ഇസ്രായേൽ സൈന്യം തകർത്ത നാസർ ആശുപത്രിയിൽ രോഗികൾ മരിച്ചു വീഴുന്നു
രക്ഷാപ്രവർത്തനത്തിനെത്തിയ ലോകാരോഗ്യ സംഘടന പ്രവർത്തകരെ ഇസ്രായേൽ സേന തടഞ്ഞു
ഗസ്സ: ഇസ്രായേൽ സൈന്യം കൈയ്യേറിയ ആശുപത്രിയിലെ രോഗികൾ മരിച്ചു വീഴുന്നു. വൈദ്യുതി വിച്ഛേദിച്ചിച്ചും ഓക്സിജൻ വിതരണം തടസപ്പെടുത്തിയതിനും പിന്നാലെ നാല് പേർ മരിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു.ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിന്റെ ചുമര് തകർത്താണ് കഴിഞ്ഞ ദിവസം ഇസ്രായേൽ സേന ആശുപത്രിക്കുള്ളിൽ കടന്നത്. ചികിത്സയിലുള്ള പലരെയും ഇന്നലെ വെടിവെച്ച് കൊന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇടനാഴികളിലും ആശുപത്രിക്ക് അകത്തും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ചികിത്സയിലുണ്ടായിരുന്നവർക്ക് അവശ്യമരുന്നുകളും ചികിത്സയും നിഷേധിക്കുന്ന ഇസ്രായേൽ സേന ഫലസ്തീനികളെ ക്രൂരമായി പീഡിപ്പിക്കുകയാണ്. നാസർ ആശുപത്രിയിലുള്ളവർക്ക് അടിയന്തരമായി ആതുരസേവനങ്ങളെത്തിക്കാൻ അനുവദിക്കണമെന്ന് ലോകാരോഗ്യ സംഘടന ഇസ്രായേലിനോട് ആവശ്യപ്പെട്ടു. നാസർ ഹോസ്പിറ്റലിൽ ചികിത്സ തേടിയ സാധാരണക്കാരെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. അതെ സമയം രക്ഷാപ്രവർത്തനത്തിനെത്തിയ ലോകാരോഗ്യ സംഘടന പ്രവർത്തകരെ ഇസ്രായേൽ സേന തടഞ്ഞു.
ഗുരുതര പരിക്കേറ്റ നിരവധി രോഗികൾ ഇപ്പോഴും ആശുപത്രിക്കുള്ളിൽ കിടന്ന് നരകിക്കുയാണെന്ന് ലോകാരോഗ്യ സംഘടന വക്താവ് താരിക് ജസരെവിച്ച് പറഞ്ഞു.ആശുപത്രിക്കുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ലോകാരോഗ്യ സംഘടനാ വക്താക്കൾ പറഞ്ഞു.നാസർ ആശുപത്രിയിൽ ഇസ്രായേൽ സേന നടത്തിയ അതിക്രമത്തിൽ പരിക്കേറ്റ മകളുടെ അരികിലിരുന്നു വിലപിക്കുന്ന സ്ത്രീയുടെ ചിത്രങ്ങൾ വാർത്തഏജൻസികൾ പുറത്തുവിട്ടു. ഇസ്രായേൽ സൈന്യത്തിന്റെ ആശുപത്രി അതിക്രമത്തിന് പിന്നാലെ ചികിത്സയിലുണ്ടായിരുന്ന രോഗികളിൽ പലരും ആശുപത്രികിടക്കകളിൽ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആശുപത്രികളും വീടുകളും സ്കൂളുകളും ലക്ഷ്യമിട്ട് ഇസ്രായേൽ സേന ബോംബാക്രമണം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഒക്ടോബറിൽ യുദ്ധം ആരംഭിച്ച ശേഷം 400 ലേറെ തവണയാണ് ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത്.യുദ്ധനിയമങ്ങളെല്ലാം കാറ്റിൽ പറത്തുന്ന നടപടികളാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.