കെച്ചപ്പ് മാത്രം കഴിച്ച് 24 ദിവസം നടുക്കടലിൽ; യുവാവ് ഒടുവിൽ ജീവിതത്തിലേക്ക്
''സംസാരിക്കാൻ ആരുമില്ല. എവിടെയാണെന്ന് നിശ്ചയമില്ല,പലപ്പോഴും പ്രതീക്ഷകൾ നഷ്ടപ്പെട്ടു, കുടുംബത്തെ കുറിച്ചുള്ള ചിന്തകൾ എന്നെ വല്ലാതെ വേട്ടയാടി..''
കൊളംബിയ: കെച്ചപ്പ് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. സ്‌നാകിന്റെ കൂടെയോ മറ്റോ അൽപം കെച്ചപ്പ് മാത്രമാണ് എല്ലാവരും കഴിക്കാറുള്ളത്. എന്നാൽ കൊളംബിയിയിലെ ഒരു മനുഷ്യൻ 24 ദിവസം ജീവൻ നിലനിർത്തിയത് കെച്ചപ്പ് മാത്രം കഴിച്ചാണ്. അതും നടുക്കടലിൽ തനിച്ചൊരു ബോട്ടിൽ. പ്രതീക്ഷ നഷ്ടപ്പെട്ടിട്ടും ധൈര്യം കൊണ്ട് മാത്രം രക്ഷപ്പെട്ട കരീബിയയിലെ മത്സ്യത്തൊഴിലാളിയുടെ കഥയാണ് ഇത്.
47 കാരനായ എൽവിസ് ഫ്രാങ്കോയിസ് ദ്വീപ് രാഷ്ട്രമായ ഡൊമിനിക്ക സ്വദേശിയാണ് . ഡിസംബറിൽ നെതർലാൻഡ്സ് ആന്റിലീസിലെ കരീബിയൻ ദ്വീപായ സെന്റ് മാർട്ടനിലെ തുറമുഖത്ത് ബോട്ട് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കാലാവസ്ഥ മോശമാവുകയായിരുന്നു. തുടര്‍ന്ന് ബോട്ട് കടലിലേക്ക് ഒഴുകിപ്പോയി. കരയിലേക്ക് എത്താൻ വഴിയില്ലാതെ നടുക്കടലിൽ അദ്ദേഹം ഒറ്റപ്പെട്ടു. ആ ദിവസങ്ങളിൽ കെച്ചപ്പ് മാത്രം കഴിച്ചാണ് താൻ ജീവൻ നിലനിർത്തിയതെന്ന് ഫ്രാങ്കോയിസ് പറയുന്നു. കൊളമ്പിയൻ നാവിക സേന പുറത്തിറക്കിയ വീഡിയോയിലാണ് താൻ അനുഭവിച്ച ജീവിതത്തെ കുറിച്ച് അദ്ദേഹം പറയുന്നു.
''എനിക്ക് ഭക്ഷണമില്ലായിരുന്നു. ബോട്ടിലുണ്ടായിരുന്നത് വെറും ഒരു കുപ്പി കെച്ചപ്പ്, വെളുത്തുള്ളി പൊടി, മാഗി സ്റ്റോക്ക് ക്യൂബ്‌സ് എന്നിവ മാത്രമായിരുന്നു. ഇതെല്ലാം വെള്ളത്തിൽ കലർത്തിയാണ് ഞാൻ കഴിച്ചത്.'' വീഡിയോയിൽ ഫ്രാങ്കോയിസ് പറഞ്ഞു.'രക്ഷപ്പെടുന്നത് എങ്ങനെയെന്ന് ഒരു അറിവുമില്ലായിരുന്നു. 24 ദിവസം ആ നടുക്കടലിൽ ഒറ്റക്ക്,സംസാരിക്കാൻ ആരുമില്ല. എവിടെയാണെന്ന് നിശ്ചയമില്ല,പലപ്പോഴും പ്രതീക്ഷകൾ നഷ്ടപ്പെട്ടു,കുടുംബത്തെ കുറിച്ചുള്ള ചിന്തകൾ എന്നെ വല്ലാതെ വേട്ടയാടി'..അയാൾ പറഞ്ഞു.
ഒടുവിൽ 24 ാം ദിവസം അതുവഴി പോയ വിമാനമാണ് ഫ്രോങ്കോയിസിനെ കണ്ടെത്തിയത്. അതിന് മുമ്പ് നിരവധി കപ്പലുകൾ അതുവഴി പോയിരുന്നു.അവരുടെ ശ്രദ്ധപിടിച്ചുപറ്റാൻ കൊടി വീശുകയും തീ കാണിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. പിന്നീടാണ് ഒരു വിമാനം അതുവഴി പോകുന്നത്. കയ്യിലുള്ള കണ്ണാടിയിൽ സൂര്യപ്രകാശം പതിപ്പിച്ച് വിമാനത്തിലുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റുകയായിരുന്നു. ആ ശ്രമം വിജയിച്ചതായും ഫ്രാങ്കോയിസ് പറയുന്നു.
കൊളംബിയയിലെ പ്യൂർട്ടോ ബൊളിവറിന് വടക്ക് പടിഞ്ഞാറ് 120 നോട്ടിക്കൽ മൈൽ അകലെ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. ബോട്ടിന് പുറത്ത് ഹെൽപ് എന്ന് ഫ്രാങ്കോയിസ് കൊത്തിവെച്ചിട്ടുണ്ടായിരുന്നു. എയർക്രാഫ്റ്റ് ജീവനക്കാർ നാവികസേനയെ വിവരമറിയിച്ചു, തുടർന്ന് അവർ ഒരു വ്യാപാര കപ്പലിന്റെ സഹായത്തോടെ ഫ്രാങ്കോയിസിനെ രക്ഷപ്പെടുത്തുകയായിരുന്നു.
''അവർ രണ്ടുതവണ വിമാനം ബോട്ടിന് മുകളിലൂടെ കടന്നുപോയി, അതിനാൽ അവർ എന്നെ കണ്ടതായി എനിക്ക് മനസ്സിലായി. അവർകാരണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്. അവരോട് എന്നും നന്ദിയുള്ളവനായിരിക്കും''..അദ്ദേഹം പറയുന്നു..