ലെബനാനിൽ പ്രത്യാക്രമണം നടത്താൻ ഇസ്രായേൽ; ഏതറ്റം വരെയും പോകാൻ മടിക്കില്ലെന്ന് ഹിസ്ബുല്ല
ഇസ്രായേലിനെ പാഠം പഠിപ്പിക്കാനുള്ള എല്ലാ സൈനിക സന്നാഹങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് ഹസൻ നസ്റുല്ല
ദുബൈ: യുദ്ധവ്യാപനം പാടില്ലെന്ന അമേരിക്കൻ മുന്നറിയിപ്പ് മറികടന്ന് ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയുമായി ഇസ്രായേൽ. അതിർത്തി മേഖലയിൽ നിന്ന് ഹിസ്ബുല്ലയുടെ സാന്നിധ്യം ഒഴിവാക്കാൻ ശക്തമായ ആക്രമണത്തിനാണ് ഇസ്രായേൽ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
ഇസ്രായേൽ തുറമുഖ നഗരമായ ഹൈഫയുടെ ഡ്രോൺ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഹിസ്ബുല്ല പുറത്തുവിട്ടതിന് പിന്നാലെയാണ് സൈനിക നടപടിക്കുള്ള തീരുമാനം. പ്രതിരോധ മന്ത്രി യോവ് ഗാലൻറ് ഇസ്രായേൽ സൈനിക മേധാവിയുമായി ചർച്ച നടത്തി.
യുദ്ധം ഒഴിവാക്കാൻ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന്റെ ദൂതൻ തെൽ അവീവിലും ബൈറൂത്തിലും നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ കടുംപിടിത്തം സമാധാന ശ്രമങ്ങൾ അട്ടിമറിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇസ്രായേലിനെ പാഠം പഠിപ്പിക്കാനുള്ള എല്ലാ സൈനിക സന്നാഹങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല താക്കീത് ചെയ്തു. വടക്കൻ ഇസ്രായേലിൽ ഇസ്രായേലിന്റെ സമ്പദ് ഘടനക്ക് കനത്ത പ്രഹരം ഏൽപിക്കാൻ പിന്നിട്ട മാസങ്ങളിൽ സാധിച്ചതായും യുദ്ധം അടിച്ചേൽപിച്ചാൽ വലിയ തിരിച്ചടി ഉറപ്പാണെന്നും ഹസൻ നസ്റുല്ല വ്യക്തമാക്കി.
അതിനിടെ, നെതന്യാഹുവും ഇസ്രായേൽ സൈന്യവും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായി. ഹമാസ് എന്ന ആശയത്തെ പൂർണമായി തുരത്തുക സാധ്യമല്ലെന്നും സൈനിക നടപടിയിലൂടെ എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കാനാവില്ലെന്നും സേനാ വക്താവ് പറഞ്ഞിരുന്നു.
സർക്കാർ തയാറാക്കിയ യുദ്ധലക്ഷ്യങ്ങൾ അനുസരിച്ച് നടപ്പാക്കിയാൽ മാത്രം മതിയെന്ന് നെതന്യാഹു സൈന്യത്തെ ഓർമിപ്പിച്ചു. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ തുടർച്ചയായ യുദ്ധകുറ്റങ്ങളിൽ ഏർപ്പെട്ടതായി യു.എൻ മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട്. പോരാളികളോടെന്ന പോലെയാണ് സാധാരണക്കാരോടും സൈന്യം പെരുമാറുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
ബന്ദികളായി സാധാരണക്കാരെ പിടിച്ചുകൊണ്ടുപോയ ഹമാസ് നടപടിയെയും യു.എൻ വിമർശിച്ചു. ഉന്മൂലന അജണ്ടയാണ് ഗസ്സയിൽ സൈന്യം നടപ്പാക്കുന്നതെന്ന് യു.എൻ അന്വേഷണ കമീഷൻ മേധാവി നവി പിള്ള കുറ്റപ്പെടുത്തി.
സിറിയൻ തലസ്ഥാനമായ ദമസ്കസിൽ ആക്രമണം നടത്തി ഐ.എസ് നേതാവ് ഒസാമ ജമാൽ മുഹമ്മദ് അൽ ജനാബിയെ വധിച്ചതായി യു.എസ് സെൻട്രൽ കമാൻറ് അറിയിച്ചു. ഇറാൻ ഇസ്ലാമിക് റവലൂഷനറി ഗാർഡിനെ കനഡ ഭീകര പട്ടികയിൽ ഉൾപ്പെടുത്തി. അമേരിക്കയും ബ്രിട്ടനും തുടരുന്ന ആക്രമണം ഗസ്സക്കുള്ള പിന്തുണയിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് യെമനിലെ ഹൂത്തികൾ വീണ്ടും ആവർത്തിച്ചു.