ഗസ്സയിൽ ആശുപത്രികൾക്ക് നേരെ ആക്രമണം തുടർന്ന് ഇസ്രായേൽ; നൂറുകണക്കിന് രോഗികൾ മരണമുഖത്ത്

തുടർച്ചയായ ആക്രമണവും ഇന്ധനമില്ലായ്മയും കാരണം ഗസ്സയിൽ 22 ആശുപത്രികളുടെയും 49 ഹെൽത്ത്​ സെന്‍ററുകളുടെയും പ്രവർത്തനം നിലച്ചു

Update: 2023-11-13 00:59 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഗസ്സ: അൽശിഫ ഉൾപ്പെടെ ഗസ്സയിലെ ആശുപത്രികൾക്കു നേരെ ആക്രമണം തുടർന്ന്​ ഇസ്രായേൽ. തുടർച്ചയായ ആക്രമണവും ഇന്ധനമില്ലായ്മയും കാരണം ഗസ്സയിൽ 22 ആശുപത്രികളുടെയും 49 ഹെൽത്ത്​ സെന്‍ററുകളുടെയും പ്രവർത്തനം നിലച്ചു. ഗസ്സയിൽ കൂടുതൽ സഹായം ഉറപ്പാക്കുമെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡൻ ഖത്തർ അമീറിനെ ടെലിഫോണിൽ അറിയിച്ചു. മാഡ്രിഡ്​ ഉൾപ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങൾ അണിനിരന്ന ഫലസ്​തീൻ ഐക്യദാർഡ്യ റാലികൾ തുടരുകയാണ്​.

നിരവധിപേർ ചികിത്സയിൽ കഴിയുന്ന അൽശിഫ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗവും മറ്റും തകർത്ത ഇസ്രായേൽ കൂടുതൽ ആക്രമണം നടത്താനുള്ള നീക്കത്തിലാണ്​. ആശുപത്രി പരിസരത്ത്​ ഇന്ന്​ വെളുപ്പിനും ആക്രമണം തുടർന്നു. ചികിത്സയിലുള്ള നൂറുകണക്കിന്​രോഗികളുടെ ജീവൻ അപകടത്തിലാണ്​. ആശുപത്രിയിലെ ഹൃദ്രോഗ വാർഡ്​ നേരത്തെ തകർത്തിരുന്നു. വടക്കൻ ഗസ്സയിലെ ഏറ്റവും വലിയആശുപത്രി കൂടിയായ അൽ ശിഫയുമായി ആശയവിനിമയ ബന്ധം പൂർണമായും തകർന്നതിനാൽ എന്താണ്​ സംഭവിക്കുന്നതെന്നു പോലും വ്യക്​തമല്ലെന്ന്​ യു.എൻ ഏജൻസികൾ അറിയിച്ചു. അൽ റൻതീസി ഉൾപ്പെടെ മറ്റു ആശുപത്രികളും ഇസ്രായേൽ സൈന്യം പൂർണമായിവളഞ്ഞിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന്​ പുറത്തിറങ്ങുന്നവരെ ചുറ്റും നിലയുറപ്പിച്ച ഇസ്രായേൽ സൈന്യത്തിലെ ഷൂട്ടർമാർ വെടിവെച്ചിടുകയാണെന്ന്​ ഫലസ്​തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെള്ളവും വൈദ്യുതിയും ഇന്ധനവും ലഭിക്കാത്തതിനാൽ ആശുപത്രികൾ അഭയ സ​ങ്കേതങ്ങളായി കണ്ട എല്ലാവരുടെയും ജീവൻ ഭീഷണിയിലാണ്. അടിയന്തരമായി രണ്ടായിരം ലിറ്റർ ഇന്ധനമെങ്കിലും അനുവദിക്കണമെന്ന്​ അൽശിഫ ആശുപത്രി അധികൃതർ ഇസ്രായേൽ സൈന്യത്തോട്​ ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം ഇൻകുബേറ്ററുകളിൽ കഴിയുന്ന കുഞ്ഞുങ്ങളെ മരണത്തിന്​ വിട്ടുകൊടുക്കേണ്ടി വരുമെന്നും അധികൃതർ.ആശുപത്രികൾഉൾപ്പടെയുള്ള ആരോഗ്യ സംവിധാനങ്ങൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്​ പറഞ്ഞു. ബന്ദികളെ കൈമാറാതെ വെടിനിർത്തലിന്​ ഒരുക്കമല്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. അതേ സമയം ബന്ദികളെ കൈമാറുന്ന കരാറിന്​ സാധ്യതയുണ്ടെന്നും നെതന്യാഹു. ഗസ്സയിൽ നിന്ന്​ 20 ഹമാസ്​ പോരാളികളെ പിടികൂടിയെന്ന്​ ഇസ്രായേൽ സൈന്യം. എന്നാൽ ചെറുത്തുനിൽപ്പ്​ അജയ്യമായി തുടരുകയാണെന്ന്​ ഹമാസ്​ നേതൃത്വം.

ക​ര​യു​ദ്ധം തു​ട​ങ്ങി​യ​തു ​മു​ത​ൽ ഇ​സ്രാ​യേ​ലി​ന്‍റെ 160 സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ ഭാ​ഗി​ക​മാ​യോപൂ​ർ​ണ​മാ​യോ ത​ക​ർ​ത്ത​താ​യി ഹ​മാ​സി​ന്‍റെ സാ​യു​ധ വി​ഭാ​ഗ​മാ​യ ഇ​സു​ദ്ദീ​ൻ അ​ൽഖ​സാം ബ്രി​ഗേ​ഡ് വ​ക്താ​വ് അ​ബൂഉ​ബൈ​ദ അറിയിച്ചു. ലബനാൻ അതിർത്തിയിൽ ആക്രമണ, പ്രത്യാക്രമണങ്ങൾ വർധിച്ചു. ലബനാനിൽ നിന്നു വന്ന റോക്കറ്റ്​ പതിച്ച്​ 16 ഇസ്രായേലികൾക്ക്​ പരിക്കേറ്റു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News