ശിക്ഷാ നടപടി വേഗത്തിലാക്കാൻ നീക്കം; നിമിഷ പ്രിയയുടെ മോചനത്തിൽ പ്രതീക്ഷ മങ്ങുന്നു
ശിക്ഷാ നടപടി വേഗത്തിലാക്കാൻ യെമനിലെ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകി
ദുബൈ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിൽ പ്രതീക്ഷ മങ്ങുന്നു. ശിക്ഷാ നടപടി വേഗത്തിലാക്കാൻ യമനിലെ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകി. യമൻ പൗരനെ കൊന്ന കേസിൽ ദിയാ ധനം നൽകി നിമിഷ പ്രിയയുടെ മോചനത്തിനുള്ള ശ്രമം തുടരുകയാണ്. മോചനത്തിനായി കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് നിമിഷയുടെ അമ്മ പ്രേമ മേരി ആവശ്യപ്പെട്ടു.
2017 ജൂലൈ 25നാണ് യമൻ പൗരനായ തലാൽ കൊല്ലപ്പെട്ടത്. യമനിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ, പാസ്‌പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷ പ്രിയയുടെ വാദം. യമൻ സ്വദേശിനിയായ സഹപ്രവർത്തകയുടെയും മറ്റൊരു യുവാവിന്‍റെയും നിർദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്.