ഹിജാബും ജംപ്‌സ്യൂട്ടും; പുതിയ യൂണിഫോം പുറത്തിറക്കി ബ്രിട്ടീഷ് എയർവേയ്‌സ്
രണ്ടു ദശാബ്ദത്തിന് ശേഷമാണ് എയര്‍വേയ്സ് യൂണിഫോം പരിഷ്‌കരിക്കുന്നത്
ലണ്ടൻ: രണ്ട് ദശാബ്ദത്തിനു ശേഷം ജീവനക്കാർക്ക് പുതിയ യൂണിഫോം പുറത്തിറക്കി ബ്രിട്ടീഷ് എയർവേയ്‌സ്. വനിതാ കാബിൻ ക്രൂവിന് ഹിജാബ്, ജംപ്‌സ്യൂട്ട് തുടങ്ങിയ വൈവിധ്യങ്ങൾ ഉൾപ്പെടുത്തിയാണ് യൂണിഫോം പരിഷ്‌കരിച്ചത്. മുപ്പതിനായിരത്തിലേറെ ജീവനക്കാരാണ് എയർവേയ്‌സിലുള്ളത്.
ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ഓസ്‌വാൾഡ് ബോട്ടങ്ങാണ് യൂണിഫോം രൂപകൽപ്പന ചെയ്തിട്ടുള്ളത്. അഞ്ചു വർഷം നീണ്ട പരീക്ഷണങ്ങൾക്കു ശേഷമാണ് എയർലൈൻസ് അന്തിമ ഡിസൈൻ അംഗീകരിച്ചത്. ത്രീ പീസ് സ്യൂട്ടാണ് പുരുഷന്മാരുടെ വേഷം. സ്ത്രീകൾക്ക് സ്‌കർട്ട്, ട്രൗസർ, ഹിജാബ് തുടങ്ങിയവയെല്ലാം ധരിക്കാം.
തങ്ങളുടെ ബ്രാൻഡിന് അനുസൃതമായ യൂണിഫോമാണ് നിലവിലേതെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് ചെയർമാൻ സീൻ ഡോയ്‌ലെ പറഞ്ഞു. 'ഞങ്ങളുടെ ബ്രാൻഡിന്റെ മൂർത്തമായ പ്രതിനിധാനമാണ് യൂണിഫോം. അത് ഞങ്ങളെ ഭാവിയിലേക്ക് വഹിച്ചുകൊണ്ടു പോകുകയും ആധുനിക ബ്രിട്ടനെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു. അഭിമാനത്തോടെ ധരിക്കാവുന്ന ഒരു യൂണിഫോം ശേഖരം ഉണ്ടാക്കാനാണ് ശ്രമിച്ചത്. അത് ലഭിച്ചത് ഞങ്ങൾക്ക് ആത്മവിശ്വാസം പകരുന്നു.' - അദ്ദേഹം പറഞ്ഞു.
പുതിയ യൂണിഫോം ഉണ്ടാക്കുന്നതിന് മുമ്പ് എല്ലാ ജീവനക്കാരും പഴയവ തിരിച്ചുകൊടുത്തിരുന്നു. ഇവ റീസൈക്കിൾ ചെയ്താണ് പുതിയവ നിർമിച്ചത്. കഴിഞ്ഞ വർഷം എതിരാളികളായ വിർജിൻ അറ്റ്‌ലാന്റിക് യൂണിഫോം പരിഷ്‌കരിച്ചിരുന്നു. ലിംഗഭേദമില്ലാതെ യൂണിഫോം ധരിക്കാമെന്ന ഉത്തരവാണ് വിർജിൻ പുറത്തിറക്കിയിരുന്നത്.
Summary: British Airways has today unveiled a new uniform to take the airline into its next chapter. It's created by British fashion designer and tailor Ozwald Boateng OBE, will be worn by more than 30,000 of the airline's colleagues from Spring 2023.