ഹസൻ നസ്റുല്ലയുടെ പിൻഗാമിയെന്നറിയപ്പെട്ടിരുന്ന ഹാഷിം സഫിയ്യുദ്ദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ

വെള്ളിയാഴ്ച മുതൽ ഹാഷിം സഫിയ്യുദ്ദീനുമായു​ള്ള ബന്ധം നഷ്ടപ്പെട്ടതായി ലെബനാൻ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Update: 2024-10-05 16:25 GMT
Advertising

ബൈറൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയുടെ പിൻഗാമിയെന്നറിയപ്പെട്ടിരുന്ന ഹാഷിം സഫിയ്യുദ്ദീനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ.വെള്ളിയാഴ്ച രാത്രി ബൈറൂത്തിൽ നടന്ന വ്യോമാക്രമണത്തിൽ സഫിയ്യുദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രായേലി സൈനികരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഫിയ്യുദ്ദീനെ വധിക്കാൻ ശ്രമിച്ചതായി മൂന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ബൈറൂത്തിലെ ബങ്കറിനെ ലക്ഷ്യം വെച്ച് ഇസ്രായേൽ വ്യോമാക്രമണം നടത്തിയെന്നും അവിടെ സഫിയ്യുദ്ദീൻ ഉൾപ്പടെ ഹിസ്ബുല്ലയുടെ ഉന്നത നേതാക്കൾ ഉണ്ടായിരുന്നുവെന്നും അവർ അവകാശപ്പെട്ടു.

അതേസമയം,വെള്ളിയാഴ്ച മുതൽ ഹാഷിം സഫിയ്യുദ്ദീനുമായു​ള്ള ബന്ധം നഷ്ടപ്പെട്ടതായി ലെബനാൻ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു.വെള്ളിയാഴ്ച ലെബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആ​രോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഹിസ്ബുല്ലയുടെ എക്‌സിക്യുട്ടീവ് കൗൺസിൽ തലവനും രാഷ്ട്രീയകാര്യ വകുപ്പിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ഹാഷിം സഫിയുദ്ദീനായിരുന്നു. 1964ൽ തെക്കൻ ലബനാനിലാണ് സഫിയുദ്ദീൻ ജനിച്ചത്. ഹിസ്ബുല്ലയുടെ സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ജിഹാദ് കൗൺസിലിലും അദ്ദേഹം അംഗമാണ്. 1982 മുതൽ ഹിസ്ബുല്ലയുടെ ഭാഗമായ അദ്ദേഹം ഇറാനിലാണ് മതപഠനം പൂർത്തിയാക്കിയത്.

കഴിഞ്ഞ 27 ന് ബെയ്‌റൂത്തിലെ ബങ്കറുകൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്‌റുല്ല കൊല്ലപ്പെട്ടത്. അതേസമയം, ആസ്ട്രേലിയ ലെബനാനിൽ നിന്ന് പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. പ്രത്യേക വിമാനത്തിൽ ഏകദേശം 229 പേരെ തിരികെയത്തിച്ചതായി ആസ്​ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News