വെടിനിർത്തൽ കരാർ: ഇസ്രായേലിനെ സ്തംഭിപ്പിച്ച് തൊഴിലാളി പണിമുടക്ക്

ആറ് ബന്ദികൾ ഗസ്സയി​ൽ കൊല്ലപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമായത്

Update: 2024-09-02 16:36 GMT
Advertising

തെൽ അവീവ്: വെടിനിർത്തൽ കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ സംഘടിപ്പിച്ച പണിമുടക്ക് ഇസ്രായേലിനെ സ്തംഭിപ്പിച്ചു. ഗസ്സയിലെ റഫയിൽ കൊല്ലപ്പെട്ട​ ആറ് ഇസ്രായേലി​ ബന്ദികളുടെ മൃതദേഹം രാജ്യത്തേക്ക് എത്തിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ഇസ്രായേലിലെ പ്രധാന നഗരങ്ങളിലെല്ലാം ആയിരക്കണക്കിന് പേർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരുന്നെങ്കിൽ ബന്ദികൾ കൊല്ലപ്പെടില്ലായിരുന്നുവെന്ന്​ പ്രക്ഷോഭകർ പറഞ്ഞു. കരാറിൽ ഒപ്പുവെച്ചാൽ ആദ്യം വിട്ടയക്കേണ്ട ബന്ദികളുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ്​ കൊല്ലപ്പെട്ട ആറുപേരും.

ഇസ്രായേലി സൈനികർ എത്തും മു​മ്പ് ഹമാസ് ബന്ദികളെ കൊല്ലുകയായിരുന്നുവെന്നാണ് ഇസ്രായേൽ വാദം. എന്നാൽ, ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് മുതിർന്ന ഹമാസ് നേതാവ് ഇസ്സത് അൽ റിഷഖ് പറയുന്നു. ബന്ദികൾ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയതിന് പിന്നാലെയാണ് ഇസ്രായേലിലെ തൊഴിലാളി യൂനിയൻ പണിമുടക്ക് പ്രഖ്യാപിക്കുന്നത്. ഇതോടെ തൊഴിൽ മേഖലയാകെ സ്തംഭിച്ചു. വിമാനത്താവളങ്ങളും റെയിൽവേയും ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ പ്രവർത്തനം താറുമാറായി.

പണിമുടക്കിന്റെ ഭാഗമായി ആയിരക്കണക്കിന് പേരാണ് തെരുവിലിറങ്ങിയത്. റോഡുകൾ ഉപരോധിച്ചു. ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കാൻ സർക്കാർ തീരുമാനങ്ങൾ മാറ്റണമെന്നായിരുന്നു ഇവരുടെ ​പ്രധാന ആവശ്യം. രാജ്യം തന്നെ സ്തംഭിച്ചതോടെ പണിമുടക്ക് അവസാനിപ്പിക്കാൻ ലേബർകോടതി ഉത്തരവിട്ടു. നിയമം പാലിക്കുമെന്നറിയിച്ച് തൊഴിലാളികൾ പണിമുടക്ക് അവസാനിപ്പിച്ചെങ്കിലും ബന്ദികളുടെ ബന്ധുക്കളും പ്രക്ഷോഭകരും തെരുവിൽ തന്നെ തുടരുകയാണ്. നിരവധി പ്രക്ഷോഭകരെ പൊലീസ് അറസ്റ്റു ചെയ്തു.

പണിമുടക്കിന് പിന്തുണയേകി സംരംഭകരും നിർമാതാക്കളും

ഇസ്രായേലിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്റ്റാഡ്രട്ട് ആണ് തിങ്കളാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംഘടനയിൽ ഏകദേശം എട്ട് ലക്ഷം അംഗങ്ങളാണുള്ളത്. ഇസ്രായേലിലെ പ്രധാന നിർമാതാക്കളും ഹൈടെക് മേഖലയിലെ സംരംഭകരും പണിമുടക്കിന് പിന്തുണയേകി രംഗത്തുവന്നു. ഇസ്രായേൽ ബിസിനസ് ഫോറവും പണിമുടക്കിനെ പിന്തുണച്ചു. ഇതോടെ ഇസ്രായേലിന്റെ സമ്പദ് വ്യവസ്ഥ തന്നെ താളംതെറ്റി. ടെക് മേഖലയിലെ മുൻനിര കമ്പനികളായ വിക്സ്, ഫൈവർ, ഹണിബുക്ക്, പ്ലേയ്തിക, റിസ്കിഫീഡ്, ആപ്പ്സ് ഫ്ലൈർ, മൺഡേയ്.കോം, എ121 ലാബ്സ്, ലെമണേഡ് എന്നിവയെയെല്ലാം പണിമുടക്ക് ബാധിച്ചു.

ഇസ്രായേൽ നിർമാതാക്കളുടെ സംഘടനയും പണിമുടക്കിന് പിന്തുണയേകി. ബന്ദികളെ ജീവനോടെ തിരികെ എത്തിക്കാനുള്ള ധാർമിക ഉത്തരവാദിത്വത്തിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഇവർ കുറ്റപ്പെടുത്തി. എല്ലാ അഭിഭാഷകരോടും പണിമുടക്കിൽ പ​ങ്കെടുക്കാൻ ഇസ്രായേൽ ബാർ അസോസിയേഷൻ ഡയറക്ടർ അമിത് ബച്ചെർ ആഹ്വാനം​ ചെയ്തു.

തൊഴിലാളികൾ പണിമുടക്കിയതോടെ ഇസ്രായേലിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ബെൻ ഗുറിയോ തിങ്കളാഴ്ച രാവിലെ എട്ടോടെ അടച്ചിട്ടു. ആശുപത്രികളും ക്ലിനിക്കുകളും പരിമിതമായ നിലയിലാണ് പ്രവർത്തിച്ചത്. നിരവധി സർക്കാർ, മുനിസിപ്പൽ ഓഫിസുകളും തിങ്കളാഴ്ച അടച്ചിട്ടു. അധ്യാപകരും പണിമുടക്കിൽ സജീവമായതോടെ സ്കൂളുകളുടെ പ്രവർത്തനവും താറുമാറായി. തൊഴിലാളികൾ പണിമുടക്കിയതോടെ ട്രെയിൻ ഗതാഗതവും താളംതെറ്റി. ബാങ്കുകളുടെ പ്രവർത്തനവും നിലച്ചു.

രാജ്യം കണ്ട ഏറ്റവും വലിയ ​പ്രതിഷേധം

തൊഴിലാളി പണിമുടക്കിനോടൊപ്പം ബന്ദികളുടെ കുടുംബങ്ങൾക്കായി പ്രവർത്തിക്കുന്ന ഹോസ്റ്റാജ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറവും തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതോടെ 2023 ഒക്ടോബറിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമായി ഇത് മാറി. ഞായറാഴ്ച വൈകീട്ട് അഞ്ച് ലക്ഷത്തോളം പേരാണ് തെരുവിലിറങ്ങിയത്. മൂന്ന് ലക്ഷം പേർ അണിനിരന്ന മാർച്ചിനാണ് തെൽ അവീവ് സാക്ഷ്യം വഹിച്ചത്. പ്രതിഷേധക്കാർ നെതന്യാഹു സർക്കാറിനെതിരെ മു​​ദ്രാവാക്യങ്ങൾ മുഴക്കി. ​ഇവരെ അടിച്ചമർത്താൻ ശ്രമിച്ചതോടെ പൊലീസുമായി ഏറ്റുമുട്ടലുകളുണ്ടായി.

അതേസമയം, തീവ്ര വലതുപക്ഷ മന്ത്രിമാരായ ബെസാലെൽ സ്മോട്രിചും ഇറ്റാമർ ബെൻഗവിറും പ്രതിഷേധക്കാർക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. പണിമുടക്ക് അവസാനിപ്പിക്കാൻ അറ്റോണി ജനറൽ ഉത്തരവിടണമെന്ന് സ്മോട്രിച് ആവശ്യപ്പെട്ടു. ഹമാസ് തലവൻ യഹ്‍യ സിൻവാറിന്റെ സ്വപ്നമാണ് തൊഴിലാളി യൂനിയൻ സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണിമുടക്കിൽ പ​ങ്കെടുക്കുന്ന ആർക്കും ശമ്പളം നൽകരുതെന്നായിരുന്നു മന്ത്രി ബെൻഗവിറിന്റെ നിർദേശം. എന്നാൽ, പ്രതിഷേധ​ക്കാരെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് രംഗത്തുവന്നു. നെതന്യാഹു ഭരണകൂടം രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.  

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News