ലാന്റിങ്ങിനിടെ നിയന്ത്രണം വിട്ട യുദ്ധവിമാനം തകർന്നു; അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റ്- വീഡിയോ വൈറൽ
825 കോടി രൂപ യുടെ യുദ്ധവിമാനമാണ് തകർന്നത്
ടെക്സാസ്: ലാന്റിങ്ങിനിടെ നിയന്ത്രണം വിട്ടുതകർന്ന യുദ്ധവിമാനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റ്. അമേരിക്കയിലെ നോർത്ത് ടെക്സാസ് സൈനിക താവളത്തിലാണ് അപകടം നടന്നത്. ഫോർട്ട് വർത്തിലെ നേവൽ എയർ സ്റ്റേഷൻ ജോയിന്റ് റിസർവ് ബേസിൽ എഫ്-35 ബി ഫൈറ്റർ ജെറ്റ് എന്ന വിമാനം ഇറക്കാൻ ശ്രമിക്കുമ്പോഴാണ് പൈലറ്റിന് നിയന്ത്രണം വിട്ടത്. ജെറ്റ് വിമാനത്തിന്റെ മുൻഭാഗം മണ്ണിൽ കുത്തിയാണ് നിർത്തിയത്. യുദ്ധവിമാനം തകർന്നപ്പോൾ ഉയര്‍ന്ന പുകക്കിടയില്‍നിന്ന് പൈലറ്റിന്റെ പാരച്യൂട്ട് ഉയരുന്നതും കാണാം. ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
പൈലറ്റ് സുരക്ഷിതനായെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 100 മില്യൺ ഡോളറിന്റെ (825 കോടി രൂപ)യുടെ യുദ്ധവിമാനമാണ് തകർന്നത്. യുഎസ് ഗവണ്‍മെന്‍റ് പൈലറ്റാണ് വിമാനം പറത്തിയതെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജനറൽ പാറ്റ് റൈഡർ വ്യാഴാഴ്ച പറഞ്ഞു. എന്നാൽ ജെറ്റ് അതിന്റെ നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിന്റെ ഉടമസ്ഥതയിലാണെന്നും ഇതുവരെ യുഎസ് സൈന്യത്തിന് കൈമാറിയിട്ടില്ലെന്നും പെന്റഗൺ പറഞ്ഞു.
F-35 crash-lands in Fort Worth, TX - pilot ejected 🇺🇸 #aviation pic.twitter.com/Ov7qXf0xad
— Houston Air Watch (@houstonairw) December 15, 2022
പൈലറ്റിന് കുഴപ്പമില്ലെന്ന് ഞങ്ങൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ടെന്ന്‌വൈറ്റ് സെറ്റിൽമെന്റ് പോലീസ് ഡിപ്പാർട്ട്മെന്റും പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വിമാനത്തിന്റെ നിർമ്മാതാക്കളായ ലോക്ഹീഡ് മാർട്ടിനും പ്രസ്താവനയിൽ പ്രതികരിച്ചു. രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനും ഉപയോഗിക്കുന്ന ന സിംഗിൾ-സീറ്റ്, സിംഗിൾ എഞ്ചിൻ, മൾട്ടി-റോൾ കോംബാറ്റ് എയർക്രാഫ്റ്റാണ് തകര്‍ന്നത്.