‘ഇൻഷാ അല്ലാഹ് തിരിച്ചു വരും, ഗസ്സ പുനർനിർമിക്കാൻ ഞാനുമുണ്ടാകും’ ഇസ്രായേൽ ക്രൂരതകൾ ലോകത്തെ അറിയിച്ച മുഅ്തസ് അസായിസ ഗസ്സയിൽ നിന്ന് മടങ്ങുന്നു
വേദനയുടെയും അനാഥത്വത്തിന്‍റെയും നഷ്ടപ്പെടലിന്‍റെയും വേട്ടയാടലിന്‍റെയും ദൃശ്യങ്ങളായിരുന്നു മാധ്യമപ്രവർത്തകൻ മുഅ്തസ് പകർത്തിയതെല്ലാം
ഇസ്രായേൽ ക്രൂരതകളും ഫലസ്തീന്റെ മുറിവുകളും ലോകത്തിന് മുന്നിൽ ചിത്രങ്ങളിലൂടെയും വാർത്തകളിലൂടെയും അടയാളപ്പെടുത്തിയ മാധ്യമപ്രവർത്തകൻ മുഅ്തസ് അസായിസ ഗസ്സയിൽ നിന്ന് മടങ്ങുന്നു. കഴിഞ്ഞ 109 ദിവസമായി യുദ്ധഭൂമിയിലുണ്ടായിരുന്ന അദ്ദേഹം, ഏറെ വേദനയോടെയാണ് കടുത്ത തീരുമാനമെടുത്ത കാര്യം ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.
‘ഈ യുദ്ധഭൂമിയിൽ നിന്ന് തിരിച്ചു പോകാനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ എല്ലാവർക്കും അറിയാം. എന്നാൽ അതുമാത്രമല്ല കാരണം’ മുഅ്തസ് അസായിസ പറഞ്ഞു. കഴിഞ്ഞ 109 ദിവസമായി വെള്ള പ്രതലത്തിൽ PRESS എന്നെഴുതിയ നീല ജാക്കറ്റണിഞ്ഞായിരുന്ന അസായിസ ഗസ്സയിൽ നിന്ന് ചിത്രങ്ങളും വിഡിയോകളും വാർത്തകളും പകർത്തിയതും ലോകത്തിന് മുന്നിലെത്തിച്ചതും. യുദ്ധഭൂമിയിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർ ചേർന്നാണ് യുദ്ധചരിത്രംകൂടി പേറുന്ന ആ ജാക്കറ്റ് അഴിച്ച് മാറ്റിയത്. ‘ഈ മണ്ണിൽ നിന്ന് മടങ്ങുകയാണ്, ക്ഷമിക്കണം, ഇൻഷാ അല്ലാഹ് ഉടൻ മടങ്ങിയെത്തും, ഗസ്സയെ പുനർനിർമ്മിക്കാൻ ഞാനുമുണ്ടാകും. മാധ്യമപ്രവർത്തകരായ സുഹൃത്തുക്കളെ ചേർത്തുപിടിച്ചുകൊണ്ട് അസായിസ ഇൻസ്റ്റാഗ്രാം വിഡിയോയിൽ വ്യക്തമാക്കി. പോസ്റ്റിന് താഴെ നിറഞ്ഞ കമന്റുകളിൽ പ്രാർഥനകളും ഐക്യദാർഡ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
യുദ്ധം തുടങ്ങിയതിന് പിന്നാലെ മാധ്യമപ്രവർത്തകരെ ഗസ്സയിൽ ഇസ്രായേൽ നിരന്തരമായി വേട്ടയാടിയിരുന്നു. ഇസ്രായേൽ അനുകൂല മാധ്യമങ്ങൾ യുദ്ധം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തപ്പോൾ മുഅ്തസ്സിനെ പോലുള്ള മാധ്യമപ്രവർത്തകരാണ് ഗസ്സയുടെ നേർചിത്രം ലോകത്തിന് മുന്നിലെത്തിച്ചത്.വേദനയുടെയും അനാഥത്വത്തിന്‍റെയും നഷ്ടപ്പെടലിന്‍റെയും വേട്ടയാടലിന്‍റെയും ദൃശ്യങ്ങളായിരുന്നു അസായിസ പകർത്തിയതെല്ലാം.ലോകത്തെ കരയിച്ച ചിത്രങ്ങളും വിഡിയോകളുമായിരുന്നു അചഞ്ചലമായ ധീരതയോടെ ലോകത്തിന് മുന്നിൽ അദ്ദേഹമെത്തിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് കരിയര്‍ തുടങ്ങിയ മുഅ്തസ് നിലവില്‍ യു.എൻ.ആർ.ഡബ്ല്യു.എയിൽ ( United Nations Relief and Works Agency ) ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ്.
യുദ്ധം തുടങ്ങുമ്പോൾ 25000 ൽ താഴേ ഫോളോവേഴ്സുണ്ടായിരുന്ന പ്രൊഫൈലിനെ ഇപ്പോൾ 18.23 മില്യൺ പേരാണ് പിന്തുടരുന്നത്. ഒപ്പമുണ്ടായിരുന്ന പല മാധ്യമപ്രവർത്തകരെയും ഇസ്രായേൽ ബോംബ് ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത് അദ്ദേഹം വേദനയോടെ പലപ്പോഴും പങ്കുവെച്ചിരുന്നു.
പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സ്വന്തം ജീവന്‍ പോലും നോക്കാതെ ഗസ്സയുടെ സത്യം ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നതിന് മുഅ്തസിനെ മിഡില്‍ ഈസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിക്യൂ മിഡില്‍ ഈസ്റ്റ് (GQ Middle East) എന്ന മാഗസിന്‍ 2023ലെ 'മാന്‍ ഓഫ് ദി ഇയര്‍' ആയി തെരഞ്ഞെടുത്തിരുന്നു.
അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന ബാല്യം
2002 ജനുവരി 30ന് ജനിച്ച മുഅ്തസ് അസായിസെൻ കുട്ടിക്കാലം ഗസ്സയിലെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു. ഗസ്സയിലെ അൽ-അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. ബിരുദം കയ്യിലുണ്ടായിരുന്നെങ്കിലും ജോലി എന്നത് ഒരു വിദൂര സ്വപ്നമായിരുന്നു. തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് മുഅ്തസ് അസായിസ് കരിയര്‍ ആരംഭിക്കുന്നത്. മൊതാസ് എന്ന ഫോട്ടോഗ്രാഫറുടെ മികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു എല്ലാം. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് സോഷ്യല്‍മീഡിയയില്‍ ഒരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുക്കാന്‍ മുഅ്തസിന് സാധിച്ചു. സർക്കാരിതര സംഘടനയായ മെഡെസിൻസ് ഡു മോണ്ടെ സ്യൂസെ ഉൾപ്പെടെയുള്ള കമ്പനികളുടെ ഫോട്ടോഗ്രാഫറായി അസൈസ പ്രവർത്തിച്ചിട്ടുണ്ട്. മിന്‍റ്പ്രസ് ന്യൂസ്, എബിസി ന്യൂസ് എന്നിവയുടെയും ഭാഗമായിട്ടുണ്ട്.
തുടർന്ന് ഈ വർഷം മാർച്ചിൽ യുഎൻആർഡബ്ല്യുഎ യുഎസ്എയിൽ ചേർന്ന അദ്ദേഹം ഗസ്സയിലെ സംഘര്‍ഷ ഭൂമിയില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മുഅ്തസിന്റെ ബന്ധുക്കളും കൊല്ലപ്പെട്ടിരുന്നുവെന്ന് ദ ന്യൂ അറബ് റിപ്പോർട്ട് ചെയ്യുന്നു. താനിപ്പോള്‍ ഇരുണ്ട സ്ഥലത്താണ് ജീവിക്കുന്നതെന്ന് ഔട്ട്‍ലെറ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ''കഴിഞ്ഞ 75 വര്‍ഷമായി ഫലസ്തീനികള്‍ അടിച്ചമര്‍ത്തപ്പെട്ടവരാണ്. ഞങ്ങളുടെ പോരാട്ടം ലോകം അറിയണം. എനിക്ക് ഹമാസുമായി ബന്ധമില്ല. ഞാൻ ജീവിതത്തെ സ്നേഹിക്കുന്നു, ആ ജീവിതം രീതിയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു. ഗസ്സയും ഫലസ്തീനും എന്നന്നേക്കും സംഘര്‍ഷഭൂമിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'' എന്നാണ് മുഅ്തസ് അന്ന് അഭിമുഖത്തില്‍ പറഞ്ഞത്.
സമാധാനവും സന്തോഷവും നിറഞ്ഞ ഗസ്സയുടെ കഴിഞ്ഞ കാലത്തെക്കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്തു. കുട്ടികള്‍ കളിക്കുന്നതിന്‍റെയും ഊഞ്ഞാലാടുന്നതിന്‍റെയും ചിത്രങ്ങള്‍ പകര്‍ത്തിയതും മൊതാസിന്‍റെ ഓര്‍മയിലുണ്ട്. ഇപ്പോള്‍ ഭക്ഷണം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കാൻ പാടുപെടുകയാണെന്നും സംഘർഷം അവസാനിപ്പിക്കാൻ ഒരു വഴി കണ്ടെത്തേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
ഗസ്സയിലെ മുറിവേറ്റവരുടെ ചിത്രങ്ങളാണ് മൊതാസിന്‍റെ ഇന്‍സ്റ്റഗ്രാം പേജ് നിറയെ.പരിക്കേറ്റ കുഞ്ഞുങ്ങളുമായി ആശുപത്രിയില്‍ നില്‍ക്കുന്ന മാതാപിതാക്കള്‍, അനാഥരായ കുഞ്ഞുങ്ങള്‍, സ്വന്തം കിടപ്പാടം വിട്ട് പലായനം ചെയ്യേണ്ടി വന്നവര്‍.മുഅ്തസിന്റെ ചിത്രങ്ങള്‍ പറയുന്നത് ഇസ്രായേലിന്‍റെ പൊറുക്കാനാവാത്ത അതിക്രമത്തിന്‍റെ കഥയാണ്.