ വിമർശിച്ച് രംഗത്തെത്തിയത്.
ഇസ്രായേലി മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. റഫയിലെ കരയാക്രമണം തന്ത്രപരമയൊരു അബദ്ധമായിരിക്കുമെന്നാണ് റിസർവ് ജനറൽ ഇസ്രായേൽ സിവ് വ്യക്തമാക്കിയത്.
റഫാ ആക്രമിച്ചാല്‍ ഇസ്രായേലി ബന്ദികള്‍ അതിജീവിക്കാന്‍ സാധ്യതയില്ലെന്നാണ് സിവ് മുന്നറിയിപ്പ് നല്‍കുന്നത്. അവരുടെ ജീവിതമാണ് പ്രധാനം, ആക്രമണം ഉടന്‍ തീരില്ല, മാസങ്ങളോളം നീണ്ടുനില്‍ക്കും, അതോടെ ബന്ദികളുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തങ്ങളുടെ ചുമതലകള്‍ നിറവേറ്റാന്‍ കഴിയുന്നില്ലെന്ന് റിസര്‍വ് സൈനികര്‍ പറഞ്ഞതായി ഇസ്രായേലി ചാനലായ 12 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റഫയിലെ സൈനിക നടപടിയിൽ പങ്കെടുക്കാൻ വിസമ്മതം അറിയിച്ചുള്ള നിരവധി കത്തുകള്‍ തൻ്റെ സൈനികരിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ഒരു കമാൻഡർ വെളിപ്പെടുത്തുന്നു. എന്നാല്‍ എതിര്‍പ്പുകളുണ്ടെങ്കിലും മുന്നോട്ടുപേകാനാണ് ഇസ്രായേലിന്റെ തീരുമാനം.
1.4 മില്യണ്‍ ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന ഗസ്സയുടെ തെക്കേ അറ്റത്തുള്ള നഗരമാണ് റഫ. അതിനാല്‍ ഇവിടെ ആക്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അന്താരാഷ്ട്ര മുന്നറിയിപ്പുണ്ട്. ഇതൊന്നു അവര്‍ ചെവികൊള്ളുന്നില്ല. റഫയിൽ നിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് പ്രദേശം ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് ഒരു മുതിർന്ന ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്.
അതേസമയം ഹമാസുമായി ബന്ദിമോചന കരാറിലെത്തിയാൽ റഫയിലെ സൈനിക നടപടി താൽക്കാലികമായി നിർത്തിവയ്ക്കാമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ ആശങ്കകളും അഭിപ്രായങ്ങളും വകവെക്കാതെ റഫാ ഓപറേഷനുമായി മുന്നോട്ടുപോകില്ലെന്ന് ഇസ്രായേല്‍ ഉറപ്പ് നല്‍കിയതായി വൈറ്റ് ഹൌസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കിയിരുന്നു.