യു.എൻ വെടിനിർത്തൽ പ്രമേയം പാസാക്കിയിട്ടും ആക്രമണം തുടർന്ന് ഇസ്രായേൽ; റഫയിൽ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് യു.എൻ രക്ഷാകൗൺസിൽ പ്രമേയം പാസാക്കിയത്.
ഗസ്സ: ഐക്യരാഷ്ട്രസഭ വെടിനിർത്തൽ പ്രമേയം പാസാക്കിയിട്ടും ഗസ്സക്ക് നേരെയുള്ള ആക്രമണം തുടർന്ന് ഇസ്രായേൽ. വടക്കൻ ഗസ്സയിലെ റഫയിൽ ഒരു വീടിന് നേരെ നടന്ന ആക്രമണത്തിൽ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിന് തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 32,333 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 74,694 പേർക്ക് പരിക്കേറ്റു.
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് യു.എൻ രക്ഷാകൗൺസിൽ പ്രമേയം പാസാക്കിയത്. യു.എസ് വീറ്റോ ചെയ്യാതെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഹമാസ് വെടിനിർത്തൽ പ്രമേയത്തെ സ്വാഗതം ചെയ്തിരുന്നു. പ്രമേയത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അത് പാലിക്കുന്നതിൽ ഇസ്രായേലും ഉത്തരവാദിത്തം കാണിക്കണമെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗവും മുതിർന്ന നേതാവുമായ ബാസിം നഈം പറഞ്ഞു.
ഗസ്സയിൽനിന്ന് ഇസ്രായേൽ സേന പൂർണമായും പിൻമാറണമെന്നും സ്ഥിരം വെടിനിർത്തൽ നടപ്പാക്കണമെന്നും ബാസിം നഈം ആവശ്യപ്പെട്ടു. മുഴുവൻ തടവുകാരെയും വിട്ടയക്കാൻ തങ്ങൾ സന്നദ്ധരാണെന്നും ഇസ്രായേൽ മുഴുവൻ ഫലസ്തീനികളെയും വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം യു.എൻ വെടനിർത്തിൽ പ്രമേയം അംഗീകരിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഗസ്സയിൽനിന്നുള്ള ഇസ്രായേലിന്റെ പിൻമാറ്റം അടക്കമുള്ള ഹമാസിന്റെ ആവശ്യങ്ങളെ വ്യാമോഹം എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്.