പ്രശ്നപരിഹാരം ഇനിയും അകലെ; ഒരു ജീവിതം തേടിയുള്ള ഫലസ്തീൻ പോരാട്ടം ഇനിയും ലോകത്തിന്‍റെ ഉറക്കം നഷ്ടപ്പെടുത്തും

പതിനൊന്ന് ദിവസമായി തുടർന്ന ഗസ്സയില്‍ വെടിനിർത്തൽ വെളുപ്പിന് പ്രാബല്യത്തിൽ വന്നതായി ഇസ്രായേലും ഹമാസും

Update: 2021-05-21 01:26 GMT
By : Web Desk
Advertising

ഗസ്സയില്‍ താൽക്കാലിക വെടിനിർത്തൽ ഉണ്ടായെങ്കിലും പ്രശ്നപരിഹാരം അകലെതന്നെയാണ്. 1948ൽ ഇസ്രായേലിനെ അറബ് മണ്ണിൽ അവിഹിതമായി കുടിയിരുത്തിയതിലൂടെ രൂപപ്പെട്ട ഫലസ്തീൻ ദുരിതപർവം അന്തർദേശീയ സമൂഹം സൗകര്യപൂർവം മറക്കുകയാണ്. ഇസ്രായേലിന്‍റെ അതിക്രമങ്ങൾക്കെതിരെ എൺപതിലേറെ പ്രമേയങ്ങൾ യു.എന്നിൽ അവതരിപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

നീണ്ട 73 വർഷങ്ങൾ. ലോകത്തെ മറ്റൊരു ജനതയും അനുഭവിക്കാത്തവിധം കൊടും ക്രൂരതകളിലൂടെ കടന്നു പോവുകയാണ് ഫലസ്തീൻ സമൂഹം. വൻശക്തി രാജ്യങ്ങളുടെ ആസൂത്രിത പിന്തുണയും കുടില പദ്ധതികളുമാണ് എന്നും ഇസ്രായേൽ എന്ന വംശീയരാഷ്ട്രത്തിന് തുണയായത്. അറബ് മണ്ണ് അടിക്കടി വിപുലപ്പെടുത്തി ഇസ്രായേൽ വികസിച്ചു കൊണ്ടിരുന്നപ്പോൾ പുറന്തള്ളപ്പെട്ടത് ലക്ഷക്കണക്കിന് ഫലസ്തീനികളും അവരുടെ മേൽവിലാസവുമാണ്. 1967ലെ ആറു ദിന യുദ്ധം. അതാണ് കൂടുതൽ അറബ് പ്രദേശങ്ങൾ വെട്ടിപ്പിടിക്കാൻ ഇസ്രായേലിനെ സഹായിച്ചത്. അനധികൃത കുടിയേറ്റ പരമ്പരയായിരുന്നു പിന്നീടങ്ങോട്ട്. വെസ്റ്റ് ബാങ്കിലും ഗസ്സയിലുമായി ഫലസ്തീൻ സമൂഹം ചുരുങ്ങി. അവരുടെ എല്ലാ അവകാശങ്ങളും കവർന്നു.

കിഴക്കൻ ജറൂസലേം കേന്ദ്രമായി ഫലസ്തീൻ രാഷ്ട്രം അനുവദിക്കുമെന്ന പ്രഖ്യാപനവും എവിടെയും എത്തിയില്ല. ജറൂസലമിലും ജുലാൻ കുന്നുകളിലും ഇസ്രായേല്‍ അവകാശം അനുവദിച്ചു കൊടുക്കുകയായിരുന്നു അമേരിക്ക. 1987 മുതൽ രൂപപ്പെട്ട ഇൻതിഫാദയാണ് ശത്രുവിനെതിരെ സാധ്യമായ ചെറുത്തുനിൽപ്പിലേക്ക് ഫലസ്തീൻ ജനതയെ മാറ്റിയത്. എന്നാൽ അതിനെയും ചോരയിൽ മുക്കി കൊല്ലുകായിരുന്നു ഇസ്രായേൽ. പിന്നിട്ട 34 വർഷത്തിനുള്ളില്‍ മാത്രം പതിനാലായിരം ഫലസ്തീനികളാണ് കൊലപ്പെട്ടത്.

വൻശക്തി രാജ്യങ്ങൾ മാത്രമല്ല, ഇരകൾക്കൊപ്പം നിലയുറപ്പിക്കേണ്ട അറബ് രാജ്യങ്ങൾ വരെ കൂറുമാറി. എങ്കിലും ഒന്നുറപ്പ്. മാന്യമായ ഒരു ജീവിതം തേടിയുള്ള ഫലസ്തീൻ പോരാട്ട തീവ്രത ഇനിയങ്ങോട്ടും ലോകത്തിന്‍റെ ഉറക്കം നഷ്ടപ്പെടുത്തുക തന്നെ ചെയ്യും.

പതിനൊന്ന് ദിവസമായി തുടർന്ന ഗസ്സ അതിക്രമം നിർത്തിയതായി ആദ്യം ഇസ്രായേലാണ് അറിയിച്ചത്. വെടിനിർത്തൽ വെളുപ്പിന് പ്രാബല്യത്തിൽ വന്നതായി ഇസ്രായേലും ഹമാസും അറിയിച്ചു. അമേരിക്കയുടെയും വൻശക്തി രാജ്യങ്ങളുടെയും സമ്മർദമാണ് ഒടുവിൽ വെടിനിർത്തലിന് വഴങ്ങാൻ ഇസ്രായേലിനെ പ്രേരിപ്പിച്ചത്. അടിയന്തര വെടിനിർത്തലിന് ഇന്നലെ ചേർന്ന യു.എൻ പൊതുസഭയുടെ പ്രത്യേക സമ്മേളനവും ആവശ്യപ്പെട്ടിരുന്നു.

ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചു കൊണ്ടാണ് വെടിനിര്‍ത്തൽ. രാത്രി ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള ഇസ്രായേൽ മന്ത്രിസഭാ യോഗമാണ് ഏകപക്ഷീയ വെടിനിർത്തലിന് അനുമതി നൽകിയത്. അധികം വൈകാതെ വെടിനിർത്തലിന് ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടനയായ ഹമാസും പച്ചക്കൊടി കാട്ടി. അന്തർദേശീയ സമൂഹത്തിന്‍റെ അഭ്യർഥന മാനിച്ച് വെടിനിർത്തലിന് തയാറായ ഇസ്രായേലിനെ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ അഭിനന്ദിച്ചു. ഇസ്രായേലും ഫലസ്തീനും യാഥാർഥ്യബോധം ഉൾക്കൊണ്ട് സമാധാനപരമായി മുന്നോട്ടു പോകണമെന്ന് ജോ ബൈഡൻ നിർദേശിച്ചു.

ഇന്ത്യൻ സമയം വെളുപ്പിന് നാലു മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. അതിനു തൊട്ടു മുമ്പു വരെയും ചെറിയ തോതിലുള്ള ആക്രമണവും പ്രത്യാക്രമണവും തുടർന്നു. 11 ദിവസം നീണ്ട ഇസ്രയേല്‍ ആക്രമണങ്ങളില്‍ 232 ഫലസ്തീനികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 65 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പെടും. 1900 പേര്‍ക്കാണ് പരിക്ക്. ഹമാസ് പ്രത്യാക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ ഇസ്രയേലിലും കൊല്ലപ്പെട്ടു. മുന്നൂറിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

അമേരിക്കയുടെ നിർദേശപ്രകാരം ഈജിപ്ത് നടത്തിയ നയതന്ത്ര നീക്കങ്ങളാണ് വെടിനിർത്തൽ യാഥാർഥ്യമാക്കിയത്. ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ പിന്തുണയും ഈജിപ്തിനു തുണയായി. രൂക്ഷമായ ആക്രമണത്തിൽ എണ്ണമറ്റ താമസ കേന്ദ്രങ്ങളും മറ്റും തകർന്ന് അറുപതിനായിരത്തോളം പേരാണ് ഭവനരഹിതരായത്. 450 ഓളം കെട്ടിടങ്ങളാണ് ഗസ്സയിൽ തകർന്നത്. സ്കൂളുകൾ, അഭയാർഥി ക്യാമ്പുകൾ, വൈദ്യുതി, ജലവിതരണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടും വ്യാപക ആക്രമണമാണ് പിന്നിട്ട 11 നാളുകളിൽ അരങ്ങേറിയത്.

Tags:    

By - Web Desk

contributor

Similar News