ദിവസങ്ങൾ നീണ്ട തെരച്ചിൽ, അതീവജാഗ്രത: ആസ്‌ത്രേലിയയിൽ കാണാതായ ആണവവസ്തു കിട്ടി!
ഇന്ന് രാവിലെ റേഡിയേഷൻ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു വഴിയോരത്ത് നിന്നാണ് ക്യാപ്‌സ്യൂൾ കണ്ടെത്തിയത്
സിഡ്‌നി: രാജ്യത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി, ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ആസ്‌ത്രേലിയയിൽ കാണാതായ ആണവവസ്തു കണ്ടെത്തി. വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ക്യാപ്‌സ്യൂളാണ് കാണാതായത്. ചെറിയ ഒരു ഗുളികയുടെ വലിപ്പമേയുള്ളൂ എങ്കിലും അപകടകരമായ അളവിൽ അണുവികിരണമുണ്ടാക്കുന്നതിനാൽ ക്യാപ്‌സ്യൂളിനായി വ്യാപക തെരച്ചിലായിരുന്നു രാജ്യത്ത്.
ഇന്ന് രാവിലെ റേഡിയേഷൻ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു വഴിയോരത്ത് നിന്നാണ് ക്യാപ്‌സ്യൂൾ കണ്ടെത്തിയത്. റേഡിയേഷൻ കണ്ടെത്താനുള്ള ഉപകരണം വാഹനത്തിൽ ഘടിപ്പിച്ചായിരുന്നു പരിശോധന. നാളെ പെർത്തിലെ പ്രത്യേകം ക്രമീകരിച്ച സുരക്ഷാ സംവിധാനത്തിലേക്ക് ക്യാപ്‌സ്യൂൾ മാറ്റും.
ക്യാപ്‌സ്യൂളുമായി അധിക നേരം സമ്പർക്കം പുലർത്തേണ്ടി വന്നാൽ പത്ത് എക്‌സ്‌റേകൾ ഏൽക്കുന്നതിന് തുല്യമായിരിക്കും എന്നാണ് കിഴക്കൻ ആസ്‌ത്രേലിയയുടെ ചീഫ് ഹെൽത്ത് ഓഫീസർ ആൻഡ്രൂ റോബർട്ട്‌സൺ അറിയിച്ചിരുന്നത്. ആണവായുധം പോലെ അപകടകരമല്ലെങ്കിലും ത്വക്ക് രോഗങ്ങൾ,ക്യാൻസർ, എന്നിവയ്‌ക്കൊക്കെ കാരണമാകാവുന്ന ഉപകരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
നഷ്ടപ്പെട്ടിട്ട് രണ്ടാഴ്ചയിലധികമായി എന്നല്ലാതെ ഉപകരണം നഷ്ടപ്പെട്ടതിന്റെ കൃത്യമായ തീയതി വ്യക്തമായിരുന്നില്ല. ന്യൂമാൻ നഗരത്തിൽ നിന്നും പെർത്തിലെ സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ക്യാപ്‌സ്യൂൾ നഷ്ടപ്പെട്ടതാവാണെന്നാണ് കരുതുന്നത്. 1400 കിലോമീറ്ററാണ് ഇരു സ്ഥലങ്ങളും തമ്മിലുള്ള അകലം. അതുകൊണ്ടു തന്നെ തെരച്ചിലിനായി തെരഞ്ഞെടുത്ത സ്ഥലത്തിന്റെ ചുറ്റളവ് കിലോമീറ്ററുകളോളമുണ്ടായിരുന്നു.
റിയോ ടിന്റോ എന്ന വ്യവസായിയുടെ ഖനിയിൽ ഉപയോഗിച്ചു വന്നിരുന്നതാണ് 6 മില്ലിമീറ്റർ വീതിയും എട്ട് മില്ലിമീറ്റർ നീളവുമുള്ള ക്യാപ്‌സ്യൂൾ. ഇത് നഷ്ടപ്പെട്ടതിന് പിന്നാലെ ഇയാൾ മാപ്പു ചോദിച്ച് രംഗത്തെത്തിയിരുന്നു.