പട്ടിണിയെങ്കിലെന്താ, ഇവിടെ സേഫാണ്! റഫായിലെ മൃഗശാലയിൽ അഭയംതേടി ഫലസ്തീനികൾ

സിംഹം, കുരങ്ങ് ഉൾപ്പെടെയുള്ള മൃഗങ്ങളുടെ കൂടിനു പരിസരത്തായി പ്ലാസ്റ്റിക് ഷെഡ് കെട്ടിയാണ് ഫലസ്തീനികൾ കഴിയുന്നത്

Update: 2024-01-02 06:24 GMT
Editor : Shaheer | By : Web Desk

മൃഗശാലയില്‍ കുരങ്ങിന് ഭക്ഷണം നല്‍കുന്ന ഫലസ്തീനി

Advertising

റഫാ: ''ആകാശത്ത് ചീറിപ്പായുന്ന യുദ്ധവിമാനങ്ങളെക്കാൾ കരുണയുള്ളവയാണു കൂടെക്കഴിയുന്ന മൃഗങ്ങൾ. അതിഗുരുതരമാണിവിടെ കാര്യങ്ങൾ''

മാസങ്ങൾ നീണ്ട ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗസ്സയിലെ ഫലസ്തീനികൾ കൊടുംപട്ടിണിയിലാണെന്ന് യു.എൻ മുന്നറിയിപ്പ് വന്നത് അടുത്ത ദിവസമാണ്. ഇപ്പോഴിതാ ഒരു നേരത്തെ അന്നമില്ലാതെ വിശന്നൊട്ടിയ വയറുമായി, ഒരേ മനസ്സോടെ ഒപ്പം കഴിയുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും കഥ വരുന്നു തെക്കൻ ഗസ്സയിലെ റഫായിൽനിന്ന്. ഇസ്രായേൽ ആക്രമണത്തിൽനിന്നു രക്ഷതേടി റഫായിലെ മൃഗശാലയിൽ അഭയം തേടിയ ഒരു ഫലസ്തീൻ യുവാവിന്റെ വാക്കുകളാണു മുകളിൽ കുറിച്ചത്.

റോയിട്ടേഴ്‌സ് ആണ് റഫായിലെ സ്വകാര്യ മൃഗശാലയിൽനിന്നുള്ള കാഴ്ചകൾ പുറത്തുവിട്ടത്. ഗൊമ എന്ന പേരിലുള്ള ഒരു ഫലസ്തീൻ കുടുംബം നടത്തുന്ന മൃഗശാലയിലാണിപ്പോൾ നിരവധി ഫലസ്തീനികൾ കഴിയുന്നത്. ഗസ്സയിൽ വീടും കിടപ്പാടവും നഷ്ടപ്പെട്ടാണ് ഇവർ ഇങ്ങോട്ടെത്തിയത്. കൂട്ടിലുള്ള വിശന്നുവലഞ്ഞ സിംഹങ്ങൾക്കും കുരങ്ങുകൾക്കുമൊപ്പമാണ് ഇപ്പോൾ ഇവരുടെ വാസം.

ഗൊമ കുടുംബത്തിലുള്ളവർ തന്നെയാണു മൃഗശാലയിൽ അഭയംതേടിയിരിക്കുന്ത്. സിംഹം, കുരങ്ങ് ഉൾപ്പെടെയുള്ള മൃഗങ്ങൾ ഇവിടെയുണ്ട്. ഇവയുടെ കൂടിനു പരിസരത്ത് പ്ലാസ്റ്റിക് ഷെഡ് കെട്ടിയാണ് ഫലസ്തീനികൾ കഴിയുന്നത്.

''ഇസ്രായേൽ ആക്രമണത്തിൽ ഒരുപാട് കുടുംബങ്ങൾ അപ്പാടെ തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ കുടുംബം ഇപ്പോൾ കഴിയുന്നത് ഈ മൃഗശാലയിലാണ്.''-ഗസ്സയിൽനിന്ന് പലായനം ചെയ്ത് റഫായിലെത്തിയ ഒരു ഫലസ്തീനി പറയുന്നു. ആകാശത്തെ യുദ്ധവിമാനങ്ങളെക്കാളും കരുണ ഈ മൃഗങ്ങൾക്കിടയിൽനിന്നു കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


യുദ്ധത്തിനുശേഷം മൃഗങ്ങളും കടുത്ത പട്ടിണിയിലാണുള്ളത്. ഒക്ടോബർ ഏഴിനുശേഷം മൃഗശാലയിലെ നാല് കുരങ്ങുകൾ ചത്തു. അഞ്ചാമത്തെ കുരങ്ങ് അവശനിലയിലാണെന്ന് മൃഗശാല ഉടമ അഹ്മദ് ഗൊമ പറയുന്നു. തക്കാളിയൊക്കെയാണു കുരങ്ങുകള്‍ക്ക് ഇപ്പോള്‍ വിശപ്പടക്കാന്‍ കൊടുക്കുന്നത്. കൂട്ടിലുള്ള സിംഹക്കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയും ആശങ്കയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഉണക്കറൊട്ടി നനച്ചു കൊടുത്താണ് അവയുടെ ജീവൻ നിലനിർത്താൻ കഷ്ടപ്പെടുന്നത്. അതിഗുരുതരമാണു കാര്യങ്ങളെന്നും അഹ്മദ് കൂട്ടിച്ചേർത്തു.


യുദ്ധം ആരംഭിച്ച ശേഷം ഈ സിംഹക്കുഞ്ഞുങ്ങളുടെ അമ്മയുടെ ശരീരഭാരം പാതിയായി കുറഞ്ഞിട്ടുണ്ട്. ദിവസവും ലഭിച്ചിരുന്ന ഇറച്ചി വിഭവങ്ങൾ ഇപ്പോൾ ആഴ്ചയിലെ ഉണക്കറൊട്ടിയിലൊതുങ്ങിയതു തന്നെയാണ് ഇതിനു കാരണം. മൃഗങ്ങളിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല ഇവിടെ മനുഷ്യരുടെ സ്ഥിതിയും. പലപ്പോഴും ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം കൊണ്ടൊക്കെ വിശപ്പടക്കേണ്ട സ്ഥിതിയിലാണിപ്പോൾ ഇവർ.

Summary: Palestinians shelter among starving animals at Rafah zoo

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News